ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ… റംസാൻ വ്രതം ഇന്നു മുതൽ…

ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ… റംസാൻ വ്രതം ഇന്നു മുതൽ…

കാഞ്ഞിരപ്പള്ളി : ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ… നന്മകള്‍ പെരുമഴയായി പെയ്തിറങ്ങുന്ന റമദാന്‍ മാസത്തിന് ഇന്നു തുടക്കം. സുബഹി മുതൽ മഗ്‌രിബ് വരെയുള്ള പകൽ സമയം ആഹാരപാനീയങ്ങൾ ഉപേക്ഷിച്ച്, പ്രാർഥനകളിൽ മുഴുകുന്ന ഒരു മാസം…വിശ്വാസികൾ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന മാസംകൂടിയാണ് റമദാന്‍..ഇനി ഒരു മാസം വ്രതപുണ്യത്തിലൂടെയും സ്വയം സംസ്കരണത്തിലൂടെയും വിശ്വാസികൾ ആത്മീയ ചൈതന്യത്തിലേക്ക് അടുക്കുന്ന നാളുകളാണ്.

ഇസ്ലാം വിശ്വാസികളുടെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായതിന്‍െറ ഓര്‍മപുതുക്കലാണ് റമദാന്‍. ഖുര്‍ആനിന്‍െറ വെളിച്ചത്തില്‍ കഴിഞ്ഞകാലങ്ങളെ വിലയിരുത്താനും വരുംകാല ജീവിതത്തെ പുതുക്കിപ്പണിയാനും വിശ്വാസികള്‍ വ്രതമാസത്തിന്‍െറ പകലിരവുകള്‍ ചെലവഴിക്കും. ഇച്ഛകളെയും ആശകളെയും നിയന്ത്രിക്കുന്നതിലൂടെ ദൈവഹിതത്തിനാണ് തന്‍െറ ജീവിതത്തില്‍ പ്രമുഖ്യമെന്ന് പ്രഖ്യാപിക്കുകയാണ് ഓരോ വിശ്വാസിയും. സമ്പത്തിന്‍െറ ശുദ്ധീകരണമായ സകാത്തും മറ്റു ദാനധര്‍മങ്ങളും നിര്‍വഹിക്കുന്നതിന് വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭംകൂടിയാണ് പുണ്യങ്ങളുടെ ഈ മാസം.

ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം ഒരു മാസം വ്രതാനുഷ്ഠാനത്തിനായി മാറ്റിവയ്ക്കുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വിശ്വാസി പൂർ‌ണമായും ആരാധനാ കർമങ്ങളിലൂടെ സ്രഷ്ടാവിലേക്ക് കൂടുതലായി അടുക്കുന്നു, ചെറിയ പെരുന്നാളിന്റെ വരവറിയിക്കുന്ന ശവ്വാൽ മാസപ്പിറവി ദൃശ്യമാകും വരെ.

ഉപവാസത്തിനുമപ്പുറം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സുദൃഢമായ ബന്ധമാണ് നോമ്പ്. ഉള്ളവനും ഇല്ലാത്തവന്റെ വിശപ്പിന്റെ വേദനയറിയാൻ നോമ്പുകാലം വിശ്വാസികളെ സഹായിക്കും. കഷ്ടപ്പെടുന്നവരെ കൂടുതൽ സഹായിക്കണമെന്ന സന്ദേശവും റമസാൻ മാസം നൽകുന്നു. വിശ്വാസികൾ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന മാസംകൂടിയാണ് റമസാൻ.

നോമ്പുകാലത്തു വിശ്വാസികൾ പ്രധാനമായും രണ്ടു നേരമാണു ഭക്ഷണം കഴിക്കുന്നത് ഇഫ്താർ – സന്ധ്യയ്ക്കു നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ഭക്ഷണമാണ് ഇഫ്താർ. മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോഴാണിത്. അത്താഴം – സൂര്യോദയത്തിനു മുമ്പു പുലർച്ചെ അത്താഴം കഴിച്ചാണു വിശ്വാസികൾ നോമ്പ് ആരംഭിക്കുന്നത്. സുബ്‌ഹി ബാങ്കിനു മുൻപാണിത്. മഗ്‌രിബ് മുതൽ സുബ്‌ഹി വരെയുള്ള രാത്രിസമയത്തു പതിവുപോലെ ഭക്ഷണം കഴിക്കാം.