ആരോരുമറിയാതെ ഒരു അടാർ തട്ടിപ്പ്… അടിച്ചുമാറ്റിയത് ഒരു കോടി മുപ്പതു ലക്ഷം രൂപ

ആരോരുമറിയാതെ ഒരു അടാർ തട്ടിപ്പ്…   അടിച്ചുമാറ്റിയത് ഒരു കോടി മുപ്പതു ലക്ഷം രൂപ

എരുമേലി : തട്ടിപ്പിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് .. പക്ഷെ കഴിഞ്ഞ ദിവസം എരുമേലിയിൽ നടന്നത് അതിൽ നിന്നൊക്കെ വിഭിന്നമാണ്‌.. അധികമാരും പ്രയോഗിക്കാത്ത ഒരു കാഞ്ഞ ബുദ്ധിപ്രയോഗം … ഒരു സ്ത്രീ, താൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും കൂളായിട്ടു അടിച്ചുമാറ്റിയതു ഒരു കോടി മുപ്പതു ലക്ഷം രൂപ.. പക്ഷെ അതിസൂക്ഷ്മമായി നടത്തിയ ഓപ്പറേഷനിൽ ഉണ്ടായ ഒരു നിമിഷത്തെ പാളിച്ചയിൽ എല്ലാം തകിടം മറിഞ്ഞു .. ആൾ ഇപ്പോൾ ഒളിവിലാണ്.. പോലീസ് പിന്നാലെയും..

വർഷത്തിൽ ഒരു ലീവ് പോലും എടുക്കാതെ, എല്ലാ ദിവസവും ഓഫീസിൽ തുറക്കുന്നതിനു മുൻപ് എത്തുകയും, ഓഫീസിൽ അടച്ചശേഷം മാത്രം വീട്ടിൽ പോവുകയും, ഓഫിൽ ഓഫീസിൽ എത്തുന്നവരുടെ കാര്യങ്ങൾ മുഴുവനും ശുഷ്കാന്തിയോടെ ഓടിനടന്നു കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന ആ ജോലിക്കാരിയെപ്പറ്റി മേലധികാരികൾക്ക് വലിയ മതിപ്പായിരുന്നു . ജോലിയിലുള്ള അവരുടെ ആത്മാര്ഥതയിൽ പലപ്പോഴും അവരെ മറ്റുള്ളവർക്ക് മാതൃകയാക്കുവാനും മാനേജർ ഉത്സാഹം കാണിച്ചിരുന്നു . എന്നാൽ താൻ നടത്തുന്ന തട്ടിപ്പു മറ്റുള്ളവർ അറിയാതെ ഇരിക്കുവാൻ വേണ്ടിയാണു ഓഫീസിൽ തന്നെ അവർ മുഴുവൻ സമയവും തങ്ങിയിരുന്നതെന്നും ഇടപാടുകാരെ ഒറ്റയ്ക്ക് പൂർണമായും കൈകാര്യം ചെയ്തിരുന്നതും എന്ന് മേലധികാരികൾക്ക് മനസ്സിലാണ് വമ്പൻ തട്ടിപ്പിന്റെ ചുരുൾ അഴിഞ്ഞ ദിവസം മാത്രമാണ് .

തട്ടിപ്പു നടത്തിയത് ഇങ്ങനെ :

എരുമേലി യൂണിയൻ ബാങ്ക് ശാഖക്ക് സമീപം പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിലാണ് തട്ടിപ്പ് നടന്നത്. ഓഫീസ് അസിസ്റ്റൻറ്റ് കം കാഷ്യർ ആയ ജെസ്ന (30) ആണ് തട്ടിപ്പ് നടത്തിയതെന്ന് പോലിസ് പറഞ്ഞു.

ഇടപാടുകാരുടെ കൈയിൽ നിന്നും സ്വർണം പണയമായി വാങ്ങി പണം കടം കൊടുക്കുന്ന സ്ഥാപനമാണ് മുളമൂട്ടിൽ ഫൈനാൻസ്. ഇടപാടുകാർ നൽകുന്ന സ്വർണം പാക്ക് ചെയ്തു സീൽ ചെയ്തു ലോക്കറിൽ വയ്ക്കും. പല തവണകളായി ഇടപാടുകാർ പണവും പലിശയും തിരികെ കൊടുത്തു പൂർത്തിയാകുമ്പോൾ സ്വർണം തിരികെ വാങ്ങി കൊണ്ടുപോകും. ചിലപ്പോൾ ഇടയ്ക്കുവച്ചു ഇടപാടുകാർ ബാക്കിയുള്ള മുഴുവൻ തുകയും ഒരുമിച്ചു അടച്ചു സ്വർണം തിരികെ എടുക്കും. ഇടപാടുകാരുമായുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ജെസ്നയായിരുന്നു.

