എരുമേലിയുടെ അഭിമാനം: യോഗയിൽ രേവതി ഇനി അന്തർദേശീയ താരം….

എരുമേലിയുടെ അഭിമാനം: യോഗയിൽ രേവതി ഇനി അന്തർദേശീയ താരം….

എരുമേലി : ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തർ ദേശീയ മത്സരത്തിന് തെരെഞ്ഞെടുക്കപ്പെട്ട എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് -രാജി ദമ്പതികളുടെ മകളായ 12 വയസുകാരി കൊച്ചുമിടുക്കി രേവതി സന്തോഷത്താൽ മതിമറക്കുമ്പോഴും, അച്ഛൻ രാജേഷിനു അഭിമാനത്തോടും ആധിയുമുണ്ട് . നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന മത്സരത്തിൽ മകളെ പങ്കെടുപ്പിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടെങ്കിലും, ചെലവേറുന്ന യാത്രക്ക് പണം സംഘടിപ്പിക്കുവാനുള്ള നെട്ടോട്ടത്തിലാണ് പിതാവ് രാജേഷ്. സുമനസ്സുകൾ സ്പോൺസർഷിപ് നൽകിയാൽ രേവതിയുടെ സ്വപ്നം പൂവണിയും.. എസ്എൻഡിപി ഹയർ സെക്കണ്ടറി സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അന്തർ ദേശീയ തലത്തിൽ മിന്നും താരമായേക്കാവുന്ന ഈ കൊച്ചുമിടുക്കി.

11 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് രേവതിയെ അന്തർ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. യോഗാസനത്തിൽ ജില്ലാ -സംസ്ഥാന -ദേശീയ തലങ്ങളിൽ മത്സരങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്. സ്കൂളിൽ മൂന്ന് വർഷമായി ഫിസിക്കൽ ട്രെയിനർ അദ്ധ്യാപിക റെജിയാണ് രേവതിയുടെ മുഖ്യ പരിശീലക. റെജി ടീച്ചറുടെ ശിക്ഷണത്തിൽ 16 കുട്ടികളാണ് കേരളത്തിനെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ യോഗാസനം മത്സരത്തിൽ ഈ സ്കൂളിൽ നിന്നും തിളങ്ങിയത്. മനു മനോജ്‌ എന്ന വിദ്യാർത്ഥിക്ക് ദില്ലിയിൽ ദേശീയ മത്സരത്തിൽ പങ്കെടുക്കാനും കഴിഞ്ഞു.

ഈ മാസം 19, 20, 21 തീയതികളിൽ കാഠ്മണ്ഡുവിലാണ് രണ്ടാമത് അന്തർ ദേശീയ ചാംപ്യൻഷിപ് മത്സരം നടക്കുന്നത്. യോഗാസനം, ക്രിക്കറ്റ്‌, ഫുട്ബോൾ, കബഡി, കാരത്തെ, അത്‌ലറ്റിക്, വോളിബോൾ എന്നിവയാണ് മത്സര ഇനങ്ങൾ. ഇൻഡോ -നേപ്പാൾ ചാംപ്യൻഷിപ് കൂടിയായ അന്തർ ദേശീയ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൌണ്ടേഷൻ ആണ്. കഴിഞ്ഞയിടെ മലപ്പുറത്ത്‌ വെച്ച് ആണ് മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്. ഇതിൽ മികവ്‌ പ്രകടിപ്പിച്ച രേവതിയെ അന്തർ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

കുട്ടികളിൽ കായിക -മാനസിക -ബുദ്ധി വളർച്ചക്ക് യോഗാസന കലയോളം മറ്റൊന്നില്ല. ചെറുപ്രായത്തിൽ തന്നെ മനസിന്റെ നിയന്ത്രണത്തിൽ ശരീരം ലയിക്കുന്നതിന്റെ ഏകാഗ്രത സായത്തമാക്കിയ രേവതി അനുകരിക്കാൻ പ്രയാസമേറിയ ഒട്ടേറെ ഇനങ്ങളാണ് അനായാസം കാഴ്ച വെക്കുന്നത്. രേവതിയെ പ്രോത്സാഹിപ്പിച്ചാൽ രാജ്യത്തിന്റെ അഭിമാന താരമായി മാറുമെന്ന് അധ്യാപികയും സ്കൂൾ അധികൃതരും പറയുന്നു.