ദേശീയപാതയോരത്തെ മണൽ അപകട കാരണമാകുന്നു

ചിറ്റടി∙ ദേശീയപാതയിൽ അട്ടിവളവിലും സമീപ പ്രദേശത്തും റോഡിന്റെ ഒരു ഭാഗത്തു മണൽ നിറഞ്ഞിരിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. മഴപെയ്തൊഴുകിയെത്തുന്ന വെള്ളത്തിനൊപ്പം എത്തുന്ന മണലാണ് റോഡിന്റെ വശങ്ങളിൽ കിടക്കുന്നത്. വേഗത്തിലെത്തുന്ന ഇരുചക്ര യാത്രികർ അപകടത്തിൽപെടുന്നത് നിത്യസംഭവമായി. വാഹനങ്ങളുടെ ടയർ മണലിൽ തെന്നി മാറുകയും വീണ് അപകടമുണ്ടാകുകയുമാണ് പതിവ്.

മുണ്ടക്കയത്തിനു സമീപം 31–ാം മൈൽ, പൈങ്ങണ വളവുകളിലും സമാന രീതിയിൽ അപകട സാധ്യത നിലനിൽക്കുന്നു. അട്ടിവളവിൽ അപകടങ്ങൾ ഒഴിവാക്കുവാൻ ലക്ഷങ്ങൾ മുടക്കി റോഡിന് വീതികൂട്ടി നിർമാണം നടത്തിയെങ്കിലും അപകടങ്ങൾക്കു ശമനമില്ല. ചോറ്റി മുതൽ അട്ടിവളവ് വരെ നിരപ്പായ റോഡിൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ അതേ വേഗത്തിൽ തന്നെ അട്ടിവളവ് മറികടക്കാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്കു കാരണം.

വളവിൽ ക്രാഷ് ബാരിയറുകളും, വേഗനിയന്ത്രണ സംവിധാനങ്ങളും ഡിവൈഡറുകളും സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകും. ഇത്തരത്തിൽ അപകട സാധ്യത നിലനിൽക്കുന്നതിനൊപ്പമാണ് യാത്രക്കാർക്ക് വിനയായി മണലും വന്നടിഞ്ഞിരിക്കുന്നത്. വളവിലെ റോഡ് നിർമാണത്തിന്റെ അപാകതയാണ് മുൻപ് അപകടങ്ങൾക്ക് കാരണമായിരുന്നത്.

ഇതേ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡ് വീതികൂടിയതോടെ വാഹനങ്ങളുടെ വേഗവും കൂടിയിരുന്നു. ചോറ്റി നിർമലാരത്ത് ഹൈവേ പൊലീസിന്റെ വാഹന വേഗ പരിശോധന നടക്കുന്നുണ്ടെങ്കിലും അട്ടിവളവിലെ അപകടങ്ങൾ കുറയ്ക്കുവാൻ കഴിഞ്ഞിട്ടില്ല.