എരുമേലിയിൽ ചെത്ത്‌ തൊഴിലാളി പനയിൽ നിന്നും വീണ് മരിച്ചു.

എരുമേലിയിൽ  ചെത്ത്‌ തൊഴിലാളി പനയിൽ നിന്നും വീണ് മരിച്ചു.

എരുമേലി : ജോലിയുടെ ഭാഗമായി കള്ള് ചെത്തിയെടുക്കുന്നതിന് പനയിൽ കയറിയ ചെത്ത്‌ തൊഴിലാളി പനയിൽ നിന്നും വീണു മരിച്ചു. പാണപിലാവ് ചീനിമരം തോട്ടിച്ചാലിൽ സന്തോഷ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ എരുമേലി ടൗണിന് സമീപം ഓരുങ്കൽകടവിലാണ് സംഭവം. കള്ള് ചെത്തിയെടുക്കുന്നതിന് പനയിൽ കയറിയ സന്തോഷ് പിടിവിട്ടു താഴെ വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.

എരുമേലി ടൗണിൽ കരിങ്കല്ലുമുഴിയിൽ ഷാപ്പ് ജീവനക്കാരനായ സന്തോഷ് ലിവർ സിറോസിസ് ഉൾപ്പടെ വിവിധ രോഗങ്ങൾ മൂലം മാസങ്ങളോളം ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിച്ചത്. തലേ ദിവസം ഓരുങ്കൽകടവിൽ കാലായിൽ വീട്ടിലെ പറമ്പിൽ പന ചെത്തിയൊരുക്കിയ സന്തോഷ് തിങ്കളാഴ്ച വൈകുന്നേരം ആ പനയിൽ കള്ള് ചെത്തിയെടുക്കാൻ കയറിയപ്പോഴാണ് അപകടത്തിൽ പെട്ടത്. പനയിൽ കയറിയതിനിടെ വഴുതി വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ സന്തോഷിനെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്ന് പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു. മക്കൾ -ശില്പ, ശാലു, ശരണ്യ.