കാഞ്ഞിരപ്പള്ളി ശുചീകരിക്കുവാൻ “പുണ്യം കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി ശുചീകരിക്കുവാൻ  “പുണ്യം കാഞ്ഞിരപ്പള്ളി”  പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: പട്ടണത്തെയും പരിസരപ്രദേശങ്ങളെയും ശുചീകരിക്കുന്നതിന് “പുണ്യം കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് തുടക്കമായി . പദ്ധതി കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ സ്വാതന്ത്രദിനാഘോഷദിനമായ വ്യാഴാഴ്ച രാവിലെ ഡി. വൈ. എസ്. പി സന്തോഷ് കുമാര്‍ ജെ. ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗണിലേയും, ബസ് സ്റ്റാന്റിലേയും മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജനമൈത്രി അംഗങ്ങൾ, എസ്.പി.സി കേഡറ്റുകൾ, അദ്ധ്യാപകർ, ആശാവർക്കർമാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി. ശുചീകരണ പ്രവർത്തനങ്ങളിൽ ഡി.വൈ.എസ്.പിയും ഉത്സാഹപൂർവ്വം പങ്കെടുത്തു.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ബോധവത്ക്കരണവും നൽകി. റോഡിലേക്ക് വേസ്റ്റ് എറിയുന്നത് കർശനമായി വിലക്കി. വേസ്റ്റ് ഇടുന്നതിനു ഓരോ കടയുടെ മുൻപിലും വേസ്റ്റ് ബോക്സ് വയ്ക്കണമെന്നും, അത് വയ്ക്കാത്തവർക്കു ആയിരം രൂപ ഫൈൻ ഇടുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന പൊതുകിണറും പ്രവർത്തകർ ശുചിയാക്കി. കിണറിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന വലയിൽ എലിയും കാക്കയും ചത്തുകിടക്കുന്നതു കണ്ടത് വിവാദമായി. പൊതുകിണറ്റിൽ നിന്നും കടകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് അടിയന്തിരമായി നിർത്തിവയ്ക്കുവാൻ നടപടികൾ സ്വീകരിച്ചു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ നീരീക്ഷണമടക്കമുള്ള തുടർ നടപടികൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

കാഞ്ഞിരപ്പള്ളി എസ്. എച്ച്. ഒ സോൾജി മോൻ, എസ്. ഐ. മുകേഷ് റ്റി.ഡി, ജനമൈത്രി കോർഡിനേറ്റർ ഷിബു എം.എസ്, വാർഡ് മെമ്പർ ബീനാ ജോബി, ജനമൈത്രി അംഗങ്ങളായ കൃഷ്ണ കിഷോർ, രാജു സി.ജി, റ്റോമി ജോസഫ് പന്തലാനി, ഷാജി ആനിത്തോട്ടം, എസ്.പി.സി കോർഡിനേറ്റർ തോമസ് ചാക്കോ തുടങ്ങിയവർ ശൂചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി

കിണറിനു മുകളിൽ മാലിന്യം… കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിലെ പൊതുകിണർ അടക്കുവാൻ തീരുമാനമായി..

കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ “പുണ്യം കാഞ്ഞിരപ്പള്ളി” പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന പൊതുകിണർ ശുചീകരിച്ചപ്പോൾ കിണറിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന വലയിൽ വലിയ തോതിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നതും, എലിയും കാക്കയും ചത്തുകിടക്കുന്നതും കണ്ടത് വിവാദമായി. പൊതുകിണറ്റിൽ നിന്നും സ്റ്റാൻഡിലെ കടകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് അടിയന്തിരമായി നിർത്തിവയ്ക്കുവാൻ പോലീസ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു. കിണർ ശുദ്ധീകരിച്ച ശേഷമേ കിണറ്റിലെ വെള്ളം ഉപയോഗിക്കാവൂ എന്നും നിർദേശം നൽകി.
കിണറ്റിൽ എന്നും എടുക്കുന്ന വെള്ളം, ടോയ്‌ലെറ്റ് ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും വാർഡ് മെമ്പർ ബീനാ ജോബി പറഞ്ഞു.