സെർവർ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്നു

സെർവർ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്നു

കാഞ്ഞിരപ്പള്ളി ∙ റേഷൻ കടകളിലെ ഇ പോസ് മെഷീനുകളെ ബന്ധിപ്പിച്ചിരിക്കുന്ന സെർവർ തകരാറിനെ തുടർന്ന് റേഷൻ വിതരണം പതിവായി തടസ്സപ്പെടുന്നു. ഇടിമിന്നലിൽ ഇന്റർനെറ്റ് സംവിധാനം തകർന്നതാണ് കഴിഞ്ഞ ദിവസം റേഷൻ വിതരണം അവതാളത്തിൽ ആയതെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.

എങ്കിലും സെർവർ തകരാർ പതിവാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. സാധനങ്ങൾ വാങ്ങാനായി പലപ്രാവശ്യം കടയിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. റേഷൻ സാധനങ്ങൾ ലഭിക്കാൻ പല ദിവസങ്ങളിലും കടയിലെത്തേണ്ട അവസ്ഥ ഉണ്ടെന്ന് ഉപഭോക്താക്കൾ ആരോപിച്ചു.

പകൽ കട തുറക്കുന്ന സമയത്താണ് സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇതോടെ കടയുടെ പ്രവർത്തനം നിലയ്ക്കും. കടകളിലെത്തുന്നവരോട് അടുത്ത ദിവസം വരാൻ നിർദേശിക്കേണ്ട സാഹചര്യമാണുള്ളത്. കടമുടക്കം റേഷൻ ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മിൽ വലിയ തർക്കത്തിനും കാരണമാക്കുന്നുണ്ട്.

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള വിഷൻടെക് എന്ന സ്വകാര്യസ്ഥാപനത്തിനാണ് ഇ പോസ് മെഷീനുകളുടെ പ്രവർത്തന ചുമതല. ഇവിടത്തെ സെർവറിലുള്ള തകരാറാണു പ്രശ്‌നകാരണം.