കേന്ദ്രമന്ത്രി റബ്ബർ കർഷകരുമായി നടത്തിയ ചർച്ച നാടകമാണെന്നു ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്

കാഞ്ഞിരപ്പള്ളി ∙ ദേശീയ റബർ നയം രൂപീകരിക്കാനെന്ന പേരിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ച തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു നടത്തിയ തട്ടിപ്പാണെന്നു ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. റബർ കർഷകരോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണനയ്ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി കൊട്ടിഘോഷിക്കുന്ന ദേശീയ റബർ നയത്തെക്കുറിച്ച് യാതൊരു പരാമർശവും ഈ വർഷത്തെ കേന്ദ്ര ബജറ്റിലില്ല. റബറിന്റെ ഇറക്കുമതി തീരുവ ഉയർത്തിയില്ല. ചിരട്ടപ്പാൽ റബറിന്റെ ഇറക്കുമതി തീരുവ പൂർണമായും എടുത്തുകളഞ്ഞത് കേരളത്തിലെ റബർ കർഷകരെ ഏറെ പ്രതികൂലമായി ബാധിക്കും. ആവർത്തന കൃഷിക്കുള്ള സബ്സിഡി പോലും കൊടുത്തുതീർക്കാതെ കേന്ദമന്ത്രി റബർ കൃഷിക്കാരുമായി ചർച്ച നടത്തുന്നത് പ്രഹസനമാണ്.

റബർ വിലസ്ഥിരതാ ഫണ്ടിൽ നിന്നുള്ള ആനുകൂല്യവും കർഷകർക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സമരത്തിന്റെ ആദ്യ ഘട്ടമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19നു കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓഫിസിന് മുൻപിൽ പട്ടിണിസമരം സമരം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

നേതൃയോഗത്തിൽ കെപിസിസി സെക്രട്ടറി പി.എ.സലീം, കെപിസിസി അംഗം തോമസ് കല്ലാടൻ, ഡിസിസി ഭാരവാഹികളായ ഡോ. പി.ജെ.വർക്കി, പി.എ.ഷെമീർ, റോണി കെ.ബേബി, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ, യുജിൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ്, ജോ തോമസ്, റോയ് കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോർജ് ജേക്കബ്, ജോർജ് കൊട്ടാരം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.രാജു, ലത ഷാജി എന്നിവർ പ്രസംഗിച്ചു.