പഞ്ചായത്ത് റോഡിൽ കരാർ പണിയ്ക്ക് പോയ കരാറുകാരന് കിട്ടിയത് “എട്ടിന്റെ പണി”

പഞ്ചായത്ത്  റോഡിൽ കരാർ പണിയ്ക്ക്  പോയ കരാറുകാരന് കിട്ടിയത്   “എട്ടിന്റെ പണി”

പഞ്ചായത്ത് റോഡിൽ കരാർ പണിയ്ക്ക് പോയ കരാറുകാരന് കിട്ടിയത് “എട്ടിന്റെ പണി”
എരുമേലി : പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കുവുള്ള എരുമേലി പഞ്ചായത്തിന്റെ കരാർ പണി ഏറ്റെടുത്ത കരാറുകാരന് കിട്ടിയത് “എട്ടിന്റെ പണി”.
സംഭവം ഇങ്ങനെ : എരുമേലി ഗ്രാമപഞ്ചായത്തിലെ മണിപ്പുഴ – എഴുപറതൊട്ടി റോഡിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന 26 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്യാൻ രണ്ട് ലക്ഷം രൂപ അനുവദിച്ച് കരാർ നൽകിയിരുന്നു. കരാർ ഏറ്റെടുത്ത കരാറുകാരൻ റോഡിൽ പണി ചെയ്‌യേണ്ട സ്ഥലം കൃത്യമായി സ്ഥലം അറിയില്ലെങ്കിലും അവിടെ പോയി നാട്ടുകാരോട് ചോദിച്ചു മനസിലാക്കാം എന്നു കരുതി ഒരു ലോഡ് മണലും, മിറ്റിലും സിമിന്റും ,പണിക്കാരുമായി ശനിയാഴ്ച രാവിലെ സ്ഥലത്തേക്ക് തിരിച്ചു.

റോഡിൽ കൂടി സാധങ്ങളുമായി ലോറിയിൽ പോകവേ റോഡിരികിൽ നിന്നവരോട് റോഡിൽ ഏതു ഭാഗത്താണ് കോൺക്രീറ് ചെയ്യുവാൻ അനുമതിയുള്ള സ്ഥലം എന്നന്വേഷിച്ചു. കിട്ടിയ അവസരം മുതലെടുക്കുവാൻ ആണോ എന്തോ, അവർ അവിടെ തന്നെയാണ് സ്ഥലം എന്ന് പറഞ്ഞു. തങ്ങളുടെ വീടിന്റെ അടുത്തുള്ള സ്ഥലം വൃത്തിയായി കിടന്നോട്ടെ എന്ന് കരുതിയാവണം അവർ അങ്ങനെ ഒരു കുസൃതി ഒപ്പിച്ചത്. റോഡിൻറെ ആ ഭാഗവും പൊട്ടിപൊളിഞ്ഞു കിടക്കുകയായിരുന്നതിനാൽ അവർ തെറ്റിദ്ധരിച്ചു പറഞ്ഞതാണെന്നും പറയപ്പെടുന്നു.

അവരെ വിശ്വസിച്ച കരാറുകാരൻ ഒട്ടും താമസിയാതെ ലോറിയിലെ ലോഡ് അവിടെ ഇറക്കി പണിയും തുടങ്ങി. എന്നാൽ സംഭവം അറിഞ്ഞു സ്ഥലത്തെ പഞ്ചായത്ത് വാർഡ് അംഗം അന്നമ്മ രാജു ഓടിയെത്തിയപ്പോഴേയ്ക്കും ജോലിക്കാർ തകൃതിയായി റോഡ് വൃത്തിയാക്കി സിമെന്റും കൂട്ടി കഴിഞ്ഞിരുന്നു. പണി സ്ഥലം മാറിപ്പോയെന്നും, ശരിയ്ക്കുള്ള സ്ഥലം അവിടെ നിന്നും അരകിലോമീറ്റർ താഴെയാണെന്നും വാർഡ് അംഗം അറിയിച്ചതോടെ കരാറുകാരൻ അന്തം വിട്ടു. ചെറിയ ലാഭത്തിനു പണിയേറ്റെടുത്ത കരാറുകാർ പ്രശ്നത്തിലായി. ലോഡിറക്കിയ മുഴുവൻ സാധനങ്ങളും ലോറിയിൽ കയറ്റി ശരിയ്ക്കുള്ള പണി സ്ഥലത്തെക്കു കൊണ്ടുപോകണം, പണിക്കാരുടെ ഒരു ദിവസത്തെ പണി നഷ്ടം.. അങ്ങനെ കരാറുകാരന് എട്ടിന്റെ പണിയാണ് കിട്ടിയത്.

എന്നാൽ കരാറുകാരന്റെ ദയനീയ അവസ്ഥയിലും നാട്ടുകാരിൽ ചിലർ പ്രശ്‌നവുമായി എത്തി. റോഡിൽ സാധനങ്ങൾ ഇറക്കിയ സ്ഥലത്തും റോഡ് പൊളിഞ്ഞു കിടക്കുകയാണെന്നും, അവിടെ തന്നെ പണി നടത്തിയിട്ടു, അടുത്ത പദ്ധതിയിൽ മറ്റു സ്ഥലത്തെ പണി ചെയ്താൽ മതിയെന്നുമാണ് അവരുടെ വാദം. അതോടെ പണി അനുവദിച്ച സ്ഥലത്തുള്ള നാട്ടുകാരും, ലോഡ് ഇറക്കിയ സ്ഥലത്തുള്ള നാട്ടുകാരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. പഞ്ചായത്ത് വാർഡ് അംഗം അന്നമ്മ രാജു പുലിവാല് പിടിച്ച സ്ഥിതിയിലായി. കാര്യം നിസ്സാരം പ്രശ്നം ഗുരുതരമായതോടെ പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. കരാറിൽ പറഞ്ഞ സ്ഥലത്തേക്ക് അടുത്ത ദിവസം തന്നെ സാധനങ്ങൾ മാറ്റി, പണി അവിടെ ചെയ്യണമെന്ന് കരാറുകാരനെ പോലീസും പഞ്ചായത് അധികൃതരും അറിയിച്ചു കാര്യങ്ങൾക്കു തീരുമാനമാക്കി. തനിക്കു പറ്റിയ അബദ്ധം ഓർത്തു വിഷണ്ണനായി, കൈയിൽ നിന്നും ഇത്തവണയും കാശുപോയല്ലോ എന്ന് വിലപിച്ചു കരാറുകാരനും സ്ഥലം വിട്ടു.