കാഞ്ഞിരപ്പള്ളിയിൽ വീണ്ടും നന്മമരം പൂത്തു … വഴിയിൽ കിടന്നു കളഞ്ഞു കിട്ടിയ 85,000 രൂപ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ ഏല്പിച്ച രണ്ടു വിദ്യാർഥികൾ നാടിനു മാതൃകയായി.

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും നന്മമരം പൂത്തു … വഴിയിൽ കിടന്നു കളഞ്ഞു കിട്ടിയ  85,000 രൂപ  ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ ഏല്പിച്ച  രണ്ടു വിദ്യാർഥികൾ നാടിനു മാതൃകയായി.

കാഞ്ഞിരപ്പള്ളി: അന്യന്റെ പണം അപഹരിക്കുന്നവരുടെ കാലഘട്ടത്തില്‍ വഴിയില്‍ കിടന്ന കിട്ടിയ 85,000 രൂപ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ ഏല്പിച്ച വാഴേപറമ്പില്‍ താമസക്കാരായ വയലുങ്കല്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (14) വാഴേപറമ്പില്‍ വി.എസ് അയൂബിന്റെ മകന്‍ അന്‍ഷാദ് (16) എന്നിവർ നാടിനു അഭിമാനമായി.

കൂട്ടുകാരായ യാസീനും അന്‍ഷാദും ചൊവ്വാഴ്ച ഉച്ചക്ക് കെ.എം.എ ഹാളിനു സമീപത്തു കൂടി നടന്നു പോവുമ്പോഴാണ് റോഡില്‍ ഒരു പൊതി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത് . തുറന്നു നോക്കിയപ്പോൾ രണ്ട് നോട്ടുകെട്ടുകള്‍…. 85,000 രൂപ യുണ്ടായിരുന്നു ആ പൊതിക്കുള്ളിൽ.

എന്നാൽ നല്ലത് മാത്രം ചെയ്യുവാൻ പഠിച്ചിരുന്ന ആ കുട്ടികൾ ആ പണം കണ്ടു കണ്ണുകൾ മഞ്ഞളിച്ചില്ല .. സത്യസന്ധതക്കും മനസാക്ഷിക്കും പണതിനെക്കാൾ കൂടുതൽ വില കല്പ്പിച്ചിരുന്ന ഇരുവരും, ആ പണം ഏതു വിധേനയും ഉടമയെ കണ്ടെത്തി പണം തിരികെ നല്‍കണമെന്ന് നിശ്ചയിച്ച് പണം നൈനാര്‍പള്ളിയിലെ മുഅദ്ദിന്‍ അബ്ദുല്‍ സമദ് മൗലവിയെ കണ്ട് വിവരങ്ങള്‍ പറഞ്ഞ് പണം കൈമാറി.

ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് പണത്തിന്റെ ഉടമയെ കണ്ടെത്തിയത്. പേട്ട സ്‌കൂളിനു സമീപം രാമനാട്ടുപുരയിടത്തില്‍ ഫിറോസിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടറായ ഫിറോസ് തൊഴിലാളികള്‍ക്ക് കൊടുക്കുന്നതിനായി രണ്ടു കെട്ടുകളായി കൊണ്ടുപോയ 85000 രൂപയാണ് കൈമോശം വന്നത്. ഉടമയെ കണ്ടെത്തിയതോടെ പണം കൈമാറുകയും ചെയ്തു.

സിറാജുല്‍ ഉലൂം മദ്രസാ വിദ്യാര്‍ത്ഥികളായ യാസീന്‍, അന്‍ഷാദ് എന്നിവരുടെ സത്യസന്ധതയെ നൂര്‍മസ്ജിദ് ഭാരവാഹികള്‍ അഭിനന്ദിച്ചു. പ്രസിഡന്റ് ആസിഫ് കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഫൈസല്‍ എം കാസിം , ഇമാം സക്കീര്‍ ഹുസൈന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.