53 ഭാഷകളിലെ അമ്പത്തിമൂന്നുമണി ജപം ശ്രദ്ധ നേടുന്നു.

53 ഭാഷകളിലെ അമ്പത്തിമൂന്നുമണി ജപം ശ്രദ്ധ നേടുന്നു.


കത്തോലിക്കാസഭയിലെ ഒൻപത് മേലധ്യക്ഷന്മാരും 275 സന്യാസിനികളും പങ്കുചേർന്ന് 53 ഭാഷകൾ ഉൾച്ചേർത്ത് ചൊല്ലിയ അമ്പത്തിമൂന്നുമണിജപം ജനശ്രദ്ധ നേടുന്നു. 35   മിനിട്ട്  സമയം ധ്യാനിച്ച് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ആത്മീയ ഉണർവ് പകരുന്നതാണ് ഈ ജപമാല.  കാഞ്ഞിരപ്പള്ളി രൂപതാ സോഷ്യൽ മീഡിയ അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിലാണ് ജപമാല അണിയിച്ചൊരുക്കിയത്.

സീറോ മലബാർ സഭാധ്യക്ഷൻ  കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാധ്യക്ഷൻ  കർദിനാൾ മാർ ക്‌ളീമിസ് മെത്രാപ്പോലീത്താ, ലത്തീൻ സഭയിലെ മാർ ജോസഫ് കരിയിൽ, മാർ മാത്യു അറക്കൽ, മാർ ബോസ്കോ പുത്തൂർ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ റാഫേൽ തട്ടിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവർ ഉൾപ്പടെയുള്ള ഒൻപത് വൈദികമേലധ്യക്ഷന്മാർ ജപമാലയ്ക്കു നേതൃത്വം കൊടുക്കുന്നു. ‘നന്മനിറഞ്ഞമറിയമേ’ എന്ന പ്രാർത്ഥന കേരളത്തിന് അകത്തും പുറത്തും വിദേശത്തുമുള്ള സന്യാസിനികൾ 53 ഭാഷകളിലായി ചൊല്ലുന്നു. ‘പരിശുദ്ധ മറിയമേ’ എന്ന പ്രാർത്ഥന വിവിധ സന്യാസിനികൾ  മലയാളത്തിൽ ആണ് ചൊല്ലുന്നത്. മാർപ്പാപ്പയുടെ പ്രാർത്ഥനയോടെയാണ്  ജപമാല ആരംഭിക്കുന്നത്. തുടർന്നുള്ള വിശ്വാസ പ്രമാണം വിവിധ ശുശ്രൂഷാ മേഖലകളിൽ  ആയിരിക്കുന്ന സിസ്റ്റേഴ്സ് ചൊല്ലുന്നു. വിവിധ കോൺഗ്രിഗേഷനുകളിലെ ജനറൽ സുപ്പീരിയർമാരുടെ സാന്നിധ്യം ജപമാലയെ കൂടുതൽ മനോഹരമാക്കുന്നു. ജപമാലയുടെ ലുത്തിനിയയുടെ ഓരോ ഖണ്ഡികകളും  17 സന്യാസ സമൂഹങ്ങളിലെ സന്യാസിനികളാണ് ആലപിക്കുന്നത്. 

സഭയുടെ കൂട്ടായ്മയും ഐക്യവും വിളിച്ചോതുന്നതാണ് ഈ ജപമാല. അതോടൊപ്പം തന്നെ വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന  സന്യസ്തരുടെ സേവന മേഖലകളെയും വെളിപ്പെടുത്തുന്നു.  

കാഞ്ഞിരപ്പള്ളി രൂപതാ സോഷ്യൽ മീഡിയ അപോസ്റ്റലേറ്റിന്റെ ഡയറക്ടർ ഫാ. സോബി കന്നാലിൽ ആശയം, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നു. സി. റെജീന വെങ്ങാലൂർ എസ്. എ.ബി.എസ്. ന്റെയും   അരുൺ പന്തമാക്കൽ,  അമല കാടംപള്ളിൽ, ജോസ്‌ബിൻ  മുളക്കൽ, അമൽ ഈറ്റപ്പുറത്ത്, അമൽ അറക്കപ്പറമ്പിൽ, മനു വേഴമ്പത്തോട്ടം, തോമസുകുട്ടി വാണിയപ്പുരക്കൽ എന്നീ യുവജനങ്ങളുടെയും  നേതൃത്വത്തിൽ   രണ്ടു മാസത്തോളമുള്ള കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ ജപമാല.