പ്രൊഫ. റോണി കെ.ബേബി കെ.പി.സി.സി മാധ്യമ ഏകോപന സമിതിയിൽ

പ്രൊഫ. റോണി കെ.ബേബി കെ.പി.സി.സി മാധ്യമ ഏകോപന സമിതിയിൽ

പ്രൊഫ. റോണി കെ.ബേബി കെ.പി.സി.സി മാധ്യമ ഏകോപന സമിതിയിൽ

കാഞ്ഞിരപ്പള്ളി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ മാധ്യമങ്ങളുമായി ഏകോപിപ്പിക്കുന്നതിനു വേണ്ടി കെ.പി.സി.സി തലത്തിൽ രൂപീകരിച്ച മാധ്യമ ഏകോപന സമിതിയിലേക്ക് കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്രൊഫ. റോണി കെ. ബേബിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. നിലവിൽ കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് അധ്യാപകനുമായ റോണി ഗ്രന്ഥകാരനും നിരവധി മാധ്യമങ്ങളിൽ സ്ഥിരമായി പംക്തികൾ കൈകാര്യം ചെയ്യുന്ന വ്യക്തിയുമാണ്.

കെ.എസ്.യു ഉടുമ്പൻചോല താലുക്ക് സെക്രട്ടറിയായി സംഘടനാ പ്രവർത്തനം ആരംഭിച്ച റോണി നെടുംകണ്ടം എം.ഇ.എസ് കോളേജിൽ കെ.എസ്.യു പ്രവർത്തനത്തിന് നേതൃത്വം നൽകി. അരുവിത്തുറ സെന്റ് ജോർജ് കോളേജ് വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി, ഹൈദ്രാബാദ് കേന്ദ്ര സർവ്വകലാശാല യൂണിവേഴ്സിറ്റി ഡിസ്കഷൻ ഫോറത്തിന്റെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വിദ്യാർത്ഥി കാലഘട്ടത്തിൽ വഹിച്ചു.

2008 ൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് സേർച്ചിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ ഒരാളായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് പരിശീലനത്തിന്റെ സംസ്ഥാന കോ ഓർഡിനേറ്റർ, ദേശീയ സമിതി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

“നേർക്കാഴ്ച്ചകൾ”, “സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ്‌ വഞ്ചനകൾ”, “അന്യാധീനപ്പെടുന്ന ഭൂമി. കേരളത്തിലെ കോർപ്പറേറ്റ് ഭൂമി കയ്യേറ്റങ്ങളുടെ ചരിത്രം”, “ഫണം വിടർത്തുന്ന ഫാസിസം. ഹിന്ദുത്വ, പ്രത്യയശാസ്ത്രവും നിലപാടുകളും” എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ മെറീന ഹയർ സെക്കൻഡറി അധ്യാപികയാണ്.