പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാത പൂര്‍ത്തീകരണത്തിനായി സമരം

പൊന്‍കുന്നം: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) സമരം തുടങ്ങുന്നു. ശനിയാഴ്ച പാര്‍ട്ടി ചെയര്‍മാന്‍ കെ. എം. മാണി സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

സമരത്തിന് മുന്നൊരുക്കമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി യോഗം ചേര്‍ന്നു. പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം അധ്യക്ഷത വഹിച്ചു. 25 വര്‍ഷം മുമ്പ് തുടക്കം കുറിച്ച പദ്ധതിയുടെ പൊന്‍കുന്നം വരെയുള്ള ഭാഗം മാത്രമാണ് പൂര്‍ത്തീകരിച്ചത്. പൊന്‍കുന്നം – പുനലൂര്‍ റോഡിന്റെ ടെന്‍ഡര്‍ നടപടി പോലുമായില്ല. കോടികള്‍ മുടക്കി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തതാണ്. കര്‍ഷകര്‍ റോഡിനായി ഏറെ നഷ്ടം സഹിച്ചു. കൃഷി നശിച്ചു, വിലപിടിപ്പുള്ള മരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ വെട്ടി മാറ്റി. എന്നിട്ടും പൊതുമരാമത്തു വകുപ്പു മന്ത്രി കെ.എസ്.ടി.പി.യെ കുറ്റം പറഞ്ഞ് വാചകക്കസര്‍ത്തു നടത്തുകയാണെന്ന് യോഗം ആരോപിച്ചു. 2018ല്‍ പൂര്‍ത്തിയാക്കേണ്ട റോഡിന്റെ പണി തുടങ്ങാത്തതിനാല്‍ ലോകബാങ്കിന്റെ പണം നഷ്ടപ്പെടുത്തുമെന്നും യോഗം വിലയിരുത്തി.

ഡോ.എന്‍.ജയരാജ് എം.എല്‍.എ., എ.എം.മാത്യു ആനിത്തോട്ടം, സെബ്‌സ്റ്റിയന്‍ കുളത്തുങ്കല്‍, സണ്ണി വെട്ടിക്കാട്ട്, രാരിച്ചന്‍ റാന്നി, സജി വെട്ടുവേലില്‍, ഷാജി നല്ലേപ്പറമ്പില്‍, അപ്പച്ചന്‍ കുറുപ്പന്‍പറമ്പില്‍, ബോബച്ചന്‍ കൊണ്ടോടി, പി.ജെ.ജോണിക്കുട്ടി, കെ.എസ്.സെബാസ്റ്റിയന്‍, ജോണ്‍സി വാഴൂര്‍, ജെയിംസ് പള്ളിക്കത്തോട് എന്നിവര്‍ പ്രസംഗിച്ചു.