ലജ്ജിക്കുക നാടേ, ലജ്ജിച്ചു തല താഴ്ത്തുക ..നമിക്കുക ആ ഹൃദയശുദ്ധിയുള്ള യുവവൈദികനെ..

ലജ്ജിക്കുക നാടേ, ലജ്ജിച്ചു തല താഴ്ത്തുക ..നമിക്കുക ആ ഹൃദയശുദ്ധിയുള്ള യുവവൈദികനെ..

ലജ്ജിക്കുക നാടേ ലജ്ജിച്ചു തല താഴ്ത്തുക ..നമിക്കുക ആ ഹൃദയശുദ്ധിയുള്ള യുവവൈദികനെ..

കാഞ്ഞിരപ്പള്ളി: ഇതു എന്തൊരു നാട്.. ഇങ്ങനെയും മനുഷ്യരുണ്ടോ ..? നമുക്കെന്തു പറ്റി..? മനസാക്ഷി മരവിച്ചുപോയോ ..? കരുണയും പരസ്നേഹവും വറ്റിപ്പോയോ ? മനസ്സ് കല്ലാണോ…? കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ ബൈക്കും ബസ്സും കൂട്ടയിടിച്ചു ബൈക്ക് യാത്രികൻ മരിച്ച സ്ഥലത്തു അരങ്ങേറിയ സംഭവങ്ങൾ അറിഞ്ഞവർ മൂക്കത്തു വിരൽ വച്ചുകൊണ്ടു ചോദിക്കുന്ന ചോദ്യങ്ങളാണിത്…

അറിഞ്ഞവരെയെല്ലാം ഞെട്ടിച്ച, കാഞ്ഞിരപ്പള്ളിയെ നാണക്കേടിന്റെ പടുകുഴിയിലാക്കിയ ആ സംഭവങ്ങൾ ഇങ്ങനെ :-

രാവിലെ എട്ടുമണിയോടെ റോഡരികിൽ കൂട്ടിയിട്ടിരുന്ന മെറ്റലിൽ കയറി, പാളി, നിയന്ത്രണം തെറ്റിവന്ന ബൈക്ക് വേഗത്തിൽ വന്ന ബസ്സിൽ ഇടിച്ചു തകർന്നു. ബൈക്ക് യാത്രികൻ ഗുരുതര പരിക്കുകളോടെ ബൈക്കിൽ നിന്നും ബസ്സിന്റെ മുൻപിൽ വീണു പിടഞ്ഞുകൊണ്ടു കിടക്കുന്നു ..തലയിൽ വച്ചിരുന്ന ഹെൽമെറ്റ് തെറിച്ചു പോയി.. ഇടിയുടെ ശക്തിയിൽ അയാളുടെ തലപൊട്ടി, വായിൽ നിന്നും രക്തം കുടുകുടെ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു …

അപകടത്തിൽ  ജീവൻ നഷ്ട്ടപെട്ട റെജി വര്‍ഗ്ഗീസ്

ഇടിച്ച ബസ്സിലെ ജീവനക്കാരും, യാത്രക്കാരും, അതുവഴി വന്ന മറ്റു യാത്രക്കാരും, നാട്ടുകാരും ആ പാവം മനുഷ്യന്റെ ചുറ്റും കൂടി നിൽക്കുന്നു.. ആരും അയാളെ സഹായിക്കുവാൻ ശ്രമിച്ചില്ല , ചിലർ മൊബൈൽ ഫോണിൽ ആ ” അപൂർവ രംഗം” ചിത്രീകരിക്കുന്നു.. വിലപ്പെട്ട പത്തു മിനിറ്റുകൾ അങ്ങനെ കടന്നു പോയി.. ആ പത്തുമിനിറ്റുകൾക്ക് ആ മനുഷ്യന്റെ ജീവന്റെ വിലയുണ്ടായിരുന്നു….

