മഴ ആരംഭിച്ചതോടെ കാഞ്ഞിരപ്പള്ളിയിലെ റോഡുകൾ തകർന്നു തുടങ്ങി

കാഞ്ഞിരപ്പള്ളി∙ മഴ ആരംഭിച്ചതോടെ റോഡുകൾ തകർന്നു തുടങ്ങി. ദേശീയ പാതയിൽ കുണ്ടും കുഴിയും രൂപപ്പെട്ടു.

പാതയോരത്തെ കട്ടിങ്ങുകളും കാലപ്പഴക്കത്താൽ കടപുഴകാറായ മരങ്ങളും മഴക്കാലത്ത് അപകട ഭീഷണി ഉയർത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ ചാടി വാഹനാപകടങ്ങളും പതിവായി.

കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു. 26–ാം മൈലിനും പാറത്തോട് പഞ്ചായത്ത് ഓഫിസ് പടിക്കുമിടെ ടാറിങ് പൊളിഞ്ഞു. ഈഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതും. പാറത്തോട് പള്ളിപ്പടിക്ക് സമീപം കലുങ്ക് നിർമാണത്തിനായി ടാറിങ് വെട്ടിപ്പൊളിച്ചത് കലുങ്ക് നിർമാണം കഴിഞ്ഞിട്ടും റീടാർ ചെയ്തിട്ടില്ല. വളവുകളിൽ രൂപപ്പെട്ട കുഴികളിലാണ് അപകടം പതിയിരിക്കുന്നത്.

കുഴികളിൽ ചാടാതെ വാഹനങ്ങൾ വെട്ടിക്കുന്നത് അപകടത്തിന് കാരണമാകുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയറിയാതെ ഇരുചക്രവാഹനങ്ങൾ ചാടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായി. കഴിഞ്ഞ ദിവസം ഇടച്ചോറ്റിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു.

പാതയോരങ്ങളിലെ കട്ടിങ്ങുകളും അപകടത്തിന് വഴിയൊരുക്കുകയാണ്. മഴ ശക്തമായി പെയ്യാൻ തുടങ്ങിയതോടെ ടാറിങ്ങിന് ഇരുവശങ്ങളിലെയും മണ്ണ് ഒലിച്ചുപോയി വൻ കട്ടിങ്ങുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവയിൽ ചാടിയും വാഹനാപകടങ്ങൾ പതിവാണ്. റോഡിന് ഇരുവശങ്ങളിലും നിൽക്കുന്ന പഴക്കമുള്ള വൻമരങ്ങളും മഴക്കാലത്ത് അപകട ഭീഷണി ഉയർത്തുകയാണ്.

കഴിഞ്ഞ ദിവസം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വഴയരുകിൽ നിന്ന വാകമരം ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരുക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് .

സ്കൂൾ തുറക്കുന്നതോടെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കൂടും. മഴക്കാലത്ത് റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.