കൂറ്റൻ കാട്ടുപോത്തിന്റെ ശരീരം തീരത്തടിഞ്ഞു..മലവെള്ളത്തിന്റെ ശക്തിയിൽ അന്തംവിട്ടു നാട്ടുകാർ ..

കൂറ്റൻ കാട്ടുപോത്തിന്റെ  ശരീരം തീരത്തടിഞ്ഞു..മലവെള്ളത്തിന്റെ ശക്തിയിൽ അന്തംവിട്ടു നാട്ടുകാർ ..

കണമല : കൂറ്റൻ കാട്ടുപോത്തിന്റെ ശരീരം മലവെള്ളത്തിൽ ഒഴുകിയെത്തി നദിയുടെ തീരത്തു അടിഞ്ഞപ്പോൾ വാർത്തയറിഞ്ഞു നൂറുകണക്കിന് ആളുകൾ അപൂർവ ദൃശ്യം കാണുവാൻ ഓടിയെത്തി. ” പത്തന്പത്തിനായിരം രൂപയുടെ മുതലായിരുന്നു.. പോയില്ലേ ” ചിലർ അടക്കം പറഞ്ഞു . കാട്ടുപോത്ത് മാത്രമല്ല, പെരുമ്പാമ്പ് ഉൾപ്പെടെ ജീവനുള്ളതും ചത്തതുമായ നിരവധി വന്യജീവികൾ മലവെള്ളത്തിൽ ഒഴുകിപോകുന്നതിനു നാട്ടുകാർ സാക്ഷികളാണ്. അസാമാന്യ ശക്തിയുള്ള കാട്ടുപോത്തിനു പോലും മലവെള്ളത്തിൽ പിടിച്ചു നിൽക്കുവാൻ സാധിക്കുന്നില്ല എന്നത് പ്രളയത്തിന്റെ തീവ്രത എടുത്തുകാണിക്കുന്നു.. ഇത്തരമൊരു പ്രളയം പുതുതലമറയുടെ ഓർമയിൽ പോലുമില്ല.. ഇനി എന്താണ് അടുത്തത് എന്ന ഭീതിയിലാണ് നാട്ടുകാർ .. കടുവയുൾപ്പെടയുള്ള ജീവനുള്ള വന്യമൃഗങ്ങൾ ഒഴുകിയെത്തി തങ്ങളുടെ നാട്ടിൽ കയറുമോ എന്ന ആശങ്കയും അവരെ വിട്ടുമാറുന്നില്ല ..

എയ്ഞ്ചൽവാലി പാലത്തിനടുത്ത് പറയിടുക്കിലായിരുന്നു ജഡം കുടുങ്ങിക്കിടന്നത്. വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വടത്തിൽ തൂങ്ങി നദിയിൽ സാഹസികമായിറങ്ങി ജഡം കരക്കെത്തിക്കാൻ ഏറെ ക്ലേശിക്കേണ്ടിവന്ന വനപാലകരെ നാട്ടുകാർ സഹായിച്ചു. 100 കിലോയിലധികം ഭാരമുള്ള കാട്ടുപോത്തായിരുന്നു അത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ശബരിഗിരി പദ്ധതിയിലെ മൂന്ന് ഡാമുകൾ പമ്പയിലേക്ക് തുറന്നുവിട്ടതോടെയാണ് വെള്ളപ്പൊക്കം നദിയെ വിഴുങ്ങിയത്. പമ്പാ ക്ഷേത്രത്തിന് സമീപത്തെ കടകളിൽ വെള്ളം കയറി ഷീറ്റും മേൽക്കൂരയും ഗ്യാസ് സിലിണ്ടറുകളും ഫ്രിഡ്ജുമൊക്കെ ഒലിച്ചുപോയി.

പെരിയാർ കടുവ സങ്കേതത്തിൽ മൃഗങ്ങൾ പാലായനം ചെയ്തു. കാട്ടുപോത്തുകളും പെരുമ്പാമ്പുമൊക്കെ ചത്ത്‌ നദിയിലൂടെ ഒഴുകി. തീരങ്ങളിൽ നിന്നും വെള്ളം പുരയിടങ്ങളിലേക്കെത്തുമോയെന്ന ഭയത്തിൽ ഉറക്കമൊഴിച്ചിരുന്നു നാട്ടുകാർ.

പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കമാണ് പഴയ തലമുറയുടെ ഓർമയിലുള്ളത്. അന്നാണ് ആദ്യമായി എയ്ഞ്ചൽവാലിയിലെ പാലം വെള്ളത്തിനടിയിലായത്. അന്ന് നാട് ദിവസങ്ങളോളം ഒറ്റപ്പെട്ടു. അതിന് ശേഷം ഇതാദ്യമായി പാലം വെള്ളത്തിനടിയിലായത് കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിലായിരുന്നു.

കറുത്ത പാറ പോലെ പാറയുടെ ഇടുക്കിൽ വെള്ളത്തിൽ പൊന്തിക്കിടന്ന കാട്ടുപോത്തിന്റെ ജഡം ദുരന്തമാകാതെ ഒഴിഞ്ഞുപോയ വെള്ളപ്പൊക്കത്തിന്റെ തീവ്രതയുടെ നേർകാഴ്ചയായി മാറി. അഴുകി ജീർണിച്ച ജഡത്തിന്റെ ശരീരഭാഗങ്ങൾ വേർപെടാറായി ദുർഗന്ധം പരന്ന നിലയിലായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് ജഡം വനത്തിൽ മറവു ചെയ്തു. പഞ്ചായത്ത്‌ അംഗങ്ങളായ സോമൻ തെരുവത്ത്, അനീഷ്‌ വാഴയിൽ, കണമല ഫോറസ്ററ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തിയിരുന്നു.