കനത്ത മഴ : പമ്പയാർ കര കവിഞ്ഞു… എരുമേലിയുടെ കിഴക്കൻ മേഖലയിലെ കണമല പഴയ പാലം, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ മുങ്ങി…

കനത്ത മഴ : പമ്പയാർ കര കവിഞ്ഞു… എരുമേലിയുടെ കിഴക്കൻ മേഖലയിലെ കണമല പഴയ പാലം, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി  പാലങ്ങൾ മുങ്ങി…

കനത്ത മഴ : പമ്പയാർ കര കവിഞ്ഞു… എരുമേലിയുടെ കിഴക്കൻ മേഖലയിലെ കണമല പഴയ പാലം, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ മുങ്ങി…

എരുമേലി : മലയോര പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പമ്പാ നദിയിൽ വെള്ളപ്പൊക്കത്തിന്റെ പ്രതീതി. കുറുമ്പൻമുഴി കോസ്‌വേ, കണമലയിലെ പഴയ പാലം, അറയാഞ്ഞിലിമണ്ണ് പാലം എന്നിവ വെള്ളത്തിനടിയിലായി. പ്രദേശവാസികൾ ദുരിതത്തിലായി.

അതേസമയം മഴയ്ക്ക് നേരിയ ശമനമുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉടനെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രിയോടെ വെള്ളത്തിൽ മുങ്ങിയ പാലത്തിൽ നിന്ന് ഇപ്പോൾ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും വെള്ളം കയറാൻ സാധ്യത നിലനിൽക്കുകയാണ്.

കുറുമ്പൻമുഴിയിലും അറയാഞ്ഞിലിമണ്ണിലുമാണ് നാട്ടുകാർ ഏറെ ബുദ്ധിമുട്ടുന്നത്. മുൻ പഞ്ചായത്ത്‌ പ്രസിഡന്റും അറയാഞ്ഞിലിമണ്ണ് സ്വദേശിയുമായ വി എൻ സുധാകരന് ഡയാലിസിസ് ചികിത്സക്കായി ആശുപത്രിയിൽ എത്താൻ ഇന്ന് രാവിലെ അറയാഞ്ഞിലിമണ്ണ് പാലം വെള്ളത്തിലായത് മൂലം മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. തുടർന്ന് 11 മണിയോടെ വെള്ളം താഴ്ന്നുതുടങ്ങിയതോടെയാണ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്താൻ സാധിച്ചത്. ഇവിടെയും കുറുമ്പൻമുഴിയിലും മണിക്കൂറുകളോളം ഗതാഗതം നിലച്ചു.

മൂന്ന് വശം ശബരിമല വനവും ഒരു വശം പമ്പയാറുമായി ഒറ്റപ്പെട്ട തുരുത്താണ് അറയാഞ്ഞിലിമണ്ണ് പ്രദേശം. ദിവസങ്ങളായി പമ്പാ നദിയുടെ വൃഷ്‌ടി പ്രദേശത്ത് കൂടുതൽ മഴ ലഭിച്ചതാണ് വെള്ളപ്പൊക്കം ആയി മാറുന്നതിലെത്തിയത്. കഴിഞ്ഞ ദിവസവും നദി കര കവിയുന്ന സ്ഥിതിയിലെത്തിയിരുന്നു. പമ്പയിലെ ഡാമുകളിലും സംഭരണ ശേഷി കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്. പെരുന്തേനരുവി ഡാം കവിഞ്ഞ് വെള്ളം ഒഴുകിയിരുന്നു. മഴ ശക്തമായി തുടർന്നാൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണമലയിൽ പഴയ പാലത്തിൽ വെള്ളം കയറിയെങ്കിലും ഗതാഗത പ്രശ്നമില്ല. ഏറെ ഉയരമുള്ള പുതിയ പാലത്തിലൂടെയാണ് വര്ഷങ്ങളായി ഗതാഗതം.