101 തവണ ജീപ്പ് ശരീരത്തിൽ കൂടി കയറ്റിയിറക്കി ലോക റെക്കോർഡ് സ്ഥാപിക്കാൻ റോജിയുടെ പ്രകടനം ഇന്ന് പൊൻകുന്നത്

പൊൻകുന്നം ∙ സാഹസികതയുടെ ലോകത്തു പുതിയ നേട്ടം കൊയ്യാൻ റോജി ആന്റണി ഇന്നിറങ്ങും. 101 തവണ ശരീരത്തിലൂടെ ജീപ്പ് കയറ്റിയിറക്കിയാണു പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

ഇന്നു മൂന്നുമണിക്കു ചിറക്കടവ് പഞ്ചായത്ത് മഹാത്മാ ഗാന്ധി ടൗൺ ഹാൾ മിനി സ്റ്റേഡിയത്തിലാണ് അഭ്യാസ പ്രകടനം. വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണു പരിപാടി. അൻപതുകാരനായ റോജി 33 വർഷമായി ആയോധനകലാരംഗത്തു പ്രവർത്തിക്കുന്നുണ്ട്. കരാട്ടെ, ബോക്സിങ് തുടങ്ങി ഒട്ടേറെ അഭ്യാസപ്രകടനങ്ങൾക്ക് ഇന്ത്യയിലും വിദേശത്തുമടക്കം ധാരാളം പുരസ്കാരങ്ങൾ റോജിയെ തേടിയെത്തിയിട്ടുണ്ട്.

ഒക്നോവ ഷ്വോറിൻ റിയു റിയോകാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്ടർ കൂടിയാണു റോജി. ലോക റെക്കോർഡിലേക്കു പരിഗണിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ പ്രതിനിധി സുനിൽ ജോസഫ് ചടങ്ങു വിലയിരുത്താനെത്തും. ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം, റെക്കോഡ് സെക്ടർ യുഎസ്എ എന്നിവയിൽ പൊൻകുന്നത്തെ പ്രകടനത്തോടെ റെക്കോർഡിടാൻ കഴിയുമെന്നു റോജി പ്രതീക്ഷ പ്രകടിപ്പിച്ചു. 3000 കിലോ ഭാരമുള്ള വാഹനം എട്ടു പ്രാവശ്യവും 4000 കിലോ ഭാരമുള്ള ഒരു വാഹനം ഒരു തവണയും തുടർച്ചയായി ദേഹത്തു കൂടി കയറ്റിയിറക്കിയ യൂറോപ്യൻ പൗരന്റെ പേരിലാണു നിലവിലെ ഗിന്നസ് റെക്കോർഡ്.

വാഴൂർ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.എൻ. ബാലഗോപാലൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും. പരിശീലനത്തിലൂടെയും ജീവിത ശൈലിയിലൂടെയും നേടിയ കരുത്ത് റോജിയെ ലക്ഷ്യം നേടാൻ സഹായിക്കുമെന്ന് ഇന്റഗ്രേറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ചെയർമാൻ പി. മോഹൻറാം, അഫ്സൽ ഹനീഫ്, രാജൻ പാലാഴി എന്നിവർ പറഞ്ഞു.