ആ സമയത്തു അതുവഴി കടന്നുപോയ ഒരു യുവവൈദികൻ തന്റെ വാഹനം നിർത്തി അപകടത്തിൽ പെട്ടയാളുടെ അടുത്തെത്തി.. തല പൊട്ടിയിട്ടുണ്ട്, വായിൽ നിന്നും രക്തം ഒഴുകുന്നുണ്ട് ..അതല്ലാതെ മറ്റു പരിക്കുകൾ ഒന്നും തന്നെ കാണുന്നില്ല. സഹായിച്ചാൽ ഒരു പക്ഷെ ആ വിലപ്പെട്ട ജീവൻ രക്ഷപെട്ടേക്കാം. ..

വൈദികൻ പിന്നെ ഒന്നും ആലോചിച്ചില്ല .. അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുവാൻ തീരുമാനിച്ചു.. താൻ വന്ന വാഹനത്തിൽ അയാളെ കൊണ്ടുപോകുവാൻ വൈദികൻ തീരുമാനിച്ചു.. അതനുസരിച്ചു അപകടത്തിൽ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാൻ ആരെക്കിലും സഹായിക്കുവാൻ അവിടെ കൂടി നിന്നവരോട് വൈദികൻ അഭ്യര്ത്ഥിച്ച . ബൈക്കിനടിയിൽ പെട്ടുപോയ അയാളെ ഒറ്റയ്ക്ക് എടുത്തു വാഹനത്തിൽ കയറ്റുവാൻ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. പക്ഷെ ആ കൂടിനിന്നവർ യാതൊന്നു പ്രതികരിക്കാതെ മുഖം തിരിച്ചു മാറി നിൽക്കുവാനാണ് ശ്രമിച്ചത്. മനസ്സാക്ഷി കല്ലാക്കിയ ഒരുകൂട്ടം മനുഷ്യർ .. വൈദികൻ അവിടെ നിന്നവരിൽ പലരോടും കൈകൂപ്പി ആ ജീവൻ രക്ഷിക്കുവാൻ ഒരുകൈ സഹായത്തിനു വേണ്ടി കേണപേക്ഷിച്ചു ..

ആ അപേക്ഷ കണ്ടു മനസ്സലിഞ്ഞ അവിടെ കൂടി നിന്നവരിൽ രണ്ടുമൂന്നു പേർ ആ വൈദികന്റെ അടുത്തെത്തി അപകടത്തിൽ പെട്ടയാളെ താങ്ങിപിടിച്ചു വൈദികന്റെ വാഹനത്തിന്റെ പിൻസീറ്റിൽ കിടത്തി കൊടുത്തു.. അതോടെ അവരും തങ്ങളുടെ കടമ നിർവഹിച്ചു പിന്മാറി.

വൈദികൻ അവിടെ കൂടി നിന്നവരോട്, വണ്ടിയിൽ കിടത്തിയ ഗുരുതരമായി പരിക്കേറ്റയാളെ താങ്ങിപിടിക്കുവാൻ തന്റെയൊപ്പം വാഹനത്തിൽ കൂടെയിരിക്കുവാൻ ആരെക്കിലും ആശുപത്രിയിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ അതുകേട്ടിട്ടും ആരും അനങ്ങിയില്ല. അമ്പരന്നുപോയ വൈദികൻ വീണ്ടും വീണ്ടും ആപ്കേക്ഷിച്ചപ്പോൾ ഫയർ ഫോഴ്സിലെ ജീവനക്കാരനായ ഷാജി എന്നയാൾ സഹായിക്കുവാൻ മുൻപോട്ടു വന്നു. അങ്ങനെ വൈദികനും ഷാജിയും ചേർന്ന് ആ പാവത്തിനെ വാഹനത്തിൽ താങ്ങിയിരുത്തി ആശുപത്രിയിൽ എത്തിച്ചു.. എങ്കിലും ആ വിലപ്പെട്ട ജീവൻ അവർക്കു രക്ഷിക്കുവാനായില്ല ..