ഇടപാടുകാർ ബാക്കിയുള്ള പണം ഒരുമിച്ചു അടച്ചു തീർത്തു സ്വർണം തിരികെ എടുക്കുവാൻ വരുന്നതോടെ തട്ടിപ്പിന്റെ ആദ്യ ഭാഗം തുടങ്ങുകയായി. ഇടപാടുകാരുടെ കൈയിൽ നിന്നും പണം മുഴുവൻ വാങ്ങി അവരുടെ സ്വർണം ലോക്കറിൽ നിന്നെടുത്തു കൃത്യമായി കൊടുക്കും. പരിശോധിച്ച് നോക്കി ബോധ്യപ്പെട്ടതിനു ശേഷം ഇടപാടുകാർ സ്വർണവുമായി തിരികെ പോകും . ഇടപാടുകാർ തട്ടിപ്പിന് ഇരയാകുന്നില്ല. പകരം പണി കൊടുത്തത് അന്നം തന്നുകൊണ്ടിരുന്ന സ്ഥാപനത്തിന് തന്നെയായിരുന്നു..

ജെസ്‌ന ഇടപാടുകാർ പോയാൽ ഉടൻ തിരികെ അവരുടെ സ്വർണം ഇരുന്നിരുന്ന പായ്ക്കിൽ സ്വർണത്തിനു പകരം അതെ തൂക്കമുള്ള മുക്കുപണ്ടങ്ങളും കോയിനുകളും ഇട്ടു സീൽ ചെയ്തു ലോക്കറിൽ തിരികെ വയ്ക്കും. എന്നിട്ടു ഇടപാടുകാരുടെ അടുത്തുനിന്നും സ്വീകരിച്ച ബാക്കി പണം ജെസ്‌ന ഓഫീസിൽ തിരികെ കൊടുക്കാതെ കൈയിൽ വച്ചശേഷം, ഇടപാടുകാർ സ്വർണം തിരികെ എടുത്തില്ലെന്നും, വീണ്ടും അവിടെ തന്നെ പണയം വച്ചുവെന്നും സ്ഥാപനത്തെ അറിയിക്കും. അതനുസരിച്ചു വ്യാജ രേഖകളും ഉണ്ടാക്കും.

പണയ ഉരുപ്പടി വച്ചിരുന്ന സീൽ ചെയ്ത കൂടിനുള്ളിൽ നേരത്തെ ഉണ്ടായിരുന്ന സ്വർണത്തിനു തുല്യമായ മുക്കുപണ്ടങ്ങളൂം കോയിനുകളൂം ആണ് നിക്ഷേപിക്കുന്നത്. അതോടെ മേലധികാരികൾക്കു ലോക്കറിൽ സ്വർണം ഭദ്രമായി ഇരിക്കുന്നുവെന്ന തോന്നൽ ഉളവാക്കും. ഇടപാടുകാരൻ ക്രമമായി പലിശ പണം അടയ്ക്കുന്നുണ്ടെന്നു കാണിക്കുവാൻ വേണ്ടി സ്വന്തം കൈയിൽ നിന്നും മാസാമാസം ജെസ്‌ന സ്ഥാപനത്തിലേക്ക് ഇടപാടുകാരുടെ പേരിൽ പലിശ പണം അടയ്ക്കുകയും ചെയ്തിരുന്നു.

സ്ഥാപനത്തിൽ ഒരിക്കൽ ലോക്കറിൽ വച്ച ഉരുപ്പടികൾ ഇടയ്ക്കു എടുത്തു പരിശോധിക്കുന്ന പതിവില്ല എന്ന കാര്യം വിദഗ്ദമായി മുതലാക്കിയായിരുന്നു ജെസ്‌ന തട്ടിപ്പു നടത്തിയിരുന്നത്. നാളേറെയായി ആരും തന്നെ സ്ഥാപനത്തിലേക്ക് വരുവാറില്ലെങ്കിലും പലിശ കൃത്യമായി കിട്ടികൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനാൽ മേലധികാരികൾക്ക് പിറകിൽ വമ്പൻ തട്ടിപ്പു അരങ്ങേറുന്ന വിവരം അറിയാതെപോയി. കാൽകീഴിലെ മണ്ണൊലിച്ചുപോയതു അറിയുന്നത് വളരെ വൈകിയാണ്.

തന്റെ തട്ടിപ്പു പുറത്തു അറിയാതിരിക്കുവാൻ ജെസ്‌ന ഒരു ദിവസം പോലും ലീവ് എടുക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. .അതിനാൽ തന്നെ മറ്റൊരാൾ ഇടപാടുകാരുമായി ആശയവിനിമയം നടത്തേണ്ടി വന്നിട്ടുമില്ല, അതിനുള്ള സാഹചര്യം തട്ടിപ്പുകാരി ഒരുക്കിയിട്ടില്ല . എന്നാൽ ചെറിയ പെരുന്നാൾ ദിവസം ജെസ്നയ്ക്കു അവധി എടുക്കുന്നത് ഒഴിവാക്കുവാനായില്ല. അന്ന് മറ്റൊരു ജോലിക്കാരി ജെസ്‌നയുടെ ജോലി ഏറ്റെടുത്തു.

