ഇറച്ചി വ്യാപാരശാലകളില്‍ കർശന പരിശോധന : കാഞ്ഞിരപ്പള്ളിയിൽ 1500 കിലോ പോത്തിറച്ചി നശിപ്പിച്ചു

ഇറച്ചി വ്യാപാരശാലകളില്‍  കർശന പരിശോധന : കാഞ്ഞിരപ്പള്ളിയിൽ 1500 കിലോ പോത്തിറച്ചി നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി ∙ ടൗണിൽ ചട്ടം ലംഘിച്ച് പ്രവർത്തിച്ചുവന്ന ഇറച്ചിക്കടകളിൽ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 1500കിലോഗ്രാം പോത്തിറച്ചിയും 50 കിലോഗ്രാം കോഴിയിറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ വിൽപനയ്ക്ക് വച്ചിരുന്ന ഇറച്ചിയാണ് പിടികൂടി നശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ടൗണിലെ 10 ഇറച്ചിക്കടകളിൽ നടത്തിയ പരിശോധനയിൽ എട്ട് കടകളിൽനിന്ന് ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു.

റാന്നി സ്വദേശി അനിൽകുമാർ ആരോഗ്യ വകുപ്പിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫിസർ കടകളിൽ പരിശോധന നടത്താൻ നിർദേശം നൽകിയത്. കോൾഡ് സ്റ്റോറേജ് പ്രവർത്തിപ്പിക്കുന്നതിനു വേണ്ട ലൈസൻസ് എടുത്ത ശേഷം ഇതിന്റെ മറവിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറച്ചി തൂക്കിയിട്ട് പ്രദർശിപ്പിച്ചാണ് വിൽപന നടത്തിവന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കടക്കാരുടെ കൈവശമുണ്ടായിരുന്നില്ല. ഇറച്ചിക്കായി മാടുകളെ അറുത്തത് നിയമപരമായി പ്രവർത്തിക്കുന്ന സ്ലോട്ടർ ഹൗസുകളിലല്ലെന്നും കണ്ടെത്തി. മാടുകളെ അറുക്കുന്നതിനു മുൻപും ശേഷവും അംഗീകൃത വെറ്ററിനറി സർജൻ പരിശോധിച്ച് ഇവ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇറച്ചി തൂക്കിയിട്ട് പ്രദർശിപ്പിച്ച് വിൽക്കരുതെന്ന നിയമം ലംഘിച്ചും വൃത്തിഹീനമായ സ്ഥലത്തും ദുർഗന്ധം വമിക്കുന്ന തരത്തിലുമാണ് കടകൾ പ്രവർത്തിച്ചുവന്നതെന്നും പരിശോധനയിൽ കണ്ടെത്തി. പല കടകളിലും ആവശ്യത്തിനു ഫ്രീസറോ, വൈദ്യുതി തടസ്സമുണ്ടായാൽ ബദൽ സംവിധാനമായി ജനറേറ്ററോ ഉണ്ടായിരുന്നില്ല. പുത്തനങ്ങാടിയിൽ പ്രവർത്തിച്ചുവന്ന ഒരു ഇറച്ചിക്കടയുടെ അടച്ചിട്ടിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഇറച്ചി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.

കടയുടമയുടെ കൈവശമുള്ള ലൈസൻസിന്റെ കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. കോൾഡ് സ്റ്റോറേജുകളുടെ ലൈസൻസുള്ള കടകൾ മാനദണ്ഡങ്ങൾ പാലിച്ച് കോൾഡ് സ്റ്റോറേജുകളായി തുടർന്ന് പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പിടിച്ചെടുത്ത ഇറച്ചി പഞ്ചായത്ത് വക സ്ഥലത്ത് കുഴിച്ചുമൂടി. ജില്ലാ ഹെൽത്ത് ഓഫിസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് പൊലീസിന്റെ സഹായത്തോടെ ഇറച്ചിക്കടകളിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ നടത്തുമെന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

ഇറച്ചി വ്യാപാരശാലകളില്‍ കർശന പരിശോധന : കാഞ്ഞിരപ്പള്ളിയിൽ 1500 കിലോ പോത്തിറച്ചി പിടിച്ചെടുത്തു