സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി രാജു യാത്രയായി ; വനത്തിൽ അന്ത്യ വിശ്രമം

സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി രാജു യാത്രയായി ; വനത്തിൽ അന്ത്യ വിശ്രമം

എരുമേലി: സ്വന്തമായി ഒരു വീട് ഉണ്ടാക്കിയെടുക്കുവാൻ വളരെയേറെ പരിശ്രമിച്ചു എങ്കിലും, അപ്രതീക്ഷിത ദുരന്തത്തിൽ പെട്ട നെടുങ്കാവ്‌വയൽ വയലുങ്കൽ വീട്ടിൽ രാജു(45) തന്റെ സ്വപ്നം ബാക്കിയാക്കി പെറ്റമ്മയെ തനിച്ചാക്കി ലോകത്തിൽ നിന്നും യാത്രയായി. വീടില്ലാതെ രാജുവിന് അന്ത്യ വിശ്രമത്തിനും നാട്ടിൽ സ്ഥലം ലഭിച്ചില്ല. ഒടുവിൽ വനത്തിനുള്ളിൽ സംസ്കരിച്ചു.

തെങ്ങ്കയറ്റ തൊഴിലാളിയായ രാജു ഒരുമാസം മുമ്പ് തെങ്ങിൽ നിന്നും വീണ് നടുവിന് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ചികിൽസകഴിഞ്ഞെത്തിയത്. വീട്ടിൽ കിടപ്പിലായിരുന്ന രാജു ഞായറാഴ്ച രാവിലെ മരിച്ചു.

മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ,പോലീസ് ഇൻസ്‌പെക്ടർ ടി.ഡി. സുനിൽകുമാർ എന്നിവരിടപെട്ട് വനംവകുപ്പിന്റെ അനുമതി വാങ്ങി വനത്തിൽ മൃതദേഹം അടക്കുകയായിരുന്നു. നാട്ടുകാരും,സി.പി.എം. നെടുങ്കാവ് വയൽ ബ്രാഞ്ച് കമ്മറ്റി പ്രവർത്തകരും സഹായത്തിനെത്തി.

വനാതിർത്തിയിൽ ഒന്നര സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡ്ഡിലാണ് രാജുവും അമ്മ ഏലിയാമ്മയും(70) താമസിച്ചിരുന്നത്. ഏലിയാമ്മയും രോഗബാധിതയാണ്. നാട്ടുകാരുടെയും,ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്.

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നത്തിനായി രാജു നാളുകളായി പരിശ്രമത്തിലായിരുന്നു. എന്നാൽ കൈവശഭൂമിയ്ക്ക് രേഖകളില്ലാത്തതിനാലാണ് വീട് അനുവദിയ്ക്കാനാകാത്തതെന്ന് ജനപ്രതിനിധി പറഞ്ഞു. രാജു മരിച്ചതോടെ ഒറ്റയ്ക്കായ രാജുവിന്റെ മാതാവ് ഏലിയാമ്മയെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി.