ദേവസ്വം ബോർഡിനെതിരെ ഒരുകൂട്ടം അയ്യപ്പഭക്തർ; എരുമേലിയിലെ ദേവസ്വം ഓഫീസ് താഴിട്ട് പൂട്ടി ഭക്തർ പ്രതിഷേധിച്ചു.

ദേവസ്വം ബോർഡിനെതിരെ ഒരുകൂട്ടം അയ്യപ്പഭക്തർ;  എരുമേലിയിലെ ദേവസ്വം ഓഫീസ് താഴിട്ട് പൂട്ടി ഭക്തർ പ്രതിഷേധിച്ചു.

എരുമേലി : എരുമേലിയിൽ നടന്ന ആയിരങ്ങൾ പങ്കെടുത്ത നാമജപഘോഷയാത്രയും സമ്മേളനവും കഴിഞ്ഞു മടങ്ങുകയായിരുന്ന ഒരു സംഘം അയ്യപ്പ ഭക്തരായ നാട്ടുകാർ എരുമേലി വലിയമ്പലത്തിൽ ദേവസ്വം ഓഫീസിലെ ജീവനക്കാരെ പുറത്തിറക്കിയ ശേഷം ഓഫീസ് മുറികൾ അടച്ച് വാതിലുകൾ താഴിട്ട് പൂട്ടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോലീസ് എത്തി സി സി ക്യാമറകൾ പരിശോധിച്ചെങ്കിലും പൂട്ടുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

സംഭവം സംബന്ധിച്ച് പരാതി നൽകുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുറി, മരാമത്ത് ഓഫീസ് എന്നിവയാണ് പൂട്ടിയത്. മരാമത്ത് പണികൾ ഇന്നലെ ഒരു സംഘം ഭക്തർ തടഞ്ഞതോടെ നിർത്തിവെച്ചിരിക്കുകയാണ്.

ശബരിമല ക്ഷേത്രത്തിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് കോടതി പുറപ്പെടുവിച്ച ഉത്തരവ് ബാധകമാക്കാതിരിക്കുന്നതിന് ദേവസ്വവും സർക്കാരും നിയമ നിർമാണം നടത്തണമെന്നാണ് ആവശ്യം. ഇതിന് നടപടികളാകുന്നത് വരെ എരുമേലി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ തടയുമെന്നും സമരക്കാർ അറിയിച്ചു.

രാവിലെ 11 ന് നടന്ന നാമജപ ഘോഷയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ ഉത്ഘാടന പ്രസംഗം നടത്തി.