മകരവിളക്ക്: മാലിന്യം രണ്ടു നേരം നീക്കം‌ചെയ്യാൻ നിർദേശം

എരുമേലി ∙ മണ്ഡല – മകരവിളക്ക് സീസണിൽ തീർഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡിനും പഞ്ചായത്തിനും ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു.

∙ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ശുചിമുറികൾ പൊളിച്ചു മാറ്റണമെന്ന് ദേവസ്വം ബോർഡിനു നിർദേശം നൽകി.

∙ ടൺകണക്കിനു മാലിന്യമാണു സീസണിൽ കുന്നുകൂടുന്നത്. കുഞ്ഞതു രണ്ടു നേരം ഇവ ലോറിയിൽ നീക്കംചെയ്യണം.

∙ പൊലീസ് സ്റ്റേഷൻ റോഡിലെ ഇൻസിനറേറ്റർ, കവുങ്ങുംകുഴി ജൈവമാലിന്യ പ്ലാന്റ് എന്നിവ പൂർണമായി സജ്ജമായിരിക്കണം.

∙ വലിയതോട് മാലിന്യം സമയാസമയം നീക്കംചെയ്യണം.

∙ 40 മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ വിൽക്കാൻ അനുവദിക്കരുത്.

∙ രാസസിന്ദൂരത്തിനു പകരം ജൈവസിന്ദൂരം പരിഗണിക്കണം.

∙ പാർക്കിങ് മൈതാനങ്ങളിലെ മാലിന്യം കരാർ എടുത്തയാൾതന്നെ നീക്കണം.

∙ താൽക്കാലിക കടകൾക്കു സാനിട്ടേഷൻ, ഹെൽത്ത് കാർഡ് നിർബന്ധമാക്കി.

∙ കണമലയിൽ ആംബുലൻസ് ജീവനക്കാർക്കു വിശ്രമമുറിയും അനുബന്ധ സൗകര്യവും ഒരുക്കണം.

നാലു ശുചിമുറി കോംപ്ലക്സുകളും എട്ടു പാർക്കിങ് മൈതാനങ്ങളുമാണ് എരുമേലിയിൽ ദേവസ്വം ബോർഡിനുള്ളത്. ലക്ഷക്കണക്കിനു തീർഥാടകരാണു ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത്. എന്നാൽ, അതിനുതക്ക ശേഷി ടാങ്കിനില്ല. ജലസ്രോതസ്സുമായി ഇവ അകലം പാലിക്കുന്നുമില്ല. സെപ്റ്റിക് ടാങ്ക് മാലിന്യം നേരിട്ടു പുഴയിൽ എത്തുന്ന അവസ്ഥയാണിപ്പോൾ. ഇതു ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു.

ഇക്കാര്യത്തിൽ ശാശ്വത പരിഹാരം നിർബന്ധമാണ്. ശാസ്ത്രീയമായ കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ നിർമിക്കണം. ശുചിമുറി ഔട്ട്‌ലെറ്റ് ജലസ്രോതസ്സിൽനിന്ന് 7.5 മീറ്റർ അകലെ ആയിരിക്കണം. അല്ലാത്തവ പൊളിക്കണം. ഓരോ ശുചിമുറി കോംപ്ലക്സിനും വെവ്വേറെ സെപ്റ്റിക് ടാങ്ക് വേണം. നേരിട്ടു പുഴയിൽ പതിക്കാതെ സോക്കേജ് പിറ്റ് സ്ഥാപിക്കണം. പാർക്കിങ് ഗ്രൗണ്ട് ഇന്റർലോക്ക് ചെയ്യുകയോ ടാറിങ് നടത്തുകയോ വേണമെന്നും ആരോഗ്യ വകുപ്പു നിർദേശിച്ചു.