അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റംസാനെ വരവേല്‍ക്കാന്‍ മുന്നൊരുക്ക മതപ്രഭാഷണം ആരംഭിച്ചു

അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റംസാനെ വരവേല്‍ക്കാന്‍  മുന്നൊരുക്ക മതപ്രഭാഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റംസാനെ വരവേല്‍ക്കാന്‍ പള്ളികളിലും വീടുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്‌ച – അല്ലെങ്കില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന വൃതാനുഷ്‌ടാനത്തിനായി തയ്യാറെടുപ്പിലാണു വിശ്വാസികള്‍.

ശഅ്‌ബാന്‍ മാസത്തിന്റെ അസ്‌തമയത്തില്‍ റംസാന്‍ മാസപ്പിറവി മാനത്തു ദൃശ്യമാകുന്നതോടെ ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വരാനിരിക്കുന്ന മുപ്പത്‌ ദിനരാത്രങ്ങള്‍ പളളികളും ഭവനങ്ങളുമെല്ലാം സദാപ്രാര്‍ത്ഥനാനിര്‍ഭരമാകും. കണ്ണും കാതും നാക്കും ഹൃദയവുമെല്ലാം തെറ്റുകുറ്റങ്ങളില്‍നിന്നും പരമാവധി അകറ്റിനിര്‍ത്തി പിറന്നു വീണ കുഞ്ഞിന്റെ പരിശുദ്ധഹൃദയവുമായിട്ടാകും വിശ്വാസികള്‍ ഇനിയുള്ള നാളുകള്‍ കഴിയുക.

പ്രപഞ്ചനാഥന്റെ തൃപ്‌തിമാത്രം കാംക്ഷിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണങ്ങളാല്‍ പള്ളികളും ഭവനങ്ങളുമെല്ലാം ഈ മുപ്പതുനാളുകളില്‍ മുഖരിതമാകും. ഒപ്പം സല്‍കര്‍മങ്ങളാല്‍ മനസും ശരീരവും സംശുദ്ധവുമാകും. അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്കും പള്ളികളില്‍ അനുഭവപ്പെടുന്ന വന്‍തിരക്കു മുന്നില്‍ക്കണ്ടു കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പളളിക്കകത്തും പുറത്തും കൂടുതല്‍ സൗകര്യം ഒരുക്കുന്ന തിരക്കിലാണു ജമാഅത്ത്‌ ഭാരവാഹികള്‍.

പള്ളികളും പരിസരങ്ങളുമെല്ലാം ഇതിനോടകം വൃത്തിയാക്കിക്കഴിഞ്ഞു. തറാവിഹ്‌, തഹജ്‌ജുദ്‌ നമസ്‌കാരങ്ങള്‍ക്കും മറ്റു പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുമായി ആയിരങ്ങളാകും ഇനിയുള്ള ദിനരാത്രങ്ങള്‍ പള്ളികളില്‍ കൂട്ടംകൂട്ടമായി എത്തുക. റംസാനിലെ ഏറെ ശ്രേഷ്‌ടകര്‍മമായ നോമ്പു തുറപ്പിക്കലിനായി പള്ളികളിലെല്ലാം നേരത്തേ തന്നെ നിരവധി വിശ്വാസികള്‍ ഇതിനോടകം മുന്നോട്ട്‌ വന്നു കഴിഞ്ഞു. മനുഷ്യകുലത്തെ സംസ്‌കാരസമ്പന്നമാക്കി സംരക്ഷിക്കുവാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം കൂടിയാണ്‌ റംസാന്‍. സൃഷ്‌ടാവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച്‌ പരമാവധി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഓരോ സല്‍കര്‍മത്തിനും കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന പ്രത്യേകതയും ഈ മാസത്തിനുണ്ട്‌.

