തെരുവ് നായ ശല്യത്തെപ്പറ്റി പഞ്ചായത്തിൽ പരാതി കൊടുത്തയാളെ തെരുവുനായ ആക്രമിച്ചു .. നഷ്‌ടപരിഹാരം തേടി പഞ്ചായത്തിനെതിരെ ഹർജി

തെരുവ് നായ ശല്യത്തെപ്പറ്റി  പഞ്ചായത്തിൽ  പരാതി കൊടുത്തയാളെ തെരുവുനായ ആക്രമിച്ചു ..  നഷ്‌ടപരിഹാരം തേടി പഞ്ചായത്തിനെതിരെ ഹർജി

തെരുവ് നായ ശല്യത്തെപ്പറ്റി പഞ്ചായത്തിൽ പരാതി കൊടുത്തയാളെ തെരുവുനായ ആക്രമിച്ചു .. നഷ്‌ടപരിഹാരം തേടി പഞ്ചായത്തിനെതിരെ ഹർജി

എരുമേലി : തെരുവ് നായ ശല്യത്തെപ്പറ്റി രണ്ട് മാസം മുമ്പ് പഞ്ചായത്തിൽ പരാതിപ്പെട്ട കുടുംബത്തിലെ അംഗമായ ഭിന്നശേഷിക്കാരനെ തെരുവ് നായ ആക്രമിച്ചു . എരുമേലി കനകപ്പലം രാജീവ്‌ ഭവൻ കോളനിയിൽ ചെമ്മനാച്ചാലിൽ അനീഷ് (26) നെ യാണ് കഴിഞ്ഞ രണ്ടിന് രാവിലെ വീടിനടുത്ത് റോഡിൽ വെച്ച് തെരുവ് നായ ആക്രമിച്ചത്.

ഭിന്നശേഷിക്കാരനായ യുവാവിനെ കഴിഞ്ഞ രണ്ടിന് രാവിലെ വീടിനടുത്ത് റോഡിൽ വച്ചാണ് തെരുവ് നായ ആക്രമിച്ചത്. ദേഹത്ത് ചാടിക്കയറിയ നായ അനീഷിന്റെ മുഖത്തും ചുണ്ടിലും മാന്തുകയും നെറ്റിയിൽ കടിക്കുകയും ചെയ്‌തെന്ന് പറയുന്നു.. ആശുപത്രിയിൽ ചികിത്സക്ക് പണമില്ലാതെ വിഷമിച്ച വീട്ടുകാർ കടം വാങ്ങിയാണ് പേവിഷബാധ തടയാനുള്ള ഇൻജെക്ഷൻ ഉൾപ്പെടെ ചികിത്സ യുവാവിനായി നടത്തിയത്. സംഭവത്തിൽ ഗ്രാമപഞ്ചായത്തധികൃതരിൽ നിന്നും നഷ്‌ടപരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ കോടതിയിൽ ഹർജി നൽകി.

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കടിയേറ്റ അനീഷിനെ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേവിഷ ബാധ പ്രതിരോധ കുത്തിവെയ്പ്പിനും മരുന്നിനും ചികിത്സക്കുമായി 15000 രൂപയോളം ചെലവായെന്ന് ബന്ധുക്കൾ പറഞ്ഞു. നിർധന കുടുംബാംഗമാണ് അനീഷ്. മാതാപിതാക്കൾ മരിച്ചുപോയ അനീഷിനെ ജേഷ്‌ഠനും കുടുംബവുമാണ് സംരക്ഷിക്കുന്നത്.

രണ്ട് മാസം മുമ്പ് അനീഷിന്റെ വീട്ടുകാർ തെരുവ് നായ ശല്യം സംബന്ധിച്ച് എരുമേലി പഞ്ചായത്തധികൃതരെ പരാതി അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പ്രദേശത്ത് നായശല്യം രൂക്ഷമാണ്. രണ്ട് കുട്ടികളുടെ നേർക്ക് കഴിഞ്ഞയിടെ തെരുവ് നായകളുടെ ഉപദ്രവം ഉണ്ടായി. ഓടിവീണ് ഒരു കുട്ടിക്ക് കാൽമുട്ടുകൾക്ക് പരിക്കുകളേറ്റിരുന്നു.

തെരുവ് നായകളെ പിടികൂടാൻ പഞ്ചായത്ത്‌ നടപടികൾ സ്വീകരിക്കാഞ്ഞത് മൂലമാണ് അനീഷിന് കടിയേറ്റതെന്നും ഇത് മൂലം നഷ്‌ടപരിഹാരം പഞ്ചായത്തിൽ നിന്നും ഈടാക്കണമെന്നും ആരോപിച്ചാണ് അനീഷിന്റെ ബന്ധുക്കൾ അഭിഭാഷകൻ മുഖേന കാഞ്ഞിരപ്പള്ളി കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

തെരുവ് നായകളുടെ ശല്യം ഒഴിവാക്കാൻ യഥാസമയം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത്‌ അധികൃതർ പറയുന്നു. വളർത്ത് നായകൾക്ക് ലൈസൻസ്, പേവിഷ നിർമാർജന പരിപാടികൾ, നായകളിൽ പേവിഷപ്രതിരോധ കുത്തിവെയ്പ്, വന്ധ്യംകരണം തുടങ്ങിയവ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയിരുന്നെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ പറയുന്നു. അതേസമയം തെരുവ് നായകളെ പിടികൂടാൻ പഞ്ചായത്തിൽ പദ്ധതിയില്ല. പാലായിൽ നായകളെ സംരക്ഷിക്കുന്ന എബിസി പദ്ധതി മാത്രമാണ് ജില്ലയിലുള്ളത്.