കൊറോണ ഭീതിയിൽ 12 വയസ്സുള്ള മകനെയും ചേർത്തുപിടിച്ച് പൂനയിൽ നിന്നും മുണ്ടക്കയത്തേക്കൊരു സാഹസിക യാത്ര ..

കൊറോണ ഭീതിയിൽ   12 വയസ്സുള്ള  മകനെയും ചേർത്തുപിടിച്ച് പൂനയിൽ നിന്നും മുണ്ടക്കയത്തേക്കൊരു സാഹസിക യാത്ര ..


മുണ്ടക്കയം : കൊറോണ വൈറസിന്റെ സാമൂഹിക വ്യാപന ഭീതിയിൽ രാജ്യമാകെ അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭീതിയിലായ പുണെയിലെ ഹോട്ടലിൽ ഷെഫായി ജോലി ചെയ്തിരുന്ന കെ.ജെ. ജോസഫ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല. എത്രയും പെട്ടെന്ന് നാട്ടിലെത്തുക എന്നത് മാത്രമായി ചിന്ത. മറുനാട്ടിലെക്കാൾ കൂടുതൽ സുരക്ഷിതം സ്വന്തം നാട്ടിലാണെന്നുള്ള തിരിച്ചറിവിൽ ആയിരുന്നു ആ തീരുമാനം. രാജ്യമാകെ ലോക്കഡൗണിൽ കഴിയുമ്പോൾ 12 വയസ്സുകാരൻ മകൻ റോഷന്റെ കൈയും പിടിച്ചു ജോസഫ് വീട്ടിൽ നിന്നും ഇറങ്ങി.

നാല് ദിവസത്തെ കഠിനയാത്രയ്ക്കു ശേഷം 1500 കിലോമീറ്ററുകൾ പിന്നിട്ട്, പ്രതിസന്ധികളെ ഓരോന്നായി മറികടന്ന് ആ അച്ഛനും മകനും കോട്ടയം വരെയെത്തി. ഇനി സ്വന്തം നാടായ മുണ്ടക്കയത്തേക്ക്..

പൊതുഗതാഗതം പൂർണമായി നിലച്ച സാഹചര്യത്തിൽ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റർ താണ്ടിയത്. 25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയിൽനിന്നു തിരിച്ചു. വെള്ളവും വഴിയരികിലെ കടകളിൽനിന്നു ലഭിച്ച പഴങ്ങളുമായിരുന്നു പലപ്പോഴും ഭക്ഷണം.

എൽപിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു ആദ്യത്തെ യാത്ര. 26ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എൽപിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാൽ 27ന് ഉച്ചയ്ക്ക് കൊച്ചിയിൽ ഇറങ്ങി.

വൈറ്റില പൊലീസ് ഇടപാടു ചെയ്തു നൽകിയ കാറിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഇവിടെ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതർ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടർന്ന് ഇവരെ  കോട്ടയം ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി.
പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അധികാരികൾ സമ്മതിച്ചാൽ മുണ്ടക്കയത്തെക്ക് യാത്ര തിരിക്കാം. അല്ലെങ്കിൽ 14 ദിവസം കോട്ടയത്ത് ഐസലേഷൻ വാർഡിൽ കഴിയണം .