നിർദിഷ്ട ശബരിമല വിമാനത്താവളം: ഇടപാടുകളിലെ ദുരൂഹത അവസാനിപ്പിക്കണം : പ്രൊഫ. റോണി കെ. ബേബി

നിർദിഷ്ട ശബരിമല വിമാനത്താവളം: ഇടപാടുകളിലെ ദുരൂഹത അവസാനിപ്പിക്കണം : പ്രൊഫ. റോണി കെ. ബേബി

ശബരിമല വിമാനത്താവളം : ലൂയി ബ്ഗറുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ദുരൂഹത അവസാനിപ്പിക്കണം. : ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി റോണി കെ. ബേബി

കാഞ്ഞിരപ്പള്ളി. മധ്യ തിരുവിതാംകൂറിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റ് ആയ ലൂയി ബ്ഗറിനെക്കുറിച്ചും ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചുമുള്ള ആരോപണങ്ങൾക്ക് വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകണം എന്ന്
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി റോണി കെ. ബേബി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം നിർദിഷ്ട്ട ശബരിമല വിമാനത്താവളത്തിന്റെ ദുരൂഹത നിറഞ്ഞ കരാർ നടത്തിപ്പിനെപ്പറ്റി ശ്കതമായി രീതിയിൽ അപലപിച്ചത്

വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ വിദേശ കമ്പനിക്ക് പദ്ധതിക്കുള്ള കരാർ നൽകിയതിൽ ദുരൂഹതയുണ്ട്. ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്നതിനാൽ പദ്ധതി പ്രദേശത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്ന കൺസൾട്ടൻസി കമ്പനി എന്തടിസ്ഥാനത്തിലാണ് 38 പേജുള്ള സാധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വ്യക്തമാക്കണം. ലൂയി ബ്ഗർ തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും വിമാനത്താവളത്തിനായി തർക്കത്തിലുള്ള ഭൂമി നഷ്ട്ടപരിഹാരം നൽകിക്കൊണ്ട് ഏറ്റെടുക്കാൻ ജൂൺ 18 ന് ഉത്തരവ് പുറപ്പെടുവിക്കയും ചെയ്തിരിക്കുകയാണ് . 1998 ൽ സുമിതാ എൻ. മേനോൻ കമ്മീഷൻ മുതൽ 2016 ൽ ഡോ രാജമാണിക്യം കമ്മീഷൻ വരെ എട്ടോളം കമ്മീഷനുകൾ സർക്കാരിന്റെ ഭൂമിയാണ് എന്ന് കണ്ടെത്തിയ സ്ഥലമാണ് ഇപ്പോൾ നഷ്ട്ടപരിഹാരം നൽകി ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്. സ്വകാര്യ വ്യക്തികൾ തമ്മിൽ തർക്കമുണ്ടെങ്കിൽ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവെച്ച് സർക്കാരിന് ഏറ്റെടുക്കാമെന്ന 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പ് വളച്ചൊടിച്ചു കൊണ്ട് സർക്കാർ ഭൂമിക്ക് നഷ്ട്ടപരിഹാരം നൽകാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിന് പിന്നിൽ വലിയ ഒത്തുകളിയും ഗൂഢാലോചനയുമാണ് ഉള്ളത്. ഹൈക്കോടതിയിലുള്ള കേസ്സിൽ സർക്കാർ എതിർ സത്യവാങ്ങ്മൂലം നൽകാതെ ഭൂമി ഏറ്റെടുക്കലിനുള്ള സ്റ്റേ നീണ്ടു പോകുന്നത് ഈ ഒത്തുകളിക്ക് ഉദഹാരണമാണ്.

കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഭൂമി കുംഭകോണമായ വിമാനത്താവള പദ്ധതിക്ക് പിന്നാമ്പുറത്ത് ചരടു വലിക്കുന്നത് ലൂയി ബ്ഗർ എന്ന കളങ്കിത കമ്പനിയാണ്. ഫോറിൻ കറപ്റ്റ് പ്രാക്റ്റീസസ് പ്രിവൻഷൻ ആക്റ്റ് പ്രകാരം 2015 ൽ ലൂയി ബ്ഗറിനെതിരെ അമേരിക്കയിലെ ഏറ്റവും ഉയർന്ന കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസ്സെടുക്കുകയും കോടതി 17 മില്യൻ ഡോളർ പിഴ ചുമത്തുകയും ചെയ്തതാണ്. ഇതിനെത്തുടർന്ന് കമ്പനിയെ ലോക ബാങ്ക് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ആസാമിലെ പദ്ധതികളിൽ അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്ന് 2017 നവംബർ നാലിന് ഗോഹട്ടി ഹൈക്കോടതി ലൂയി ബ്ഗറിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയും നവംബർ 30 ന് സി ബി ഐ കമ്പനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതാണ്. ഇതിനിടയിലാണ് ലൂയി ബ്ഗറിന് ശബരി വിമാനത്താവളത്തിന്റെ കൺസൾട്ടൻസി കരാർ നൽകിക്കൊണ്ട് നവംബർ 20 ന് മന്ത്രിസഭാ തീരുമാനം ഉണ്ടാകുന്നതും നവംബർ 24 ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്യുന്നത്. നിലവിൽ ലൂയി ബ്ഗറിനെതിരേ അഴിമതി ആരോപണങ്ങളുടെ പേരിൽ ആസാമിലും ഗോവയിലും സി ബി ഐ അന്വേഷണം നടന്നുവരികയാണ്. കളങ്കിത കമ്പനി എന്ന നിലയിൽ ലൂയി ബ്ഗറിന് കൺസൾട്ടൻസി കരാർ നൽകിയതിലും പദ്ധതി സ്ഥലം സന്ദർശിക്കുക പോലും ചെയ്യാതെ സാധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കിയതിലും ദുരൂഹതയുണ്ട്. കൂടാതെ സർക്കാരിന്റെ ഭൂമി സർക്കാർ തന്നെ നഷ്ട്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നീക്കത്തിലും ദുരൂഹതയുണ്ട്. അതിനാൽ നിലവിലുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്തി സുതാര്യമായി വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു. റോണി കെ. ബേബി പറഞ്ഞു .