നാടിനു മാത്രമല്ല, ലോകത്തിലെ മനുഷ്യർക്ക് മുഴുവനും മാതൃകയായ ആ വൈദികന്റെ പേര് ഫാ . മനു കെ. മാത്യു കിളികൊത്തിപ്പാറ. ആനക്കല്ല് സൈന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണദ്ദേഹം . കാളകെട്ടി അസ്സീസ്സി അന്ധവിദ്യാലയത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ അർപ്പിച്ച ശേഷം സ്‌കൂളിക്കുലേക്ക്‌ തിരിച്ചു വരുന്ന സമയത്താണ് അപകടം വഴിയിൽ കണ്ടത്.

സമയത്തു സഹായം കിട്ടാതെ അവിടെ പിടഞ്ഞു തീർന്ന ആ മനുഷ്യന്റെ പേര് റെജി വര്‍ഗ്ഗീസ്. ഷാർജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടിൽ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ വീടുവച്ചു കുടുംബസമേതം താമസിക്കുന്ന, അദ്ദേഹം മൂന്നു കൊച്ചു പെൺകുട്ടികളുടെ പിതാവാണ്. ഇളയ കുട്ടിക്ക് രണ്ടു വയസ്സ് .. പിറവത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടത്തിൽ പെട്ടത്..

ഒരുപക്ഷെ അവിടെ കൂടി നിന്നവരിൽ ആരെങ്കിലും സഹായിച്ചിരുന്നങ്കിൽ ആ വിലപ്പെട്ട ജീവൻ രക്ഷപെട്ടേനെ.. ആ മൂന്നു കുഞ്ഞു പെൺകുട്ടികൾക്ക് സ്നേഹനിധിയായ പിതാവിനെ തിരികെ കിട്ടുമായിരുന്നു….രണ്ടു വയസ്സുമാത്രം പ്രായമുള്ള ആഞ്ജലീന എന്ന് പേരുള്ള ഇളയ കുഞ്ഞിന് അച്ഛന്റെ സ്നേഹം മതിവരുവോളം ലഭിച്ചേനെ .. വിധിയെന്ന് കരുതുന്നതിനു പകരം, കുറെ മൃഗമനസ്സുകളുള്ള മനുഷ്യരുടെ കണ്ണിൽച്ചോരയില്ലാതെ പ്രവർത്തിമൂലമാണ് ആ ജീവൻ നഷ്ടപെട്ടത് എന്ന് കരുതുന്നതാണ് ശരി . മറ്റുള്ളവരെ ആപത്തിൽ സഹായിക്കാതിരിക്കുന്നതു കുറ്റകരമാണ് എന്നകാര്യം നാം എന്നാണ് മനസ്സിലാക്കുന്നത് … ജീവൻ നിലനിർത്തുവാൻ പരസഹായം വേണ്ടിവരുന്ന സന്ദർഭങ്ങൾ ആർക്കും സംഭവിക്കാം എന്നകാര്യം നാം മനസ്സിലാക്കാത്തതെന്ത് ? ” ഇന്ന് ഞാൻ, നാളെ നീ ” എന്ന വാക്യത്തിന്റെ അർഥം നാം എന്താണ് മനസ്സിലാക്കാത്തത് ? മനുഷ്യൻ എന്ന ജീവി എന്നും ഒരു പ്രഹേളിക തന്നെ .. ആർക്കും മനസ്സിലാകാത്ത ഒരു പ്രഹേളിക .. അവരിൽ മിന്നലാട്ടം പോലെ ചില നല്ല മനുഷ്യർ ഉണ്ടാവാറുണ്ട് .. ഫാദർ മനുവിനെപ്പോലെ ..

ഫാ . മനു കെ. മാത്യു കിളികൊത്തിപ്പാറ