പുണ്യം…പൂങ്കാവനം പദ്ധതി, റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ എരുമേലിയിൽ ബൃഹത് ശുചീകരണം നടന്നു

പുണ്യം…പൂങ്കാവനം പദ്ധതി, റേഞ്ച്  ഐ.ജിയുടെ നേതൃത്വത്തിൽ എരുമേലിയിൽ ബൃഹത് ശുചീകരണം നടന്നു

എരുമേലി: ശബരിമല തീര്‍ഥാടനം പവിത്രവും ,മാലിന്യരഹിതവുമാക്കുന്നതിനായി പുണ്യം…പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലിയിൽ ശുചീകരണവും,ബോധവൽകരണവും നടന്നു . റേഞ്ച് ഐ.ജി.പി.വിജയന്‍ നേതൃത്വം നല്കിയ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ എരുമേലി സെന്റ് തോമസ് ,കണമല സാന്‍തോം,ഉമ്മിക്കുപ്പ സെന്റ് മേരീസ്, മണിമല സെന്റ് ജോര്‍ജ് സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും, എം.ഇ.എസ് കോളേജ് വിദ്യാര്‍ഥികളും, റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍,ദേവസ്വം,ജമാഅത്ത് പ്രതിനിധികള്‍,ലീഗൽ സര്‍വ്വീസ് അതോറിറ്റി, സേവാസമാജം തുടങ്ങി ആയിരത്തോളം ആള്‍ക്കാര്‍ ശുചീകരണത്തിൽ പങ്കെടുത്തു.

പദ്ധതി ഉദ്ഘാടനം ചെയ്ത റേഞ്ച് ഐ.ജി. ധര്‍മ്മശാസ്താ ക്ഷേത്രം മുതൽ വാവര് പള്ളി വരെ ശുചീകരണത്തിൽ പങ്കാളിത്തം വഹിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന ശുഭയാത്ര ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക് ഫ്‌ളാഗ് ഓഫ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ
സ്‌പെഷ്യൽ ഓഫീസര്‍ ജേക്കബ്‌ ജോബ്, അശോക് കുമാര്‍, ഇമ്മാനുവൽ പോള്‍, ടി.ഡി.സുനിൽ കുമാര്‍, മനോജ്.എം. എന്നിവർ നേതൃത്വം നല്കി.
സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍, ജി.ബൈജു, പി.എ.ഇര്‍ഷാദ്, മുജീബ്‌റഹ്മാന്‍, തോമസ്‌കുര്യന്‍, കെ.വിജയകുമാര്‍, കെ.എം.രാധാകൃഷ്ണപിള്ള, എം.കെ.അനന്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.