നവ്യാനുഭവമായി കാഞ്ഞിരപ്പള്ളി സാംസ്‌കാരികോത്സവം..

നവ്യാനുഭവമായി കാഞ്ഞിരപ്പള്ളി സാംസ്‌കാരികോത്സവം..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക രംഗത്ത് നവ്യാനുഭവമായി മാറിയ കാഞ്ഞിരപ്പള്ളി സാംസ്‌കാരികോത്സവം സമാപിച്ചു. മെയ് 9-15 വരെ തീയതികളിലായി കാഞ്ഞിരപ്പള്ളി പേട്ടക്കവലയോട് ചേര്‍ന്നുള്ള തോംസണ്‍ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് സാംസ്‌കാരികോത്സവവും അനുബന്ധമായി പുസ്തകോത്സവവും സംഘടിപ്പിച്ചത്.

7 ദിവസങ്ങളിലായി അഞ്ചരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് പുസ്തകോത്സവത്തിൽ വിറ്റഴിഞ്ഞത്. വിവിധങ്ങളായ സെമിനാറുകളും, കലാമത്സരങ്ങളും വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിപാടികളുമെ.ാം സാംസ്‌കാരികോത്സവത്തെ ശ്രദ്ധേയമാക്കിമാറ്റി. മെയ് 9 ന് കെ. ഇ.എന്‍. കുഞ്ഞുമുഹമ്മദ് സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു.

കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ മുഖ്യാതിഥിയായിരുന്നു . തുടർന്ന് സി.ജെ കുട്ടപ്പനും സംഘവും ചേര്‍ന്നുള്ള നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളിൽ ഡോ.സുനി. പി. ഇളയിടം, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്, ഡോ. റ്റി.എന്‍.ഗോപിനാഥപിള്ള, ഡോ.പ്രസൂണ്‍ മാത്യു, ജനപ്രതിനിധികള്‍, സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് നടന്ന പ്രതിഭാസംഗമത്തിൽ മുഖ്യാതിഥിയായി എത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സായിരുന്നു . ഒപ്പം വിവധ മേഖലകളിലെ പ്രതിഭകളായി മാറിയ സോജന്‍ തുണ്ടിയിൽ – കൃഷി, സുമേഷ് കൂട്ടിക്കൽ -സംഗീതം, നിയ പത്യാല- ബാല ഗായിക, സനോജ് സുരേന്ദ്രന്‍- മാധ്യമപ്രവര്‍ത്തനം, നൗഷാദ് വെംബ്‌ളി – അംബേദ്കര്‍ പുരസ്‌കാര ജേതാവ് (മാധ്യമ പ്രവര്‍ത്തനം) ലിബിന്‍ ജോസ് – കായികം, ജോഷി മംഗലത്ത് – ജീവകാരുണ്യപ്രവര്‍ത്തനം, ഇടകുന്നം ഗാന്ധി സ്മാരക ഗ്രന്ഥശാല, കാഞ്ഞിരപ്പള്ളി വോളി ഫ്രണ്ട്സ് ക്ലബ്ബ്, എ.പി. വിശ്വം – മികച്ച ഗ്രന്ഥശാല പ്രവര്‍ത്തനം, രാഹുൽ കൊച്ചാപ്പി, ബനേഷ് മുട്ടപ്പള്ളി- നാടന്‍ കലകള്‍ തുടങ്ങിയവരെ വി.എന്‍.വാസവന്‍ എക്‌സ് എം.എ..എ.യുടെ നേതൃത്വത്തിൽ ആദരിച്ചു.

ഏഴുദിവസങ്ങളിലായി നാടന്‍ പാട്ടുകള്‍, കടത്തനാടന്‍ കളരിപ്പയറ്റ്, നിഴൽ പാവക്കൂത്ത്, നോക്കുപാവ വിദ്യ മെഗാ മ്യൂസിക്കൽ ഷോ, കോമഡി ഷോ എന്നിവയും അരങ്ങേറി. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ പാട്ടരങ്ങ്, ചിത്രരചനാ മത്സരം, നാടകാവതരണം തുടങ്ങിയവയും പ്രാദേശികമായി കവികളുടേയും, എഴുത്തുകാരുടേയും, കലാകാരന്മാരുടെയും സംഗമവും സംഘടിപ്പിച്ചിരുന്നു .

കേരളത്തിലെ പ്രമുഖരായ പ്രസാധകരയൊക്കെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പുസ്തകമേള പങ്കാളിത്തം കൊണ്ടും , പുസ്തകങ്ങളുടെ ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി മാറി. വ്യക്തികള്‍ക്കും ഗ്രന്ഥശാലകള്‍ക്കും വ്യത്യസ്തങ്ങളായ സൗജന്യ നിരക്ക് പദ്ധതിയും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം കെ.ജെ.തോമസ് എക്‌സ് എം.എ..എ. ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ജനറൽ കണ്‍വീനര്‍ കെ.രാജേഷ് അദ്ധ്യക്ഷനായിരുന്നു . തുടര്‍ന്നു സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കൽ, രാജേഷ് അടിമാലി എന്നിവരുടെ നേതൃത്വത്തിൽ മെഗാഷോയും അരങ്ങേറി.
കേരള സാഹിത്യ അക്കാദമി അംഗവും, കവയത്രിയുമായ ഡോ.മ്യൂസ് മേരി ജോര്‍ജ്ജ് ചെയര്‍പേഴ്‌സണും, കെ.രാജേഷ് ജനറൽ കണ്‍വീനറുമായ കാഞ്ഞിരപ്പള്ളി സാംസ്‌കാരിക സമിതിയും കേരളാ ഫോക്‌ലോർ അക്കാദമിയും സംയുക്തമായാണ് ഒരാഴ്ച നീണ്ടു നിന്ന പരിപാടികൾ സംഘടിപ്പിച്ചത്.

വിവിധ അനുബന്ധ പരിപാടികളിലായി ഗ്രാമ പഞ്ചയാത്ത് പ്രസിഡണ്ട് ഷക്കീല നസീർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി എൻ പ്രഭാകരൻ, വി പി ഇബ്രാഹിം, പി ഷാനവാസ്, വി പി ഇസ്മായിൽ, ഷമീം അഹമ്മദ്, വി. സജിൻ , തങ്കമ്മ ജോർജ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.