കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചുമതലയേറ്റു….

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചുമതലയേറ്റു….


കാഞ്ഞിരപ്പള്ളി :] കഴിഞ്ഞ ആറ് മാസമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള കാഞ്ഞിരപ്പള്ളി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റർമാർ ചുമതലയേറ്റു. യു ഡി എഫ് നേതൃത്വം നൽകിയ മുൻ ഭരണ സമിതിയിലെ അംഗങ്ങളായ അഡ്വ പി ആർ ചന്ദ്രബാബു, പി അശോക് ദാസ് എന്നിവരാണ് പുതുതായി ഇന്നലെ ചുമതലയേറ്റത്.

യു ഡി എഫ് നിയന്ത്രണത്തിലുണ്ടായിരുന്ന പഴയ ഭരണസമിതിയുടെ കാലാവധി പൂർത്തിയായിട്ടും തിരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് മുതൽ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. ലാമിനേറ്റഡ് വോട്ടർ തിരിച്ചറിയൽ കാർഡുകൾക്ക് പകരം പുതിയ കാർഡുകൾ വിതരണം ചെയ്യുന്നതിലെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി ബാങ്ക് അംഗങ്ങളിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് അന്ന് കോടതിയുടെ സ്റ്റേയെ തുടർന്ന് സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാൻ കഴിയാതെ പോയത്. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർമാരായി സി പി എം ന്റെ ഓദ്യോഗിക ഭാരവാഹികളും ബാങ്ക് തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളും ചുമതലയേറ്റത് വിവാദത്തിന് കാരണമായിരുന്നു. ബാങ്ക് ഭരണം പിൻവാതിലിലൂടെ പിടിച്ചെടുക്കാൻ സി പി എം ശ്രമിക്കുന്നുവെന്നും അനധികൃതമായി പുതിയ അംഗങ്ങളെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചു കൊണ്ട് യു ഡി എഫ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റർമാരുടെ നിയമനത്തിനെതിരെ യു ഡി എഫ് ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ മാസം നൽകിയ ഉത്തരവിലൂടെ മുൻ യു ഡി എഫ് ഭരണസമിയിലെ അംഗങ്ങളായിരുന്നവരെ അഡ്മിനിസ്ട്രേറ്റർമാരായി നിയമിക്കൻ കോടതി ഉത്തരവിട്ടു. ഇതിനെതിരെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു. തുടർന്നും തീരുമാനമുണ്ടാകാത്ത സാഹ്ചര്യത്തിൽ ജോയിന്റ് രജിസ്ട്രാർക്കെതിരെ കോടതി അലക്ഷ്യം ആരോപിച്ചുകൊണ്ട് യു ഡി എഫ് കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് പുതിയ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചുകൊണ്ടുള്ള ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.