ഭക്തർക്ക് ചുഴലിക്കാറ്റ് പ്രശ്‌നമായില്ല, എരുമേലിയിൽ തിരക്ക് കൂടുന്നു

ഭക്തർക്ക് ചുഴലിക്കാറ്റ്  പ്രശ്‌നമായില്ല, എരുമേലിയിൽ തിരക്ക് കൂടുന്നു

എരുമേലി : ഓഖി ചുഴലിക്കാറ്റിനെ പറ്റി ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പുകൾ നിരവധി ഉണ്ടായിരുന്നുവെങ്കിലും, അതൊന്നും ശബരിമല തീർത്ഥാടർക്ക് പ്രശ്‌നമായില്ല. ഇന്നലെ എരുമേലിയിൽ പതിവിലും തിരക്ക് കൂടുതലായിരുന്നു.. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാൽ വെയിലേൽക്കാതെ പേട്ടതുള്ളാനും അയ്യപ്പഭക്തർക്കു കഴിഞ്ഞു. ഭീതി അകറ്റുവാൻ എത്രയും പെട്ടെന്ന് അയ്യപ്പസന്നിധിയിൽ എത്തുവാനുള്ള വെമ്പലിൽ ആയിരുന്നു മിക്കവരും..

കേരളത്തിൽ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ തീർഥാടക പ്രവാഹമായിരുന്നു. മഴയിൽ കാനനപാതയിൽ വഴുക്കൽ നേരിടുമെന്നതിനാൽ ഇതുവഴിയിള്ള തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. മണ്ഡലകാലം രണ്ട് ആഴ്ച പിന്നിട്ടിരിക്കെ തീർഥാടനം തുടങ്ങിയപ്പോൾ മുതലുള്ള തിരക്ക് അനുദിനം വർധിക്കുന്നതായാണ് സൂചന. ബുധൻ മാത്രമാണ് തിരക്കിൽ അൽപം കുറവുണ്ടായത്.

എരുമേലി മുതൽ കൊരട്ടി വരെ രണ്ട് കിലോമീറ്റർ ദൂരത്തിൽ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ നിശ്ചലമായിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ബസ് സ്റ്റാൻഡ് റോഡിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഓഖി ചുഴലിക്കാറ്റ് മൂലം ഇന്നലെ തിരക്ക് കുറയുമെന്നായിരുന്നു വ്യാപാരികളുടെയും മറ്റും കണക്കുകൂട്ടൽ. എന്നാൽ പേട്ടതുള്ളാൻ തീർഥാടകർ ഉപയോഗിക്കുന്ന സിന്ദൂരത്തിന്റെയും മറ്റും വിൽപന ഇന്നലെ വളരെ കൂടുതലായിരുന്നെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. ഹോട്ടലുകളിലും തിരക്ക് അനുഭവപ്പെട്ടു.