പട്ടാപകൽ മണിമലയിലെ കടകളിൽ മോഷണം, മാന്യമായ വേഷം ധരിച്ചു എത്തി വിദഗ്ദമായി മോഷണം നടത്തുന്ന സംഘം വ്യാപകമാകുന്നു

മണിമല : മണിമലയിലെ വ്യാപാരികൾ സൂക്ഷിക്കുക, കടയിലെ ജീവനകാരുടെ ശ്രദ്ധ തിരിച്ചുവിട്ട് മോഷണം നടത്തുന്ന സംഘം മണിമല മേഖലയിൽ വ്യാപകമാകുന്നു.

സഹായി ഇല്ലാത്ത ഉടമ മാത്രം കച്ചവടം നടത്തുന്ന വ്യാപാര സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം മോഷണം നടത്തുന്നത്. സ്‌ത്രീകളടക്കമുള്ള സംഘം സാധനങ്ങൾ വാങ്ങുന്നതിനായി കടയിൽ കയറും.

ഉടമയുടെ ശ്രദ്ധ തിരിച്ചുവിട്ട ശേഷം കടയിലെ മേശവലിപ്പിൽനിന്നു പണവും മറ്റ് വിലപ്പെട്ട രേഖകളും മോഷ്‌ടിച്ച ശേഷം സാധനങ്ങൾ ഇഷ്‌ടപ്പെട്ടില്ലെന്നു പറഞ്ഞ് കടയിൽനിന്നു രക്ഷപ്പെടുകയാണ് പതിവ്. ഇവർ പോയശേഷം മാത്രമായിരിക്കും മോഷണ വിവരം കടയുടമ അറിയുക.

കഴിഞ്ഞ മണിമല ബസ് സ്‌റ്റാൻഡിൽ പ്രവർത്തിക്കുന്ന ചെരിപ്പുകടയിൽ പട്ടാപ്പകൽ മോഷണം നടന്നിരുന്നു. മാന്യമായി വേഷം ധരിച്ചെത്തിയ യുവാവും യുവതിയുമാണ് കടയിൽ മോഷണം നടത്തിയത്. 2500 രൂപയും എടിഎം കാർഡുകളും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടുന്ന പഴ്‌സാണ് കടയിലെ മേശവലിപ്പിൽനിന്ന് ഇവർ മോഷ്‌ടിച്ചത്.

മണിമലയിലെ ഒരു പലചരക്ക് കടയിലും ഇത്തരത്തിൽ മോഷണം നടന്നിരുന്നു. മോഷണം വ്യാപകമാകുന്ന സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മണിമല യൂണിറ്റിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.