ശബരി റെയിൽപാത; സർവേ നടപടികൾ നിർത്തിവയ്ക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

ശബരി റെയിൽപാത; സർവേ നടപടികൾ നിർത്തിവയ്ക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

കാഞ്ഞിരപ്പള്ളി : ശബരി റെയിൽപാതയുടെ അന്തീനാട് മുതൽ എരുമേലിവരെയുള്ള ഭാഗത്തെ സർവേ നടപടികൾ നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവായി. റെയിൽവേ നടത്തുന്ന സർവേ നടപടികൾ സർക്കാർ അംഗീകൃത സ്കെച്ചിനു വിരുദ്ധമാണെന്നു കാണിച്ച് ചെമ്മലമറ്റം, പിണ്ണാക്കനാട്, പടിഞ്ഞാറെമല പ്രദേശത്തുള്ളവർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു ജില്ലാ കലക്ടർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ് .

2013 മേയ് 14നു ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായി സർവേ നടപടികൾ നടക്കുന്നുവെന്നായിരുന്നു പരാതി.
ആക്ഷേപങ്ങളും പരാതികളും വ്യാപകമായി ഉയർന്നതോടെ കഴിഞ്ഞമാസം മൂന്നിനു ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനമുണ്ടായത്. നിലവിൽ ലഭ്യമായിട്ടുള്ള സർക്കാർ അംഗീകൃത സ്കെച്ചും റെയിൽവേ തയാറാക്കി സമർപ്പിച്ചിട്ടുള്ള ടോപ്പോ സ്കെച്ചും പരിശോധിച്ചപ്പോൾ ടോപ്പോ സ്കെച്ച് സർക്കാർ അംഗീകൃത സ്കെച്ചിൽനിന്നു വ്യത്യാസമുള്ളതായും കണ്ടെത്തിയിരുന്നു.

സർക്കാർ സ്കെച്ചിൽ പരാമർശിക്കുന്ന സ്ഥലങ്ങൾക്കിടയിൽക്കൂടിയല്ല റെയിൽവേ ടോപ്പോ സ്കെച്ചിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. സർ‌ക്കാർ അംഗീകരിച്ച സ്കെച്ച് റെയിൽവേയ്ക്ക് തൃപ്തികരമല്ലെങ്കിൽ കാര്യ കാരണങ്ങൾ സഹിതം സർക്കാരിനെ അറിയിക്കാനും റെയിൽവേയ്ക്ക് കലക്ടർ നിർദേശം നൽകി. സർക്കാർ അംഗീകൃത സ്കെച്ചിനും ഹൈക്കോടതിയുടെ ഉത്തരവിനും വിരുദ്ധമായി യാതൊരു സർവേ നടപടികളും നടത്തരുതെന്നും ജില്ലാ കലക്ടർ റെയിൽവേ അധികാരികൾക്കു നിർദേശം നൽകി.