തട്ടിപ്പു പൊളിഞ്ഞത് ആ ദിവസമാണ്. ഒരു ഇടപാടുകാരൻ ആ ദിവസം എന്തോ ആവശ്യത്തിന് കടയിൽ വന്നു. അപ്പോൾ കടയിൽ ഉണ്ടായിരുന്ന ജോലിക്കാരി അയാളോട് എന്തിനാണ് സ്ഥിരമായി പലിശ കൊടുക്കുന്നത് , പണയം വച്ചിരിക്കുന്ന സ്വർണം മുഴുവൻ തുകയും അടച്ചു എടുത്തുകൊണ്ടു പൊയ്ക്കൂടേ എന്ന് ചോദിച്ചു. അതുകേട്ടു അന്തം വിട്ട അയാൾ താൻ ഒരു വര്ഷം മുൻപുതന്നെ തന്റെ സ്വർണം തിരികെ വാങ്ങിയിരുന്നുവെന്നും , നിലവിൽ അവരുമായി ഒരു ഇടപാടും ഇല്ലെന്നും അറിയിച്ചു. സ്വർണം തിരികെ ലഭിച്ചതിന്റെ രേഖകളും കാണിച്ചു.

അത് അറിഞ്ഞു സംശയം തോന്നിയ മാനേജർ ലോക്കർ തുറന്നു പരിശോധിച്ചപ്പോൾ ഞെട്ടി.. ഭൂരിഭാഗം കവറുകളിലും സ്വർണത്തിനു പകരം മുക്കുപണ്ടങ്ങളും കോയിനുകളും. ഇടപാടുകാർ പണയം വെച്ച 246 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 46 പേരുടെ 4493 ഗ്രാം സ്വർണാഭരണങ്ങളിലാണ് പലപ്പോഴായി തിരിമറി നടത്തി മൊത്തം ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത പണം പലർക്കും ഉയർന്ന പലിശ വ്യവസ്ഥയിൽ നൽകി നേടുന്ന ലാഭത്തിൽ നിന്നാണ് ജീവനക്കാരി കൃത്യമായി പലിശ അടച്ചുകൊണ്ടിരുന്നത്

തട്ടിപ്പു ബോധ്യപ്പെട്ട ഉടൻ തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും , അതറിഞ്ഞു ജെസ്‌ന വിദഗ്ദമായി മുങ്ങിക്കളഞ്ഞു . പരാതിയിൽ കേസെടുത്ത പോലിസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു മോഷണം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എരുമേലി പോലീസ് സി ഐ റ്റി ഡി സുനിൽ കുമാർ പറഞ്ഞു.

സ്ഥാപനത്തിൽ ഉപയോഗിക്കുന്ന പ്രത്യേക സ്റ്റാപ്ലെയർ ഉപയോഗിച്ചാണ് പായ്ക്കറ്റുകൾ പിൻ ചെയ്തിരുന്നത്. പണയം വെക്കുന്ന സാധനങ്ങൾ 15 ദിവസത്തിന് ശേഷം പരിശോധിച്ച് പ്രത്യേക ബാർകോഡ് പതിപ്പിച്ച് അധികൃതർ സീൽ ചെയ്ത പായ്ക്കറ്റിലാക്കി കഴിഞ്ഞാൽ പിന്നീട് പരിശോധനകൾ നടത്താറില്ല. ഇത് തട്ടിപ്പിന് സഹായകമായി മാറിയെന്ന് പോലിസ് പറഞ്ഞു.

കാഞ്ഞിരപ്പളളി തഹസീൽദാർ ജോസ് ജോർജിൻറ്റെ സാന്നിധ്യത്തിലാണ് പോലിസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ചില സ്വർണാഭരണങ്ങൾ പ്രതി വിറ്റിട്ടുണ്ടാകുമെന്ന് പോലിസ് സംശയിക്കുന്നു. തട്ടിപ്പ് നടത്താൻ ജീവനക്കാരിയെ രണ്ട് പേർ സഹായിച്ചതായി സംശയം ഉണ്ട്. ഇവരുടെ സഹായത്തോടെ ചില സ്വർണാഭരണങ്ങൾ പ്രതി വിറ്റെന്നാണ് സംശയം.

എന്തായാലും തട്ടിപ്പിന്റെ ഒരു പുതിയ രീതിയാണ് ലോകത്തിനു ഇതോടെ വെളിപ്പെട്ടിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ ..