കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്‌ കോളേജിൽ സുവർണ്ണ ജൂബിലി സ്‌മാരക മന്ദിരത്തിന്റെയും, ശാസ്ത്ര ഗവേഷണ ലാബിന്‍റെയും ഉദ്‌ഘാടനം ജനുവരി 31 ന്.

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്‌ കോളേജിൽ സുവർണ്ണ ജൂബിലി സ്‌മാരക മന്ദിരത്തിന്റെയും, ശാസ്ത്ര ഗവേഷണ ലാബിന്‍റെയും ഉദ്‌ഘാടനം ജനുവരി 31 ന്.

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലേറെയായി  കാഞ്ഞിരപ്പളളിയിലും, സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകി വരുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജ് വികസനത്തിന്‍റെ ഒരു പുതിയ പടവുകൂടി പിന്നിടുകയാണ്. കോളേജിൽ പുതുതായി നിർമ്മിച്ച സുവർണജൂബിലി സ്മാരക അക്കാദമിക് ബ്ലോക്കിന്‍റെയും, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ നിർമ്മിച്ച ശാസ്ത്രഗവേഷണ ലാബിന്‍റെയും ഉദ്‌ഘാടനം ജനുവരി 31 ന് നിർവ്വഹിക്കപ്പെടുകയാണ്. പാഠ്യ – പഠ്യേതര രംഗങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ എസ്.ഡി. കോളേജിൽ പുതിയ ഗവേഷണ സാധ്യതകൾ തുറക്കുന്ന അത്യാധുനിക ശാസ്ത്ര ഗവേഷണ ലാബും, രാജ്യാന്തര സെമിനാറുകൾക്ക് പോലും ആതിഥ്യം വഹിക്കാൻ കഴിയുന്ന കോൺഫറൻസ് ഹാളും, മൾട്ടി മീഡിയ, ഡിജിറ്റൽ സൗകര്യങ്ങൾ ഉള്ള സ്മാർട്ട് ക്ലാസ് മുറികളും ഉൾക്കൊള്ളുന്ന പുതിയ അക്കാദമിക് ബ്ലോക്ക് മികവിന്‍റെകൂടുതൽ സാധ്യതകളിലേക്ക് കോളേജിനെ നയിക്കുമെന്ന പ്രതീക്ഷയിലാണ് കോളേജ് അധികൃതർ. നിലവിൽ യു.ജി.സി.യുടെ അക്രഡിറ്റേഷനിൽ ‘എ’ റാങ്ക് നേടിയ കോളേജ് കൂടുതൽ മികച്ച അക്കാദമിക് സൗകര്യങ്ങളോടെ സമീപഭാവിയിൽ തന്നെ യു.ജി.സി.യുടെ മികവിന്‍റെ കേന്ദ്രമെന്ന(Centre For Potential of Excellence) പദവിയിലേക്ക് എത്താനുള്ള കഠിന ശ്രമത്തിലാണ്. 

ഈ അക്കാദമിക് വർഷം അഖിലേന്ത്യാ അടിസ്ഥാനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (NIRF) നടത്തിയ സർവ്വേയിൽ രാജ്യത്തെ മികച്ച 150 കോളേജുകളുടെ പട്ടികയിൽ എസ്.ഡി. കോളേജ് സ്ഥാനം പിടിച്ചിരുന്നു.

സുവർണജൂബിലി സ്മാരക അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്‌ഘാടനം ജനുവരി 31 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പിതാവും വെഞ്ചരിപ്പു കർമ്മം നിയുക്ത രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവും നിർവഹിക്കും. ശാസ്ത്ര ഗവേഷണ ലാബിന്‍റെ ഉദ്‌ഘാടനം മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് നിർവഹിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എൻ. കൃഷ്ണകുമാർ, രൂപതാ വികാരി ജനറാൾ മോൺ. ജോർജ് ആലുങ്കൽ, എന്നിവർ പുതിയ കമ്പ്യൂട്ടർ ലാബും, സെമിനാർ ഹാളും വിദ്യാർത്ഥികൾക്ക് സമർപ്പിക്കും. 

പത്ര സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് ഇലഞ്ഞിപ്പുറം, വൈസ് പ്രിൻസിപ്പൽ ഡോ. ജോജോ ജോർജ്, കോളേജ് ബർസാർ ഫാ. ഡോ. മനോജ് പാലക്കുടി, ഗവേണിംഗ് ബോഡി അംഗം സെബാസ്റ്റ്യൻ ചെറുവള്ളി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പ്രൊഫ. റോണി കെ. ബേബി, പി. ആർ. ഓ. പ്രൊഫ ബിനോ. പി. ജോസ് എന്നിവർ പങ്കെടുത്തു.