വനപാലകർ ഒഴിവാക്കിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടിച്ചുകൊടുത്തു സ്വന്തം സുരക്ഷ ഉറപ്പാക്കി

വനപാലകർ ഒഴിവാക്കിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടിച്ചുകൊടുത്തു സ്വന്തം സുരക്ഷ  ഉറപ്പാക്കി

എരുമേലി : എരുമേലി ടി ബി റോഡിൽ രാത്രിയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടിക്കുന്ന കാര്യത്തിൽ നിയമപ്രശ്നനങ്ങൾ പറഞ്ഞു വനപാലകർ വൈകിപ്പിച്ചപ്പോൾ, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ നാട്ടുകാർ സംഘടിച്ചു പാമ്പിനെ പിടിച്ചു വനപാലർക്കു കൈമാറി സ്വന്തം സുരക്ഷ ഉറപ്പാക്കി. പാമ്പു കയറിയൊളിച്ച പൊതുമരാമത്ത് വക സംരക്ഷണ ഭിത്തി പൊളിക്കുന്നതിനു വനപാലകർക്കു പൊതുമരാമത്ത് വകുപ്പിന്റെ രേഖാമൂലമുള്ള അനുമതി ആവശ്യമായിരുന്നു. എന്നാൽ നാട്ടുകാർക്ക് അത് പൊളിക്കുന്നതിനു യാതൊരു രേഖയുടെയും ആവശ്യമുണ്ടായിരുന്നില്ല. അവർ അത് പൊളിച്ചടുക്കി പാമ്പിനെ കൈയോടെ പിടികൂടി വനപാലകർക്കു കൈമാറി. എല്ലാം ശുഭം.

വെള്ളിയാഴ്ച രാത്രിയിൽവെച്ചൂച്ചിറ സ്വദേശിയായ യുവാവ് ടി ബി റോഡിൽ കൂടി ബൈക്കിൽ വരുമ്പോൾ റോഡിന് കുറുകെ ഭീമൻ പെരുമ്പാമ്പ് നീങ്ങുന്നത് കണ്ടു. . പരിഭ്രാന്തനായ യുവാവ് നൈറ്റ്‌ പട്രോളിംഗിന് ആ സമയത് ആ വഴി ജീപ്പിൽ വന്ന പോലീസ് സംഘത്തിനോട് വിവരം പറഞ്ഞു. പോലീസ് അറിയിച്ചതനുസരിച്ചു വനപാലകരും സ്ഥലത്തെത്തി. . കയ്യാലയുടെ പൊത്തിനുള്ളിൽ കയറിക്കൂടിയ പാമ്പിനെ രാത്രിയിൽ പിടിക്കുക ദുഷ്കരമായതിനാൽ അവർ ശ്രമം ഉപേക്ഷിച്ചു മടങ്ങിയപ്പോൾ പിറ്റേന്ന് നാട്ടുകാർ സംഘടിച്ച് കയ്യാല പൊളിച്ചു പാമ്പിനെ പിടിച്ചു ചാക്കിലാക്കി വനപാലകർക്ക് കൈമാറി.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ച പാമ്പ് പിടുത്തം ലക്ഷ്യം കണ്ടത് ഉച്ചയോടെ. എരുമേലി ടി ബി റോഡിൽ പഴയതാവളം ഗ്രൗണ്ടിൽ റോഡിന്റെ സംരക്ഷണഭിത്തിയിൽ പൊത്തിനുള്ളിലായിരുന്നു ഭീമൻ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവ് ആണ് ബൈക്കിൽ വന്നപ്പോൾ റോഡിന്റെ കുറുകെ പാമ്പിനെ കണ്ടത്. പോലീസും വനപാലകരും എത്തിയെങ്കിലും പാമ്പ് കയ്യാലപൊത്തിനുള്ളിൽ കയറിക്കൂടിയതിനാൽ പിടിക്കാൻ പൊതുമരാമത്ത് വക സംരക്ഷണ ഭിത്തി പൊളിക്കേണ്ടിവരുമെന്നുള്ളത് തടസമായി. അനുമതി കിട്ടിയ ശേഷം കയ്യാല പൊളിച്ചു പാമ്പിനെ പിടികൂടാമെന്നറിയിച്ച് ഇവർ മടങ്ങി. ഇതോടെയാണ് ഇന്നലെ രാവിലെ നാട്ടുകാർ ശ്രമം ഏറ്റെടുത്തത്. കയ്യാല ഭാഗികമായി പൊളിച്ചുനീക്കി അഞ്ച് പേർ ചേർന്ന് പാമ്പിനെ വലിച്ചുയർത്തി പിടികൂടുകയായിരുന്നു.