പകല്‍ സമയങ്ങളില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ കൂടുതല്‍ പ്രാര്‍ഥനകളുമായി കഴിയുന്ന വിശ്വാസികള്‍ അവരുടെ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും സൂഷ്‌മത പാലിച്ച്‌ ഉത്തമ മനുഷ്യനായി ജീവിച്ചുകാണിക്കുന്ന മാതൃകാദിവസങ്ങള്‍കൂടിയാകും വൃതാനുഷ്‌ടാനക്കാലം. റംസാന്‍ നോമ്പിലെ അവസാന 10 ദിനങ്ങളിലെ ഒറ്റയായിവരുന്ന ദിവസങ്ങള്‍ ഏറെ ശ്രേഷ്‌ഠത നിറഞ്ഞതുകൂടിയാണ്‌. ഈ രാവുകളില്‍ മറ്റു ദിനങ്ങളെ അപേക്ഷിച്ച്‌ വന്‍ തിരക്കാകും പള്ളികളില്‍ അനുഭവപ്പെടുക.

പളളികളില്‍ നമസ്‌കാരത്തിനും ഇഅ്‌ത്തിക്കാഫ്‌ ഇരിക്കുന്നവര്‍ക്കുമായി ഖുര്‍ആന്‍ ക്ലാസുകള്‍ എടുക്കുവാനും മിക്ക പള്ളികളിലെ ഇമാമീങ്ങളും സജ്‌ജമായിക്കഴിഞ്ഞു.
തറാവിഹ്‌ നമസ്‌കാരങ്ങള്‍ക്ക്‌ സ്‌ത്രീകള്‍ക്കു പങ്കെടുക്കുവാനും പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ക്കായി ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്‌. റംസാന്‍ വൃതാനുഷ്‌ടാനദിനങ്ങളില്‍ നടക്കുന്ന തറാവീഹ് നമസ്കാരത്തിന് പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ ഇമാമീങ്ങളെ (ഹാഫിള്‌)യും മിക്ക പള്ളികളിലും നിയമിച്ചു കഴിഞ്ഞു.

മുണ്ടക്കയം പുത്തന്‍ ചന്ത,ഖാ1-web-ramadan-prayersദരിയ്യ ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ റമദാന്‍ മുന്നൊരുക്ക മതപ്രഭാഷണം ആരംഭിച്ചു. ജമാ അത്ത് പ്രസിഡന്റ് പി.ഐ.അബ്ബാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍മത വിജ്ഞാന സദസ്സ് ഷിഹാബുദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.മാഹിന്‍ അബൂബക്കര്‍ നിസ്സാമി,ഹക്കീം സഖാഫി,മുഹമ്മദാലി നിസാമി,ലിയാക്കത്ത് സഖാഫി,ടി.എന്‍.ഹസ്സന്‍ഖനി,പി.എസ്.സജി എന്നിവര്‍ പങ്കെടുത്തു.

 

 

ആള്‍ ഇന്ത്യാ ഇമാം കൗണ്‍സില്‍ കാഞ്ഞിരപ്പള്ളി ഏരിയാ സമിതി കാഞ്ഞിരപ്പള്ളി താലൂക്ക് ഇമാംസ് റമദാന്‍ സംഗമം നടത്തി. പട്ടിമറ്റം ഇര്‍ഷാദുസ്വിബിയാന്‍ മദ്രസയില്‍ നടന്ന സംഗമം ദേശിയ സെക്രട്ടറി അമാനുള്ള ബാഖവി ഉദ്ഘാടനം ചെയ്തു. സാമൂഹിക സംസ്കാരത്തിനു നേതൃത്വം നല്‍കുന്ന ഇമാമുമാര്‍ സ്വയം സംസ്കരണത്തിനു 2-web-ramadan-pattimattamപ്രാധാന്യം നല്‍കി സമൂഹത്തിനു മാതൃകയാവണെന്ന് അ്ദദേഹം ആഹ്വാനം ചെയ്തു.

കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാഅത്ത് നൈനാര്‍പള്ളി ഇമാം ഷിഫാര്‍ മൗലവി അല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഷാജഹാന്‍ കാശിഫി സ്വാഗതം ആശംസിച്ചു. അല്‍ഹാഫിള് നിഷാദ് മൗലവി, അബ്ദുല്‍ റസാഖ് മൗലവി, എന്‍.എസ് സക്കീര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.