വൃക്ക രോഗികൾക്ക് സഹായമൊരുക്കാൻ ജീവധാര പദ്ധതിക്ക് തുടക്കം

വൃക്ക രോഗികൾക്ക് സഹായമൊരുക്കാൻ ജീവധാര പദ്ധതിക്ക് തുടക്കം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും നിർ‍ധനരായ കിഡ്‌നി രോഗികൾക്ക് സഹായമെത്തിക്കുന്ന ജീവധാര പദ്ധതിക്ക് തുടക്കമായി. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പദ്ധതി ഓര്‍ഫനേജ് കണ്‍ട്രോൾ ബോര്‍ഡ് ചെയർമാന്‍ ഫാ. റോയി വടക്കേല്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ പാർശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന നിർധനരും ഭിന്നശേഷിക്കാർക്കുമായി വിവിധ തരം പദ്ധതികൾ നിലവിലുണ്ടെങ്കിലും ഏകോപനമില്ലായ്മയും സാമ്പത്തിക പരാധീനതയും മൂലം അർഹരായ പലർക്കും ഈ സഹായങ്ങൾ ഇപ്പോഴും ലഭിക്കുന്നില്ലായെന്ന് അദ്ദേഹം പറഞ്ഞു. സ്വരുമ പ്രസിഡന്റ് ആന്റണി ഐസക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം ഫെഡറൽ ‍ ബാങ്ക് സ്വരുമയ്ക്ക് നല്‍കിയ വാഹനത്തിന്റെ താക്കോൽദാന ചടങ്ങും ഇതോടൊപ്പം നടത്തി. സാമൂഹിക പ്രതിബദ്ധതയുള്ള പൗരജനതയാണ് സ്വരുമയുടെ ശക്തിയെന്നും കൂടുതൽ ‍ പ്രവര്‍ത്തന മേഖലകൾ സ്വരുമ കണ്ടെത്തണമെന്നും ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കോട്ടയം സോണ്‍ ഹെഡ്ഡുമായ പി. വി. ജോയി അഭിപ്രായപ്പെട്ടു. അഡീഷണൽ സോണൽ മാനേജർ മനു ഇമ്മാനുവേൽ , ബ്രാഞ്ച് മാനേജര്‍ ജോസ് ജോസഫ്, ഡോ. മഞ്ജുള, വിന്‍സെന്റ്, റിയാസ് എന്നിവര്‍ പ്രസംഗിച്ചു..