വൃക്കരോഗികൾ‍ക്ക് സന്ത്വനമായി സ്വരുമ പാലിയേറ്റീവ് കെയർ..

വൃക്കരോഗികൾ‍ക്ക് സന്ത്വനമായി സ്വരുമ പാലിയേറ്റീവ് കെയർ..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ഒന്നര വർ‍ഷതതിലധികമായി എല്ലാ മാസവും കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നായി അമ്പതോളം വൃക്കരോഗികക്ക് സ്വരുമ പാലിയേറ്റീവ് കെയർ പ്രവർത്തകർ മരുന്നുകൾ‍ നല്‍കിവരുന്നത് അവർക്കു വളരെ സന്ത്വനമാവുകയാണ്

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച വൃക്കരോഗികൾക്ക് മരുന്ന് കൊടുക്കുന്ന ജീവധാര പക്തിയുടെ ഭാഗമായുള്ള നെഫ്രോളജി ഒ.പി.യിൽ‍ പങ്കെടുക്കുകയും രോഗികളോട് സംവദിക്കുകയും ചെയ്തുകൊണ്ട് അവർ‍ക്ക് സാന്ത്വനമേകുവാൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ‍ മാത്യു അറയ്ക്കൽ‍ എത്തിയത് ഒരു വേറിട്ട അനുഭവമായി.

ഈ മാസത്തെ മരുന്ന് വിതരണത്തോടനുബന്ധിച്ചു നടത്തിയ ഒ.പി.യിൽ‍ വൃക്കരോഗങ്ങളെക്കുറിച്ചും രോഗികളുടെ ജീവിതശൈലിയെപ്പറ്റിയുമെല്ലാം സ്വരുമയുടെ വിസിറ്റിംഗ് നെഫ്രോളജിസ്റ്റും പാല മാർ‍സ്ലീവ മെഡിസിറ്റിയിലെ ചീഫ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ‍ ക്ലാസ്സ് നയിച്ചു. വൃക്കരോഗികളുടെ എണ്ണത്തിൽ‍ ദിനംപ്രതി വർ‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കയാണെന്നും നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ഇതിന് മുഖ്യകാരണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

കേരളത്തിൽ‍ പെട്രോൾ‍ പമ്പുപോലെ ഡയാലിസ് സെന്‍ററുകൾ വരുന്നു എന്ന് ഫാ. ഡേവിഡ് ചിറമേലിന്‍റെ വാക്കുകൾ‍ ഉദ്ധരിച്ചുകൊണ്ടാണ് ഡോക്ടർ‍ ക്ലാസ്സ് തുടങ്ങിയത്. വൃക്കരോഗികളോടുള്ള സമുഹത്തിന്‍റെ തെറ്റായ കാഴ്ചപ്പാടുകൾ‍ മാറ്റണമെന്നും എന്തെങ്കിലുമൊക്കെ അസുഖങ്ങൾ‍ക്ക് അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് വൃക്കരോഗം വരുന്നത് എന്നുമുള്ള തെറ്റായ പ്രയോഗത്തിൽ‍ വീണുപോകരുതെന്നും ഡോക്ടർ‍ ഓർ‍മ്മിപ്പിച്ചു. വൃക്ക മാറ്റിവയ്ക്കൽ‍ ശസ്ത്രക്രിയ ഇപ്പോള്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ‍ ഉപയോഗിച്ച് നടത്തുന്നതിനാൽ വിജയസാധ്യത കൂടുതലാണെന്നും വൃക്ക ദാതാവ് 3 ദിവസം കൊണ്ടുതന്നെ സാധാരണനിലയിലെത്തുമെന്നും ഡോക്ടർ പറഞ്ഞു. ആർ‍ട്ടിഫിഷൽ‍ ബയോ കിഡ്നി ഇപ്പോൾ‍ അവതരിപ്പിക്കപ്പെട്ടുണ്ടെന്നും എന്നാൽ‍ ഇന്ത്യയിൽ ഇത് എത്താൻ‍ 15 വർ‍ഷമെങ്കിലും എടുക്കുമെന്നും ഡോക്ടർ‍ അഭിപ്രായപ്പെട്ടു.

ക്ലാസ്സ് കൂടാതെ രോഗികൾ‍ക്കും ബന്ധുക്കൾ‍ക്കും രോഗത്തെക്കുറിച്ച് ഉണ്ടായിരുന്ന സംശയങ്ങൾക്ക് ഡോക്ടർ‍ മറുപടി പറഞ്ഞു. ശ്വാസം മുട്ടിപ്പിക്കുന്ന ആശുപത്രിയുടെ അന്തരീക്ഷത്തിൽ‍നിന്നും മാറി ഒരു സുഹൃത്തിനെപ്പോലെ ഡോക്ടർ‍ അവരോട് സംവദിച്ചു. 6 മാസമായി സാമ്പത്തിക ബുദ്ധിമുട്ട്മൂലം ഡോക്ടറെ കാണാൻ‍ സാധിക്കാതിരുന്നവർ‍ക്ക്പോലും അതിന് അവസരം ലഭിച്ചു.
സംഗമത്തിൽ‍ പങ്കെടുത്ത അഭിവന്ദ്യ മാർ‍ മാത്യു അറയ്ക്കലിന്‍റെ വാക്കുകൾ‍ ഏവർ‍ക്കും പ്രത്യാശയേകി. ദീർഘകാലമായി ഡയാലിസിസ് നടത്തിവന്ന രോഗികളുടെ സാമ്പത്തിക നഷ്ടവും അഭിമാനഭാരവും മനസ്സിലാക്കുന്നുവെന്നും ഇവർ‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായും വേണ്ടിവന്നാൽ‍ ലോകാരോഗ്യസംഘടന യിലും ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്രാവശ്യത്തെ ഒ.പി. രോഗികൾ‍ക്കും ബന്ധുക്കൾ‍ക്കും വേറിട്ട ഒരു അനുഭവമായിരുന്നു. പരസ്പരം സംസാരിക്കുന്നത് ആശങ്കകൾ‍ അകറ്റാനും രോഗദുരിതം മറന്ന് കുറച്ച് സമയം ആശ്വസിക്കാനും അവർ‍ക്ക് കഴിഞ്ഞു.