സുമീറിന്റെ കുടുംബത്തിന് പുതുജീവൻ നൽകുവാൻ സമാഹരിച്ച തുകയും വസ്തുവും കൈമാറി

സുമീറിന്റെ കുടുംബത്തിന് പുതുജീവൻ നൽകുവാൻ  സമാഹരിച്ച തുകയും വസ്തുവും കൈമാറി

അപകടത്തിൽ മരിച്ച സുമീറിന്റെ കുടുംബത്തിന് ആശ്വാസം നൽകുവാൻ ജനകീയ സമിതി സമാഹരിച്ച പതിനൊന്നരലക്ഷം രൂപയും ജോഷി മംഗലം സൗജന്യമായി നൽകിയ ആറു സെന്റ് സ്ഥലവും സുമീറിന്റെ കുടുംബാംഗങ്ങൾക്കായി കൈമാറി.

മുണ്ടക്കയം : സുമീർ ഓർമ്മയായിട്ടു ഒന്നര മാസം ആയെങ്കിലും, സ്വന്തമായി സ്ഥലവും ഒരു വീടും എന്ന സുമീറിന്റെ സ്വപ്നത്തിനു സാഫല്യം ഏകുവാൻ നാടൊന്നിച്ചപ്പോൾ സാധിച്ചു. മുണ്ടക്കയത്തെ റബർ വ്യാപാരിയായ ജോഷി മംഗലം ഒരു വീടിനുള്ള ആറു സെന്റ് സ്ഥലം സൗജന്യമായി കൊടുത്തപ്പോൾ, ജനകീയ സമിതി സമാഹരിച്ച പതിനൊന്നരലക്ഷം രൂപയും കുടുംബാംഗങ്ങൾക്കായി കൈമാറി. സ്ഥലത്തിന്റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ സുമീറിന്റെ രണ്ടരവയസ്സുകാരിയായ മകൾ ആഷിക്ക ഫാത്തിമയ്ക്കു ജോഷി മംഗലം കൈമാറി. കൂടാതെ ഇവരുടെ പേരിൽ ഉണ്ടായിരുന്ന ബാങ്ക് കടങ്ങൾ വീട്ടുവാനും ജനകീയ സമിതി തീരുമാനിച്ചു.

ജോലിസ്ഥലത്തേക്കു വരുംവഴി ഒന്നരമാസം മുൻപാണു ചെളിക്കുഴി പുത്തൻപുരയ്ക്കൽ സുമീർ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ചത്. വാടകവീട്ടിൽ താമസിക്കുന്ന അനാഥരായ മാതാവിനും ഭാര്യയ്ക്കും രണ്ടരവയസ്സുകാരി മകൾക്കും വേണ്ടി നാട്ടുകാർ ജനകീയ സമിതി രൂപീകരിക്കുകയും ധനസമാഹരണം നടത്തുകയുമായിരുന്നു.പതിനൊന്നരലക്ഷം രൂപയാണ് ഇവർക്കായി സമിതി സമാഹരിച്ചത്. ഇതിനിടെ സമിതിയുടെ ട്രഷറർകൂടിയായി റബർ വ്യാപാരി ജോഷി മംഗലം ചോറ്റി നിർമലാരം ജംക്‌ഷനു സമീപം ആറു സെന്റ് സ്ഥലം ഇവർക്കായി ദാനമായി നൽകുകയും ചെയ്തു.

ചെയർമാൻ പി.കെ.നാസറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്, ജോഷി മംഗലം, അബു ഉബൈദത്ത്, നൗഷാദ് വെംബ്ലി, സി.കെ.കുഞ്ഞുബാവ, സി.വി.അനിൽകുമാർ, ആർ.സി.നായർ, അബ്ദുൽ റൗഫ് മൗലവി, ചാർലി കോശി, റെജി ചാക്കോ, ടി.എസ്.റഷീദ്, റജി നാഗംവേലിൽ, എസ്.ബാബു, ഫസൽ ഉൽഹക്ക്, റജീന റഫീഖ്, സൂസമ്മ മാത്യു, ഷീബ ദിഫയിൻ, ഷെമീർ കുരീപ്പാറ, പി.കെ.നാസർ, ടി.എൻ.അൻസാർ, പി.എസ്.ഹുസൈൻ, വി.മനോജ്, പി.എ.നാസർ, ടി.എം.പരീദ്ഖാൻ, കമറുദീൻ അൻസർ ഗദ്ദാഫി, ഷാഹുൽ പാറയ്ക്കൽ, അബീസ് എന്നിവർ പ്രസംഗിച്ചു.