കാർ തലകീഴായി മറിഞ്ഞു : സീറ്റ് ബെൽറ്റ് തുണയായി, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കാർ തലകീഴായി മറിഞ്ഞു : സീറ്റ് ബെൽറ്റ് തുണയായി, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലി :വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് നിഷ്കര്ഷിക്കുന്നതിന്റെ ഫലമായി സ്ഥിരമായി സീറ്റ് ബെൽറ്റ് ധരിച്ചു കാറോടിച്ചിരുന്ന മുണ്ടക്കയം എസ്ബിഐ ബാങ്ക് ബ്രാഞ്ച് മാനേജരായ ദീപക്കിന് , അതിന്റെ ഗുണം പൂർണമായും ലഭിച്ചത് ഇന്നലെയാണ് . എരുമേലിയ്ക്കടുത്തു വച്ചുണ്ടായ വാഹനാപകടത്തിൽ തല കീഴായി മറിഞ്ഞ കാറിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ ദീപക് രക്ഷപെട്ടു. സീറ്റ് ബെൽറ്റിന് നന്ദി..

ചൊവ്വാഴ്ച രാവിലെ 9. 45 ഓടെ എരുമേലി ചരളയിലെ പഴയ ഗ്യാസ് ഗോഡൗണിന് മുമ്പിൽ വെച്ചായിരുന്നു അപകടം. മുണ്ടക്കയം എസ്ബിഐ ബാങ്ക് ബ്രാഞ്ച് മാനേജരായ പത്തനംതിട്ട മെഴുവേലി സ്വദേശി വിജയഭവനിൽ ദീപക് ആണ് അപകടത്തിൽപെട്ടത്. എരുമേലിക്കടുത്ത് ചരളയിൽ വാടക വീട്ടിൽ താമസിക്കുന്ന ദീപക് കാർ ഡ്രൈവ് ചെയ്ത് മുണ്ടക്കയത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം .

റോഡിന്റെ സൈഡിൽ മണ്ണ് കൂടികിടന്നിടത്ത് കാർ കയറിയപ്പോൾ സ്റ്റിയറിങ് വെട്ടിച്ചതോടെ റോഡിന്റെ എതിർവശത്തേക്ക് പാഞ്ഞു. തലകീഴായി മറിയുകയായിരുന്നു. റബ്ബർ മരത്തിലും തെങ്ങിലും ഇടിച്ചാണ് കാർ നിന്നത്. സീറ്റ്‌ ബെൽറ്റ്‌ ധരിച്ചിരുന്നത് മൂലമാണ് ദീപക്കിന് പരിക്കേൽക്കാതിരുന്നതെന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പറഞ്ഞു.

അയ്യപ്പഭകതർ നടന്നു കാനനപാതയിലേക്ക് പോകുന്ന ഇവിടെ ശബരിമല സീസണുകളിൽ ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റോഡിന് വീതി തീരെ കുറഞ്ഞതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡിനിരുവശങ്ങളിലുമുള്ള തോട്ടങ്ങളുടെ ഉടമകളോട് പൊതുമരാമത്ത് ആവശ്യപ്പെട്ടാൽ നാടിന് ഉപകാരമാകുന്ന വിധം സ്ഥലം വിട്ടുകിട്ടുമെന്നും റോഡിന്റെ വീതി വർധിപ്പിച്ച് അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും നാട്ടുകാർ പറയുന്നു.