കാഞ്ഞിരപ്പള്ളിയിൽ നന്മമരം പൂത്തു ; ടാറിൽ മുങ്ങിയ പട്ടികുഞ്ഞുങ്ങളെ ഒരു സംഘം യുവാക്കൾ മണിക്കുറുകൾ നീണ്ട പരിശ്രമത്തിൽ രക്ഷിച്ചെടുത്തു

കാഞ്ഞിരപ്പള്ളിയിൽ നന്മമരം പൂത്തു ; ടാറിൽ മുങ്ങിയ  പട്ടികുഞ്ഞുങ്ങളെ ഒരു സംഘം യുവാക്കൾ മണിക്കുറുകൾ നീണ്ട പരിശ്രമത്തിൽ രക്ഷിച്ചെടുത്തു

കാഞ്ഞിരപ്പള്ളി: ഇന്നത്തെ ചെറുപ്പക്കാരുടെ നന്മ പൂർണമായും വറ്റിയിട്ടില്ല, അവരിലും കാരുണ്യമുള്ള ഹൃദയമുള്ളവരും ഉണ്ട്. അല്ലായിരുന്നെകിൽ ജനിച്ചുവീണു അധികം പ്രായമില്ലാതെ ആ ഒന്പതു പട്ടികുഞ്ഞുങ്ങൾക്കു പുതുജീവൻ ലഭിക്കില്ലായിരുന്നു.. ആരായാലും ഒന്ന് തൊടുവാൻ പോലും മിനക്കെടാത്ത തരത്തിൽ, ടാർ നിറഞ്ഞിരുന്ന വീപ്പയിൽ വീണ് ടാറിൽ മുങ്ങിയ ഒൻപതു പട്ടി കുഞ്ഞുങ്ങളെ ഒരു സംഘം ചെറുപ്പക്കാർ രക്ഷിച്ചെടുത്തപ്പോൾ അത് അറിഞ്ഞുകേട്ടവർ ഹൃദയത്തെ നിറഞ്ഞ രീതിയിൽ അവരെ ആശംസകൾ കൊണ്ട് മൂടി. അവർക്കും വേണമെങ്കിൽ മറ്റു ഭൂരിഭാഗം ചെറുപ്പക്കാരും ചെയ്യുന്നതുപോലെ മൊബൈൽ ഫോണിൽ ആ ദയനീയ സംഭവം ബാക്ക്ഗ്രൗണ്ട് ആക്കി സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു ലൈക്കും കമന്റുകളും നേട്ടമായിരുന്നു.. എന്നാൽ നോബിയും, വിഷ്ണുവും , അഭിജിത്തും വേറെയൊരു ലെവലിലായിരുന്നു..നാമയുടെയും കാരുണ്യത്തിന്റെയും ലെവലിൽ..

കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള തുമ്പമടയിലാണ് സംഭവം. തുമ്പമടയിലുള്ള ഒരു പാറമടയോടനുബന്ധിച്ചുള്ള ഷെഡ്ഡിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടികൾ പട്ടി കുഞ്ഞുങ്ങൾ കരയുന്ന ശബ്ദം കേട്ട് നോക്കിയതോടെയാണ് പട്ടി കുഞ്ഞുങ്ങൾ ടാറിൽ മുങ്ങി കിടക്കുന്നതു കണ്ടത്.

തുമ്പമട സ്വദേശി നോബി, മറ്റത്തിൽ വിഷ്ണു, പഴുക്കാപ്ലാക്കൽ അഭിജിത്ത് എന്നിവർ ചേർന്ന്‌ വീപ്പയ്ക്കുള്ളിലേക്ക് സൺ ഫ്ളവർ ഓയിൽ ഒഴിച്ച് ടാദിന്റെ കാഠിന്യം കുറച്ചു. തുടർന്ന് ടാർ വീപ്പ കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെത്തിച്ച് രണ്ടായിട്ട് മുറിച്ചുമാറ്റി. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാരംഭിച്ച ‘ശുശ്രൂഷാ ‘പുലർച്ചെ 4.30 വരെ തുടർന്നു. ബുധനാഴ്ച രാവിലെ പട്ടി കുഞ്ഞുങ്ങളെ കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിലെത്തിച്ച് മുറിവുകളിൽ മരുന്നു വെച്ച് പരിചരിച്ചു.

ജോബി, സ്റ്റാൻലി, മനു അലോഷ്യമ്പ് എന്ന നാലു പേരുടെ വാട്ട്സ് അപ് കൂട്ടായ്മയും, ഫ്രണ്ട്സ് ഓഫ് അനിമൽ എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പട്ടി കുട്ടികളെ രക്ഷിച്ചെടുത്തത്. കോട്ടയത്തെ വെറ്ററിനറി ഡോക്ടര ബിജുവും ചേർന്ന് നൽകിയ ഉത്തേജനമാണ് പട്ടി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ മൂന്നു ചെറുപ്പക്കാർക്ക് മാർഗ്ഗനിർദ്ദേശമായത്.
ടാറിൽ നിന്നും രക്ഷപ്പെടുത്തിയെടുത്ത രണ്ടാഴ്ച മാത്രം പ്രായമുള്ള പട്ടി കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന ചിന്തയോടെ ഈ മൂവർ സംഘം കുഞ്ഞുങ്ങളെ കൂട്ടിൽ വെച്ചശേഷം മാറി നിന്നതോടെ തള്ള പട്ടിയെത്തി പട്ടി കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. പട്ടികുഞ്ഞുങ്ങളുടെ സുരക്ഷാ ഉറപ്പു വരുത്തിയ ശേഷമാണു യുവാക്കൾ സ്ഥലത്തു നിന്നും പോയത്.
പട്ടി കുഞ്ഞുങ്ങൾക്ക് സംരക്ഷകരയായി മാറിയ യുവാക്കൾക്ക് ഇതോടെ സംതൃപ്തിയായി. സോഷ്യൽ മീഡിയയിൽ മുഴുകി മറ്റെല്ലാം മറന്നു ജീവിക്കുന്ന ഇന്നത്തെ തലമുറയിൽ ഇവരെ പോലെ അപ്പൂർവം ചില നന്മയുടെ മിന്നലാട്ടവും ദർശിക്കുവാൻ സാധിക്കും..