എരുമേലിയിൽ കനത്ത സുരക്ഷ : ധർമശാസ്താ ക്ഷേത്രം നടപ്പന്തലിൽ 29 മണിക്കൂർ നാമജപം തുടങ്ങി

എരുമേലിയിൽ കനത്ത  സുരക്ഷ : ധർമശാസ്താ ക്ഷേത്രം നടപ്പന്തലിൽ 29 മണിക്കൂർ നാമജപം തുടങ്ങി

എരുമേലി : ചിത്തിര ആട്ട തിരുനാളിന് ഇന്നലെ വൈകിട്ട് അഞ്ചിന് ശബരിമല നട തുറന്നപ്പോൾ ഇതേ സമയത്ത് എരുമേലിയിൽ അഖണ്ഡ നാമജപ യജ്ഞത്തിന് ദീപക്കാഴ്ചയോടെ തുടക്കമായി. നട അടക്കുന്ന ഇന്ന് രാത്രി പത്തിനാണ് യജ്ഞം സമാപിക്കുക.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യമായാണ് വലിയമ്പലത്തിൽ  നാമജപ യജ്ഞം ആരംഭിച്ചത്. ശബരിമല കർമസമിതി ജില്ലാ പ്രസിഡന്റും ഹിന്ദു ചേരമർ മഹാസഭ സംസ്ഥാന പ്രസിഡന്റുമായ പി എസ് പ്രസാദ് ഉത്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ പ്രസിഡന്റ്‌ എൻ ഹരി, അനിയൻ എരുമേലി, പി പി പെരിശ്ശേരി പിള്ള, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. 

ഇന്നലെ രാവിലെ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞതോടെ എരുമേലിക്കു സമീപം നാലിടത്തു ഭക്തർ റോഡ് ഉപരോധിച്ചു. ഞായർ അർധരാത്രി മുതൽ എരുമേലിയിലേക്ക് തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു.

രാത്രിയിലും പുലർച്ചെയുമായി എത്തിയവരോടു എരുമേലിയിൽ തങ്ങാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. ആദ്യം അഞ്ചു മണിക്കു കടത്തിവിടാമെന്നു പറഞ്ഞ പൊലീസ് പിന്നീട് എട്ടു മണിയാക്കി. എന്നാൽ രാവിലെ 8.30 ആയിട്ടും തീർഥാടക വാഹനങ്ങളും കെഎസ്ആർടിസി ബസുകളും നിലയ്ക്കലിലേക്ക് കടത്തി വിട്ടില്ല. വാഹനങ്ങൾ പിടിച്ചിട്ടതോടെയുണ്ടായ തിരക്കിൽ തീർഥാടകർ വലഞ്ഞു. നിലയ്ക്കലെ തിരക്കു കുറയ്ക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ദേവസ്വം പാർക്കിങ് മൈതാനം, കരിങ്കല്ലുമ്മൂഴി. എംഇഎസ് കോളജ് പടി, കണമല എന്നിവിടങ്ങളിൽ തീർഥാടക വാഹനങ്ങൾ തടഞ്ഞു.

ഒടുവിൽ പത്തു മണിക്കു എല്ലാ വാഹനങ്ങളും കടത്തി വിട്ടു. ഇതിനിടെ എരുമേലി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ നിലയ്ക്കലിലേക്ക് സർവീസ് നടത്തുന്നില്ലെന്ന് ആരോപിച്ച് തീർഥാടകർ ഡിപ്പോയിലെത്തി പ്രതിഷേധം അറിയിച്ചു. ശരണമന്ത്ര ജപങ്ങളുമായി റോഡിലിറങ്ങിയ തീർഥാടകർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്കുള്ള ബസുകളും തടഞ്ഞിട്ടു. വാഹനങ്ങൾ എരുമേലിയിൽ നിന്നും യാത്ര തുടരാൻ അനുവദിച്ചതോടെയാണ് സ്ഥിതി ശാന്തമായത്.

ശബരിമലയ്ക്ക് പോകാനെത്തിയ വാഹനങ്ങൾ എം ഇഎസ് കോളജ് പടിക്കൽ തടഞ്ഞ് വാഹനങ്ങളുടെ നമ്പരും, ഡ്രൈവറുടെ മേൽവിലാസവും, വാഹനത്തിലുള്ള ആളുകളുടെ എണ്ണവും പരിശോധിച്ച് എഴുതിയെടുത്ത ശേഷമാണ് കടത്തി വിട്ടത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട് അഞ്ചു വരെ എരുമേലി –കണമല വഴി കടന്നു പോയ 500 വാഹനങ്ങളിലായി പതിനായിരത്തിലേറെ തീർഥാടകർ ഇതു വഴി ശബരിമലയിലേക്ക് പോയതായാണ് പൊലീസിന്റെ കണക്ക്. എരുമേലിയിലും ശബരിമല ഹൈവേയിലും വൻ പൊലീസ് സംഘമാണ് തമ്പടിച്ചിരിക്കുന്നത്. 150 വനിതകൾ ഉൾപ്പടെ 500 പൊലീസുകാർ വിവിധയിടങ്ങളിലായി ഡ്യൂട്ടിയിലുണ്ട്.