വെട്ടാൻ നട്ട റബ്ബർ മരങ്ങൾ കർഷകർ മനം മടുത്തു വെട്ടു തുടങ്ങുന്നതിനു മുൻപേ വെട്ടിക്കളയുന്നു….കാണം വിറ്റുപോലും ഓണം ഉണ്ണുവാൻ പറ്റാതെ റബ്ബർ കർഷകർ..

വെട്ടാൻ നട്ട റബ്ബർ മരങ്ങൾ കർഷകർ മനം മടുത്തു വെട്ടു തുടങ്ങുന്നതിനു മുൻപേ വെട്ടിക്കളയുന്നു….കാണം വിറ്റുപോലും ഓണം ഉണ്ണുവാൻ പറ്റാതെ റബ്ബർ കർഷകർ..

കാഞ്ഞിരപ്പള്ളി : കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും ഇത്തവണ കാണം വിറ്റുപോലും ഓണം ഉണ്ണുവാൻ പറ്റാത്ത സ്ഥിതിയിലാണ് റബ്ബർ കർഷകർ..

റബ്ബർ വില വീണ്ടും കുത്തനെ ഇടിയുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം റബ്ബർ ബോർഡ് അറിയിച്ച വില ആർ.എസ്.എസ്.നാല് ഇനം റബ്ബറിന് 122 രൂപയാണ്‌ . ഒറ്റമാസത്തിനിടയിൽ 23 രൂപയാണ് റബ്ബറിന് കുറഞ്ഞിരിക്കുന്നത്. റബ്ബർബോർഡ് പ്രഖ്യാപിക്കുന്ന വില കടയിൽ കർഷകന് കിട്ടില്ല. 120ലും താഴെയാണ് കച്ചവടക്കാർ പറയുന്നത്.

സോഫ്‌റ്റ്‌വെയർ പരിഷ്‌കരിക്കുന്നതിനാൽ കർഷകർക്കുള്ള ധനസഹായം ഈ സർക്കാർ വന്നശേഷം കിട്ടിത്തുടങ്ങിയിട്ടില്ല. വിപണി വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സർക്കാർ നൽകുന്നത്. ഇതോടെ കാഞ്ഞിരപ്പള്ളി മേഖലയിലെ ഓണക്കാലം പേരിനു മാത്രമാകും എന്നുറപ്പായി.

മഴ മാറി വെയിൽ തെളിഞ്ഞതോടെ ടാപ്പിങ് കൂടുകയും റബ്ബർ വിപണിയിലേക്ക് കാര്യമായി എത്തിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഘടിതമായി വിലയിടിക്കാൻ നീക്കം തുടങ്ങിയത്. റബ്ബറിന്റെ അന്താരാഷ്ട്ര വില കുറഞ്ഞു നിൽക്കുന്നതിനാൽ കമ്പനികൾക്ക് യഥേഷ്ടം ഇറക്കുമതിക്കു സാധിക്കും. അതിനാലാണ് അവർ വിപണിയിൽനിന്നു മാറിനിന്ന് ഇവിടുത്തെ വില പരമാവധി കുറയ്ക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ മാസം അന്താരാഷ്ട്രവില കൂടിനിന്നപ്പോഴും ഇവിടെ വില കുറയുകയാണ് ചെയ്തത്.

വളരെ പ്രതീക്ഷയോടെ നാട്ടു വളർത്തിയ റബ്ബർ മരങ്ങൾ പ്രതീക്ഷയറ്റ റബ്ബർ കർഷകർ ചെറുപ്രായത്തിൽ തന്നെ വെട്ടി കളയുന്നത് കാഞ്ഞിരപ്പള്ളി മേഖലയിൽ പതിവ് കാഴ്ചയായി മാറി . റബ്ബറിന് പകരം എന്ത് കൃഷിയാണ് ചെയ്‌യേണ്ടത് എന്നറിയാതെ കർഷർ കുഴങ്ങുന്നു. വാഴ കൃഷി ചെയ്തവർ അത് അബദ്ധമായി എന്ന രീതിയിലായാണ്. ധാരളം കൃഷിക്കാർ ഒരുമിച്ചു പച്ചക്കറി കൃഷി തുടങ്ങിയതോടെ അതിന്റെ വിലയും ഇടിഞ്ഞു.

ഇത്തവണ കാലവർഷം ദുർബ്ബലം ആയിരുന്നതിനാൽ വേനൽ കടുത്തതാവും എന്നതിനാൽ ഏതു കൃഷിയാണ് റബ്ബറിന് പകരം ചെയ്‌യേണ്ടത് എന്നറിയാതെ റബ്ബർ കർഷകർ കുഴങ്ങുന്നു …