ഒടുവിൽ മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ തീരുമാനിച്ചു , റബ്ബർ ഇനി വേണ്ട, ആട് മതി …

ഒടുവിൽ മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ തീരുമാനിച്ചു , റബ്ബർ ഇനി വേണ്ട, ആട് മതി

മുണ്ടക്കയം: റബര്‍ വിലയിടിവില്‍ നട്ടംതിരിഞ്ഞ യുവ കര്‍ഷകന്‍ റബര്‍ വെട്ടിമാറ്റി ആട് ഫാം തുടങ്ങി. പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ (33) ആണ് തന്റെ ഒരേക്കര്‍ സ്ഥലത്തെ റബര്‍മരങ്ങള്‍ വെട്ടിമാറ്റി ആട് ഫാമിന് തുടക്കമിട്ടത്. മൂന്നേക്കറോളം സ്ഥലമുള്ള സോജന്‍ ഒരേക്കറിലെ റബര്‍മരങ്ങള്‍ വെട്ടിമാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള ആട് ഫാമിനാണ് തുടക്കമിട്ടിരിക്കുന്നത്.

റബറിന്റെ വിലയിടിവിലൂടെ കൃഷി ആദായകരമല്ലാതെ വന്നതോടെയാണ് സോജന്‍ പുതിയ കൃഷിയെ കുറിച്ച് ആലോചിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണവും ആട് കൃഷിയുടെ സാധ്യതകളും കണക്കിലെടുത്താണ് ആടുവളര്‍ത്തലിന് ഒരുങ്ങുന്നത്. 150 ആടുകളെ വളര്‍ത്താന്‍ കഴിയുന്ന വലിയ ഫാം സ്ഥാപിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 50 ആടുകളെ വാങ്ങിക്കഴിഞ്ഞു. ഇവയുടെ തീറ്റക്കായി പുല്‍കൃഷിയും തുടങ്ങി.

ഒരേക്കര്‍ റബര്‍ കൃഷിയില്‍ നിന്ന് പത്ത് കിലോ ഉണങ്ങിയ റബറാണ് പരമാവധി ലഭിച്ചിരുന്നത്. ഇതില്‍ നിന്ന് തൊഴിലാളിക്ക് കൂലിയും നല്‍കിയ ശേഷം ബാലന്‍സൊന്നും ഇല്ലെന്നാണ് സോജന്‍ പറയുന്നത്. എന്നാല്‍, ആട് വളര്‍ത്തല്‍ ആദായകരമാണെന്നാണ് സോജന്റെ അഭിപ്രായം. ആടിനെ വളര്‍ത്തിയാല്‍ ആട്ടിന്‍കുട്ടികളെ കൂടാതെ ഇവയുടെ പാല്‍, ചാണകം, മൂത്രം, മാംസം എന്നിവയെല്ലാം വരുമാന മാര്‍ഗങ്ങളാണ്. ആട്ടിന്‍പാലിന് നാട്ടില്‍ ഏറെ ഡിമാന്റാണ്. ചാണകം വളമായി ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ മൂത്രം ഔഷധ നിര്‍മാണ മേഖലയില്‍ അവശ്യവസ്തുവാണത്രേ.

തന്റെ ഫാം കൂടാതെ ആട്ടിന്‍കുട്ടികളെ കൂട് സഹിതം സമീപപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വളര്‍ത്തി വലുതായി കഴിയുമ്പോള്‍ തിരിച്ചെടുക്കുന്ന പദ്ധതിയും സോജന്‍ ആലോചിക്കുന്നു. കൃഷിക്കു പുറമേ മികച്ച കീബോര്‍ഡ് ആര്‍ട്ടിസ്റ്റുമാണ് സോജന്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ അമല കമ്യൂണിക്കേഷന്റെ ഓര്‍ക്കസ്ട്ര മാനേജരാണ് സോജന്‍.