എരുമേലി വൃത്തിയാക്കുവാൻ വിദേശ വനിതകളും..

എരുമേലി: എരുമേലിയിൽ നടന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണത്തിൽ രണ്ടു വിദേശ വനിതകൾ പങ്കെടുത്തത് കൗതുകമായി. മതമൈത്രിയുടെ പേരിൽ ലോകപ്രസിദ്ധമായ എരുമേലി സന്ദർശിക്കുവാൻ എത്തിയ രണ്ടു ജർമൻ വനിതകളാണ് എരുമേലി വൃത്തിയാക്കുവാൻ പോലീസ് ഉദോഗസ്ഥരോടൊപ്പം കൂടിയത്. ചപ്പും ചവറുമൊക്കെ പെറുക്കി മാറ്റി ഏറെ സമയം എരുമേലിയിൽ ചെലവിട്ടിട്ടാണ് രണ്ടുപേരും മടങ്ങിയത്.
പോലീസുകാർക്ക് ഇവരുടെ പങ്കാളിത്തം ആവേശകരമായ അനുഭവമായിരുന്നു. വിദേശികൾ നൽകിയ പിന്തുണയും പങ്കാളിത്തവും വലിയ അംഗീകാരമായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശബരിമലയിലും എരുമേലിയിലും വിജയകരമായ ശുചിത്വ പരിപാലന പരിപാടിയായ പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണത്തിലാണ് വിദേശികളുടെ പങ്കാളിത്തം ശ്രദ്ധേയമായത്.
ഇന്നലെ ശുചീകരണത്തിന് പദ്ധതി അസിസ്റ്റന്റ് സ്പെഷൽ ഓഫീസർ ഡിവൈഎസ്പി സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം നിർവഹിച്ചു. സിഐ ടി.ഡി. സുനിൽകുമാർ, എസ്ഐ ശ്രീജിത്ത്, എഎസ്ഐ ഷിബു എന്നിവർ നേതൃത്വം നൽകി.