നിപ്പ ഭീതി റംബുട്ടാൻ കർഷകർ ദുരിതത്തിൽ ; വാങ്ങാൻ ആളില്ല

കാഞ്ഞിരപ്പള്ളി : നിപ്പ ഭീഷണിയെ തുടർന്ന് റംബുട്ടാൻ വാങ്ങാൻ ആളില്ല. റംബുട്ടാൻ കർഷകർ ആശങ്കയിൽ. മിക്കയിടത്തും പഴുത്തു തുടങ്ങിയ റംബുട്ടാൻ ആർക്കും വേണ്ടാതെ കൊഴിഞ്ഞുപോകുന്നു. സ്കൂൾ തുറപ്പിനോടനുബന്ധിച്ചുവരുന്ന മാസങ്ങളിലാണ് റംബുട്ടാൻ സീസണിന്റെ തുടക്കം. കഴിഞ്ഞ കുറെ വർഷങ്ങളായി കാര്യമായ ഒരു പരിചരണവും ഇല്ലാതെ ലഭിച്ചു വന്ന വരുമാനമാണ് പെട്ടെന്നു നിലച്ചതെന്നു കർഷകർ പറയുന്നു. റംബുട്ടാൻ മരത്തിൽ കായ് പിടിക്കുമ്പോൾ തന്നെ കച്ചവടക്കാർ എത്തി വില ഉറപ്പിച്ച് വലയിടുകയായിരുന്നു പതിവ്.

എന്നാൽ ഈ തവണ കായ്കൾ പഴുത്തിട്ടും കച്ചവടക്കാർ എത്തിയില്ല. ന്യായമായ വലുപ്പമുള്ള ഒരു മൂടിനു 8000 മുതൽ 12000 രൂപ വരെ ലഭിക്കുമായിരുന്നു. ഇത്തവണ പകുതി വിലപോലും പറയുന്നില്ലന്നു പല കർഷകരും പറയുന്നു. കച്ചവടക്കാരൻ പറയുന്ന വിലയ്ക്കു ഉറപ്പിക്കാമെന്നു തീരുമാനിച്ചാലും ആവശ്യക്കാരായി ആരേയും കാണുന്നില്ല. ഈ സീസണിൽ മിക്ക മരത്തിലും നല്ല കായ്‌വായിരുന്നു. റംബുട്ടാൻ ഇല്ലാത്ത വീടുകൾ അപൂർവമാണ്. സ്ഥിര വരുമാന മാർഗമായി ഒട്ടേറെ പേർ ഈ കൃഷിയിലേക്കു തിരിഞ്ഞിരുന്നു. ഇതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി.