വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിക്ക് നൊന്പരമായി സഹൃദയ വായനശാല ; ഇപ്പോൾ ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ..

വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിക്ക്   നൊന്പരമായി സഹൃദയ വായനശാല ; ഇപ്പോൾ  ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ..

കാഞ്ഞിരപ്പള്ളി: ഇന്ന് വായനാദിനം .. പക്ഷെ വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിയെ വായന പഠിപ്പിച്ച സഹൃദയ വായനശാലയെപറ്റി ഓർക്കുന്പോൾ കാഞ്ഞിരപ്പള്ളിക്കാർക്ക് നൊന്പരമാണ്. കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി നിന്നിരുന്ന സഹൃദയവായനശാല ഇപ്പോൾ ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ നില്ക്കുന്നു.

ഡി.സി.കിഴക്കേമുറിയുള്‍പ്പെടെയുള്ള സാസ്‌കാരിക നായകന്‍മാര്‍ തുടക്കം കുറിച്ച് പട്ടണത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹ്യ മേഖലയില്‍ നിസ്തുല സംഭാവനകളേകിയ സഹൃദയ വായനശാല ഇന്ന് ശോച്യാവസ്ഥയില്‍.

കാഞ്ഞിരപ്പള്ളി കുരിശുകവലയില്‍ സ്ഥിതി ചെയ്യുന്ന വായനശാലയില്‍ ഗവേഷണഗ്രന്ഥങ്ങളും അപൂര്‍വ്വമായ പുസ്തകശേഖരവും ഉള്‍പ്പെടെ 15,000-പുസ്തകങ്ങളുണ്ട്. 25,000-ല്‍പ്പരം പുസ്തകങ്ങള്‍ മുമ്പുണ്ടായിരുന്നു .കാത്തുസൂക്ഷിക്കുന്നതിലെ അപാകത്താല്‍ പലതും ചിതലെടുത്ത് നശിച്ചു. ദിനംപ്രതി പത്തിലേറെ പത്രങ്ങള്‍ വരുത്തുന്ന ഇവിടെ വായനക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ല.

കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആസ്ഥാനവും ശോച്യാവസ്ഥയിലായ മറ്റൊരു മുറിയിലാണ് .കെട്ടിടം പുതുക്കിപ്പണിയാന്‍ പഞ്ചായത്ത് 60 ലക്ഷം രൂപ അനുവദിച്ച് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായിട്ടില്ല.

ഡി.സി.കിഴക്കേമുറിയുടെ പേരില്‍ സ്മാരകം പണിയാന്‍ എം.എല്‍.എ. അഞ്ച് ലക്ഷംരൂപ അനുവദിച്ചിട്ട് മൂന്നു വര്‍ഷവും കഴിഞ്ഞു.വമ്പന്‍ പദ്ധതികള്‍ തയ്യാറാക്കിയതിനാല്‍ സമയാസമയങ്ങളിലെ അറ്റകുറ്റപ്പണിയും നടക്കുന്നില്ല.

കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി നിന്നിരുന്ന സഹൃദയവായനശാല പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.