എയ്ഞ്ചൽവാലി പാലം മുങ്ങി ..വന്യമൃഗങ്ങൾ വെള്ളത്തിലൂടെ ഒഴുകുന്നു.. പോലീസിന്റെ കർശന ജാഗ്രതാ നിർദേശം

എയ്ഞ്ചൽവാലി പാലം മുങ്ങി ..വന്യമൃഗങ്ങൾ വെള്ളത്തിലൂടെ ഒഴുകുന്നു.. പോലീസിന്റെ കർശന ജാഗ്രതാ നിർദേശം

കണമല : പമ്പാനദിയുടെ വൃഷ്‌ടി പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയ്ക്കൊപ്പം ശബരിഗിരി പദ്ധതിയിലെ കക്കി, ആനത്തോട്, പമ്പാ അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടി തുറന്നതോടെ എയ്ഞ്ചൽവാലി പാലവും വെള്ളത്തിനടിയിലായി. കണമലയിലെ പഴയ കോസ്‌വേ പാലം, ഇടകടത്തി -അറയാഞ്ഞിലിമണ്ണ് പാലം എന്നിവ രണ്ട് ദിവസമായി വെള്ളത്തിനടിയിലാണ്. പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനൊപ്പം തീരപ്രദേശങ്ങളിലും വെള്ളം കയറിതുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലായി. കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങൾ നദിയിൽ കൂടി ഒഴുകിപ്പോകുന്നയായി ദൃക്‌സാക്ഷികൾ പറയുന്നു. കാട്ടുപോത്തുകളുടെ ജഡം നദിയിൽ ഒഴുകുന്നത് കണ്ട് എയ്ഞ്ചൽവാലി പാലത്തിൽ അടിയുമ്പോൾ പിടിക്കാനായി ആളുകൾ കൂട്ടം കൂടുന്നതറിഞ്ഞ് പോലീസ് എത്തി പിന്തിരിപ്പിച്ചു.

പമ്പയിലെ കടകളിൽ നിന്നുള്ള ഗ്യാസ് സിലിണ്ടറുകളും ഉപകരണങ്ങളും കടകളും നദിയിലൂടെ ഒലിച്ചുപോയി. നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നീട്ടുണ്ട്. അതേസമയം കണമലയിൽ ശബരിമല പാതയിലെ ഉയരമേറിയ പാലത്തിനും അഴുതയിലെ മൂക്കൻപെട്ടി പാലത്തിനും ഭീഷണിയില്ല.

986 മീറ്റർ കടന്നതോടെയാണ് കഴിഞ്ഞ ദിവസം പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഒപ്പം ശബരിഗിരി പദ്ധതിയിലെ മറ്റു ഡാമുകളുടെ ഷട്ടറുകളും തുറന്നു. മൂന്ന് ഡാമുകളിലെയും വെള്ളം പമ്പാ നദിയിലാണ് എത്തുന്നത്. ഇത് ക്രമാതീതമായി നദിയിൽ ജലനിരപ്പ് വർധിക്കുന്നതിലെത്തുകയായിരുന്നു. ഷട്ടറുകൾ തുറക്കുന്നതിന് മുന്നേ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കണമല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസവും ഇന്നലെയും മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഇത് വ്യാപകമായി പ്രതിഷേധം സൃഷ്‌ടിച്ചിട്ടുണ്ട്. ഡാമുകൾ പത്തനംതിട്ട ജില്ലയിലും കണമല പ്രദേശങ്ങൾ കോട്ടയം ജില്ലയിലുമാണ്. മുന്നറിയിപ്പ് നൽകുന്നതിൽ ഏകോപനമുണ്ടായില്ലെന്ന് പറയുന്നു.

പമ്പാനദിയുടെ വൃഷ്‌ടി പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പമ്പാ ത്രിവേണിയിൽ മണൽപ്പുറം വെള്ളത്തിനടിയിലായിരുന്നു. രാമമൂർത്തി മണ്ഡപം വരെ ഇന്നലെ രാവിലെ വെള്ളം ഉയർന്നു. അട്ടത്തോട്ടിൽ പതിനഞ്ചടിയോളം വെള്ളമാണ് ഒറ്റയടിക്ക് ഉയർന്നത്.