ചിറ്റാർപുഴയിലേക്ക് മലിനജലമൊഴുക്കി; ഹോട്ടലിന് സ്‌റ്റോപ്പ് മെമ്മോ

ചിറ്റാർപുഴയിലേക്ക് മലിനജലമൊഴുക്കി; ഹോട്ടലിന് സ്‌റ്റോപ്പ് മെമ്മോ


കാഞ്ഞിരപ്പള്ളി: ചിറ്റാർ പുഴയിലേക്ക് മലിനജലമൊഴുക്കിയതിന് ഹോട്ടലിന് സ്‌റ്റോപ്പ് മൊമ്മോ നൽകി. ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബസ് സ്റ്റാൻഡിന് മുൻവശത്ത് പ്രവർത്തിക്കുന്ന ക്യൂൻസ് റെസ്റ്റോറന്റിന് സ്‌റ്റോപ്പ് മെമ്മോ നൽകിയത്.

മലിനജല ശുചീകരണ സംവിധാനം സ്ഥാപിച്ചശേഷം തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ഏഴ് മാസത്തിന് മുൻപാണ് ചിറ്റാർ പുഴയിലെ അഞ്ച് കിലോമീറ്ററോളം ഭാഗത്തെ മാലിന്യം നീക്കി ശുചീകരിച്ചത്. ഇതിനുശേഷം പലതവണ പുഴയിലേക്ക് മാലിന്യം തള്ളിയവർക്കെതിരേ പിഴശിക്ഷയും നോട്ടീസും നൽകിയിരുന്നു. എന്നാൽ വീണ്ടും മാലിന്യം തള്ളുന്നത് തുടർന്നതോടെയാണ് അധികൃതർ നടപടിയെടുത്തത്. പുഴയോരത്തെ വീടുകളിലെയും കടകളിലെയും ചിറ്റാർ പുഴയിലേക്ക് നീട്ടിവെച്ചിരിക്കുന്ന മലിനജലക്കുഴലുകൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

പേട്ടക്കവലയിൽ ഒട്ടേറെ വ്യാപരസ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കുന്നത് മലിനജലമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയ കിണറ്റിൽനിന്ന്. സ്വകാര്യ വ്യക്തിയുടെ കിണറ്റിൽനിന്നും പമ്പ് സ്ഥാപിച്ചാണ് കടകളിലേക്കും മറ്റും വെള്ളമെടുക്കുന്നത്. ഈ കിണറ്റിലെ വെള്ളത്തിൽ മൂന്ന് തവണ പരിശോധന നടത്തിയപ്പോഴും കോളിഫോം ബാക്ടീരിയായുടെ അളവ് കൂടുതലായി കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞവർഷം ഈ പ്രദേശത്ത് വിദ്യാർഥികൾക്കടക്കമുള്ളവർക്ക് മഞ്ഞപ്പിത്തം പടർന്നിരുന്നു. ഇതെ തുടർന്ന് ആരോഗ്യവകുപ്പ് വെള്ളം ഈ കിണറ്റിൽനിന്ന് ഉപയോഗിക്കുന്നത് തടഞ്ഞു. എന്നാൽ ബദൽ സംവിധാനം ഏർപ്പെടുത്താതിരുന്നതോടെ വീണ്ടും ഉപയോഗം തുടരുകയായിരുന്നു. വെള്ളം എടുക്കുന്നതിന് കിണർ കണ്ടെത്തുകയും വെള്ളം വിതരണം ചെയ്യുന്നതിനുള്ള ചെലവ് പഞ്ചായത്ത് ഏറ്റെടുത്ത് ചെയ്യുന്നതിനുള്ള സംവിധാനം നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പഞ്ചായത്തിന് കീഴിലെ വ്യാപാരസ്ഥാപനങ്ങളിൽ കഴിഞ്ഞ ആഴ്ചയിൽ നടത്തിയ പരിശോധനയിൽ 200 കിലോയോളം പ്ലാസ്റ്റിക്കാണ് പിടിച്ചെടുത്തത്. താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരും പഞ്ചായത്തും നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റെടുക്കുന്നതിനായി കടകളിൽ ഉപഭോക്തൃ കാർഡുകൾ വിതരണം ചെയ്തിരുന്നു. കാർഡ് നൽകാനെത്തിയ ഹരിതകർമ്മ സേനാ അംഗങ്ങളോട് അപരമര്യാദയായി പെരുമാറിയ കടയുടമയ്‌ക്കെതിരേ പോലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.