റബറിന് 200 രൂപയെങ്കിലും വേണം, കേന്ദ്രം ഇടപെടണം: കർഷകർ

റബറിനു കിലോഗ്രാമിന് 200 രൂപയെങ്കിലും ലഭിക്കത്തക്ക തരത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്നും ചിരട്ടപ്പാലിന്റെ ഇറക്കുമതി അനുവദിക്കരുതെന്നും റബർ കർഷകരും സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ദേശീയ റബർനയം രൂപീകരിക്കുന്നതിനു മുന്നോടിയായി കർഷകർ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നടത്തിയ ചർച്ചയിലാണ് ആവശ്യമുയർന്നത്.

ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും റബർ മേഖലയിലെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനു വാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തുമെന്നും കണ്ണന്താനം പറ‍ഞ്ഞു.

റബർ ബോർഡ് വൈസ് ചെയർമാൻ എസ്. ജയസൂര്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, റബർ ബോർഡ് സെക്രട്ടറി ഇൻ ചാർജ് എൻ. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി (പ്ലാന്റേഷൻസ്) സന്തോഷ് കുമാർ സാരംഗി, പ്ലാന്റേഷൻസ് വിഭാഗം ഡയറക്ടർ അനിത കാൺ എന്നിവരുടെ സാന്നിധ്യത്തിലാണു ചർച്ചകൾ നടന്നത്. റബർ വ്യാപാരി പ്രതിനിധികളും കർഷക സംഘടനകൾ, റബർ സംസ്കരണ മേഖലയിലെ സംഘടനകൾ, ഉൽപന്നനിർമാണ– കയറ്റുമതി സംഘടനകൾ, ഓട്ടമോട്ടീവ് ടയർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. റബർ ബോർഡ് മുൻ ചെയർമാൻ ഡോ. പി.സി.സിറിയക്കും പങ്കെടുത്തു.

ചർച്ചയിലെ മറ്റു പ്രധാന നിർദേശങ്ങൾ ഇവയാണ്:

∙ അനിയന്ത്രിതമായ റബർ ഇറക്കുമതി അവസാനിപ്പിക്കുക

∙ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുക

∙ റബറിന്റെ മിനിമം വില വർധിപ്പിക്കുക

∙ റീപ്ലാന്റിങ് സബ്സിഡി അടിയന്തരമായി നൽകുക, തുക വർധിപ്പിക്കുക

∙ റബറൈസ്ഡ് റോഡിന്റെ നിർമാണം പ്രോത്സാഹിപ്പിക്കുക

∙ സിയാൽ മാതൃകയിൽ റബർ ഉൽപന്ന നിർമാണക്കമ്പനി ആരംഭിക്കുക

∙ റബർത്തടി കാർഷിക ഉൽപന്നമായി കണക്കാക്കി നികുതി കുറയ്ക്കുക

∙ റബറിനെ വാണിജ്യ വകുപ്പിനു കീഴിൽ നിന്നു കൃഷി വകുപ്പിനു കീഴിലാക്കുക

∙ റബർ ബോർഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുക

∙ ബോർഡിൽ ചെയർമാൻ ഉൾപ്പെടെയുള്ളവരെ നിയമിക്കുക

∙ ബോർഡിനുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുക

∙ റബർ ഉൽപാദക സംഘങ്ങളെ ശക്തിപ്പെടുത്തുക

∙ ഇറക്കുമതി ചെയ്യുന്ന റബറിനു മിനിമം വില നിശ്ചയിക്കുക

∙ റബർ മേഖലയിലും തൊഴിലുറപ്പു പദ്ധതി നടപ്പാക്കുക

∙ റബർ ഉൽപന്നങ്ങൾക്കു ചുമത്തിയിരിക്കുന്ന അശ്ശാസ്ത്രീയമായ നികുതികൾ പുനഃപരിശോധിക്കുക

∙ റബറിനെ സംബന്ധിക്കുന്ന ലോക വ്യാപാര സംഘടനാ ചട്ടങ്ങൾ ഭേദഗതി ചെയ്യുക.