അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ (നീറ്റ് ) കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്ക് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ജെസ് മരിയ ബെന്നിയ്ക്ക്

അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ (നീറ്റ് ) കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്ക്   ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ജെസ്  മരിയ ബെന്നിയ്ക്ക്

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും അഖിലേന്ത്യാ എം ബി ബി എസ് പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്ക് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്. പന്ത്രണ്ടര ലക്ഷത്തിനു മേൽ വിദ്യാർഥികൾ എഴുതിയ അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സ് (നീറ്റ് ) പരീക്ഷയിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനി ജെസ് മരിയ ബെന്നി കേരളത്തിലെ ഒന്നാം റാങ്കു നേടി ചരിത്രം ആവർത്തിച്ചു. കഴിഞ്ഞവർഷവും നീറ്റ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്ക് സെന്റ് ആന്റണീസിനായിരുന്നു. ഡെറിക് ജോസഫ് ആയിരുന്നു കഴിഞ്ഞ വർഷത്തെ താരം.

ഇത്തവണത്തെ സാപ്സ് താരമായ ജെസ് മരിയ ബെന്നിയ്ക്ക് കേരളത്തിലെ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ അൻപത്തി ആറാം റാങ്കുമാണ് ലഭിച്ചത് . 720 ൽ 664 മാർക്ക് നേടിയാണ് ജെസ് മരിയ റാങ്ക് നേട്ടം കൈവരിച്ചത് . കഴിഞ്ഞ വര്ഷം പ്ലസ് 2 പാസ്സായ ജെസ് മരിയ ബ്രില്ലിന്റ ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പീറ്റ് ബാച്ചിൽ ചേർന്ന് രണ്ടാം തവണ എഴുതിയാണ് അതുല്യ വിജയം നേടിയത്.

റയിൽവേ പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ് അങ്കമാലി വളവഴി മേനാച്ചേരി ബെന്നിയുടെയും ചെങ്ങൽ സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപിക ജസീന്തയുടെയും മകളാണ് ജെസ് മരിയ ബെന്നി.

സ്‌കൂൾ മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിന്‍സിപ്പൽ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പൽ ഫാ. മനു കെ മാത്യു, പി.ടി.എ പ്രസിഡന്റ് അഡ്വ സോണി തോമസ് മുതലായവർ ജെസ് മരിയയെ പ്രത്യകമായി അഭിനന്ദിച്ചു.
സി.ബി.എസ്.ഇ ഇക്കഴിഞ്ഞ മാര്‍ച്ചിൽ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളിലും സെന്റ് ആന്റണീസിലെ കുട്ടികള്‍ മികച്ച വിജയമാണ് നേടിയത്.

തന്റെ വിജയത്തിൽ നിർണായകമായ അഞ്ചു ഘടകങ്ങൾ ജെസ് മരിയ ബെന്നി പറയുന്നത് ഇങ്ങനെ :

1. എഴുതി നേടി

മൂന്നു വർഷമായി എൻട്രൻസ് പഠനമുണ്ട്. പ്ലസ് വണ്ണിൽ തുടങ്ങിയതാണു കോച്ചിങ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരക്കണക്കിനു മോഡൽ ചോദ്യങ്ങൾ ചെയ്തുതീർത്തു. ഓരോ ചോദ്യവും ചെയ്യുമ്പോഴുണ്ടാകുന്ന സംശയങ്ങൾ പഠനത്തെ പുതിയ മേഖലകളിലേക്കു വ്യാപിപ്പിച്ചു. ബയോളജി, കെമിസ്ട്രി ഉത്തരങ്ങൾ പെട്ടെന്ന് ഓർമയിലെത്താനും എഴുതിയുള്ള പഠനം സഹായിച്ചു.

2. മോക്ക് ടെസ്റ്റ്

പരീക്ഷാസമയം കൃത്യമായി മാനേജ് ചെയ്യാൻ മോക്ക് ടെസ്റ്റുകൾ സ്വയം നടത്തി. പരീക്ഷാ സാഹചര്യങ്ങൾ പൂർണമായും സൃഷ്ടിച്ച് അതിവേഗം ചോദ്യങ്ങൾ ചെയ്തു തീർത്തു. സ്പീഡ് ലഭിച്ചതങ്ങനെ.

3. ബയോളജി ഫസ്റ്റ്

സമയം മാനേജ് ചെയ്യാൻ ഉത്തരമെഴുതുമ്പോൾ ബയോളജി, കെമിസ്ട്രി, അതിനുശേഷം ഫിസിക്സ് എന്ന ക്രമം ശീലിച്ചിരുന്നു. ഫിസിക്സിലെ പ്രോബ്ലങ്ങൾ ചെയ്യാൻ ആവശ്യത്തിനു സമയം അങ്ങനെ കണ്ടെത്തി.

4. ഹോസ്റ്റൽ പഠനം

പ്രവേശനപരീക്ഷകൾക്കു ഹോസ്റ്റലിൽ താമസിച്ചു പഠിക്കണം. ചുറ്റും പഠിക്കുന്ന കുട്ടികൾ മാത്രം. അതു കാണുമ്പോൾതന്നെ പഠിക്കാനുള്ള തോന്നലുണ്ടാകും. ക്ലാസുള്ളപ്പോൾ ആറുമണിക്കൂറും ക്ലാസില്ലാത്തപ്പോൾ 12 മണിക്കൂറുമായിരുന്നു പഠനം.

5. റീചാർജ് പോയിന്റ്

രണ്ടു മാസത്തിനൊരിക്കലാണ് അങ്കമാലിയിലെ വീട്ടിലേക്കു പോയിരുന്നത്. പിന്നെ പുസ്തകം തൊട്ടുകൂടി നോക്കില്ല. ക്ഷീണവും സമ്മർദവും മുഴുവൻ തീർത്ത്, വീണ്ടും രണ്ടുമാസം വിശ്രമമില്ലാത പഠിക്കാനുള്ള ‘റീചാർജിങ്’. ഇതിനൊക്കെ പുറമെ, മറ്റൊരു കാരണം കൂടി ജെസിനു പറയാനുണ്ട്. അച്ഛൻ ബെന്നി ജോണും അമ്മ ജെസീന്തയും സഹോദരൻ ജോൺ ബെന്നിയും നൽകിയ പ്രചോദനം.