പൊൻകുന്നം ചേപ്പുംപാറയിൽ പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ ഒരുങ്ങുന്നു..

പൊൻകുന്നം ചേപ്പുംപാറയിൽ പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ ഒരുങ്ങുന്നു..

പൊൻകുന്നം : മൃതദേഹം മറവു ചെയ്യുവാൻ ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത പട്ടണത്തിലും പരിസരങ്ങളിലും താമസിക്കുന്നവർക്ക് അനുഗ്രഹമായി ഒന്നര കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന, കോട്ടയം ജില്ലയിലെ രണ്ടാമത്തെ പ്രകൃതിസൗഹൃദ എൽപിജി പൊതുശ്മശാനം ‘ശാന്തിതീരം’ ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം ചേപ്പുംപാറയിൽ ഒരുങ്ങുന്നു. ദേശീയപാത 183ന്റെ ഓരത്ത് ചേപ്പുംപാറയിൽ 1.3 ഏക്കർ സ്ഥലത്ത് 1.47 കോടി രൂപ മതൽ മുടക്കിലാണ് ശ്മശാന കെട്ടിടം ഉയരുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഡിസം: 28 ന് നാടിന് സമർപ്പിക്കും. ഉദ്‌ഘാടനത്തിനു മുന്നോടിയായി ചിറക്കടവ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ട്രയൽ റൺ നടത്തി. പീഠം, മൃതദേഹം ദഹിപ്പിക്കുന്ന കെട്ടിടം, കുഴൽക്കിണർ, പുകക്കുഴൽ, ദഹിപ്പിക്കുന്ന പെട്ടി, കവാടം, എന്നിവയാണ് ശ്മശാനത്തിൽ ഉണ്ടാവുന്നത് .

സംസ്കാരത്തിന് പുറമെ, മതപരമായ കർമങ്ങൾ ചെയ്യുന്നതിനും ഇതിനായി എത്തുന്നവർക്കു വിശ്രമിക്കുന്നതിനും സൗകര്യം ഉണ്ടാകും. കെട്ടിടത്തിനു ചുറ്റുമുള്ള സ്ഥലം ചെടികൾ വച്ചു പിടിപ്പിച്ചു സൗന്ദര്യവൽക്കരിച്ചിട്ടുണ്ട്. . ലോകബാങ്കിന്റെ 45 ലക്ഷം, ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം, സർക്കാരിന്റെ വികസന ഫണ്ടിൽ നിന്ന് 25 ലക്ഷവും പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് 52 ലക്ഷം രൂപയും മുടക്കിയാണ് നിർമാണം പൂർത്തീകരിക്കുന്നത്.

കോട്ടയം ജില്ലയിലെ രണ്ടാമത്തെ പ്രകൃതിസൗഹൃദ പൊതുശ്മശാനം ആണിത്. ആദ്യത്തേത് മുണ്ടക്കയതാണ് സ്ഥാപിച്ചിരിക്കുന്നത്.